ഖാദി ദേശീയബോധത്തിന്റെ പ്രതീകം: മന്ത്രി കടന്നപ്പള്ളി
കോഴിക്കോട്: ഖാദി ദേശീയ ബോധത്തിന്റെ പ്രതീകമാണെന്നും അതു പ്രചരിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുള്ള ഓണം-ബക്രീദ് ഖാദിമേള ചെറൂട്ടി റോഡ് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വസ്ത്രമെന്നതിലുപരി ഖാദിക്ക് പ്രാധാന്യമുണ്ട്.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ ഐതിഹാസിക സമരത്തില്‍ പ്രധാന ആയുധമായി ഗാന്ധിജി ഉപയോഗിച്ചത് ഖാദിയായിരുന്നു. മുന്‍ കാലത്തെ അപേക്ഷിച്ച് വൈവിധ്യ വല്‍ക്കരണത്തിലൂടെ ഖാദിയും ഒട്ടേറെ മാറ്റത്തിന് വിധേയമായിട്ടുണ്ട്.
വിദേശികള്‍പോലും ഖാദിയില്‍ ആകര്‍ഷിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ ഖാദി ഉല്‍പ്പന്നങ്ങളുടെ പ്രചാരണവും വര്‍ധിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ആദ്യവില്പനയും സമ്മാന കൂപ്പണ്‍ വിതരണം കവി പി.കെ ഗോപിയും നിര്‍വഹിച്ചു. ടി.വി ബാലന്, ടി.പി ജയചന്ദ്രന്, സി.പി ഹമീദ്, കെ.ടി ശേഖര്‍, ടി. ശ്യാംകുമാര്‍, കെ.പി ദിനേഷ്കുമാര്‍ പ്രസംഗിച്ചു.
ഓണം-ബക്രീദ് പ്രമാണിച്ച് ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. 10 പവന് സ്വര്‍ണനാണയം ഉള്‍പ്പെടെയുള്ള സമ്മാന പദ്ധതി മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
മിഠായിത്തെരുവ് ഖാദി എംപോറിയത്തില്‍ ഖാദി ഓണം മേളയും മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷനായി. സി.പി ഹമീദ്, സി. സത്യചന്ദ്രന്, കെ.ടി ശേഖര്‍, ഡോ. സുധ എസ്, എന്‍. പരമേശ്വരന്, പി.ആര് സുനില്‍സിങ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."