ബി.ജെ.പിയെ ഭരിക്കുന്നത് രണ്ട് നേതാക്കള്‍: യശ്വന്ത് സിന്‍ഹ
പൂനെ: ബി.ജെ.പിക്കെതിരേ വീണ്ടും ശക്തമായ വിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ. രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ പരാജയമേറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിലാണ് ബി.ജെ.പിക്കെതിരേ അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
ബി.ജെ.പി മരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ട് നേതാക്കളാണ് ഇപ്പോള്‍ പാര്‍ട്ടിയെ ഭരിക്കുന്നത്. ഇവരുടെ ഭീഷണിയില്‍ മറ്റ് നേതാക്കളെല്ലാം ഭയപ്പാടിലാണെന്നും യശ്വന്ത് സിന്‍ഹ ആരോപിച്ചു.
പാര്‍ട്ടിയുടെ നേതൃത്വം ഉടന്‍ മാറിയിട്ടില്ലെങ്കില്‍ ഇപ്പോള്‍ നിയമസഭയിലുണ്ടായ പരാജയത്തേക്കാള്‍ വലിയതായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവരെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൂനെ പത്രപ്രവര്‍ത്തക യൂനിയന്റെ നേതൃത്വത്തില്‍ ജെ.എസ് ക്രാന്തികാര്‍ മെമ്മോറിയല്‍ പ്രഭാഷണത്തിനിടയിലാണ് അദ്ദേഹം ബി.ജെ.പിക്കെതിരേ തുറന്നടിച്ചത്.
നേതൃത്വം മാറിയിട്ടില്ലെങ്കില്‍ എല്ലാവരും ഭയത്തോടെ തന്നെയായിരിക്കും ജീവിക്കേണ്ടിവരിക. പാര്‍ട്ടിയുടെ പല നേതാക്കളും പറയുന്നത് കോണ്‍ഗ്രസ് മരിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ മരിക്കുന്നത് ബി.ജെ.പിയെന്നതാണ് വാസ്തവം. പാര്‍ട്ടിയെ നയിക്കുന്നത് രണ്ടുപേരാണെന്ന് മോദിയെയും അമിത്ഷായെയും പേരെടുത്ത് പറയാതെ അദ്ദേഹം ആരോപിച്ചു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കുന്നുണ്ടെന്ന വാര്‍ത്ത അദ്ദേഹം തള്ളി. ഇത്തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ലോക്‌സഭയില്‍ മതിയായ പ്രാതിനിധ്യം ഉണ്ടാകുമോയെന്നതാണ് ഇപ്പോള്‍ ബി.ജെ.പിയെ അലട്ടുന്നത്. അതിന് മുന്‍പ് ഗഡ്കരിയെ മുന്നോട്ട് വയ്ക്കുന്നത് ശരിയല്ല. ഇപ്പോള്‍ ഭരിക്കുകയും നയിക്കുകയും ചെയ്യുന്നവരുടെ കൈയില്‍നിന്ന് പാര്‍ട്ടി മോചിതമായെങ്കില്‍ മാത്രമേ മൂന്നാമതൊരു ബദലിനെക്കുറിച്ച് ആലോചിക്കാനാകൂവെന്നും സിന്‍ഹ പറഞ്ഞു.
ഈ രണ്ട് നേതാക്കള്‍ക്കെതിരേയും ശബ്ദമുയര്‍ത്താന്‍ ആര്‍ക്കും ധൈര്യമില്ല. അതേസമയം, ഗഡ്കരിക്ക് അവസരമുണ്ടെങ്കിലും അത് അംഗീകരിക്കാന്‍ ഈ രണ്ട് നേതാക്കളും തയാറാകില്ല. പാര്‍ലമെന്റില്‍ എല്ലാവരിലും മുന്‍പന്‍ പ്രധാനമന്ത്രിയാണെങ്കിലും അദ്ദേഹം എല്ലാവരുടേയും ബോസാകാനാണ് ഇഷ്ടപ്പെടുന്നത്. ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്ത്‌നിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവച്ചതു സംബന്ധിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുന്‍പ് ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. അദ്ദേഹത്തെ രാജിവയ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
ആര്‍.ബി.ഐയുടെ പരമാധികാരത്തെ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അപകടകരമായ അവസ്ഥയിലാണ്. എന്നാല്‍ ഇക്കാര്യം മറച്ചുവച്ച് അതിവേഗത്തില്‍ വളരുന്ന സാമ്പത്തികാവസ്ഥയിലാണ് ഇന്ത്യയെന്ന വ്യാജ പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും യശ്വന്ത് സിന്‍ഹ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."