മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച് അയ്യര്‍മലയില്‍ കാട്ടാന
പറളി: കഴിഞ്ഞ കുറേ ദിവസങ്ങളായി മലമ്പുഴ മുണ്ടൂര്‍ മേഖലകളില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കാട്ടുകൊമ്പന്‍ പറളിയിലെത്തിയത് ജനങ്ങളെ മണിക്കൂറുകളോളം പരിഭ്രാന്തിയിലാക്കി. ഒലവക്കോട് റെയില്‍വേ സ്റ്റേഷനു പിന്നാലെ വ്യാഴാഴ്ച രാവിലെ മുണ്ടൂര്‍ ജങ്ഷനിലും എത്തിയ കാട്ടാന ഇന്നലെ പുലര്‍ച്ചയോടെ മാങ്കുറുശ്ശി അയ്യര്‍മലയിലും എത്തി. മാങ്കുറുശ്ശി അയ്യര്‍മലയിലെ ശിവക്ഷേത്രത്തിനു സമീപം പുലര്‍ച്ചയോടെ കണ്ട കാട്ടാന കാടുകയറാന്‍ വൈകിയത് പ്രദേശവാസികളെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി.
ജീവഹാനിയോ മറ്റു നാശനഷ്ടങ്ങളോ ഒന്നും ഉണ്ടാക്കാതെ പ്രദേശത്തു തന്നെ തമ്പടിച്ച ആനയെ തുരത്താന്‍ വനംവകുപ്പും തഹസില്‍ദാരും ഉള്‍പ്പെട്ട സംഘത്തിനെ വൈകുന്നേരം വരെ പണിപെടേണ്ടി വന്നു. സംഭവമറിഞ്ഞ് തടിച്ചു കൂടിയ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലിസും പാടുപെട്ടു. മുണ്ടൂര്‍ വനമേഖലയില്‍ നിന്നുമാണ് അയ്യര്‍മല ഭാഗത്തേക്ക് കാട്ടാന വന്നതെന്ന് നിഗമനത്തിലാണ് വനംവകുപ്പും പ്രദേശവാസികളും. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി മലമ്പുഴ മുണ്ടൂര്‍ മേഖലകളില്‍ കാട്ടാനശല്യം തുടരുമ്പോഴും വനംവകുപ്പ് നിസ്സഹായരാവുകയാണ്. സംഭവസ്ഥലത്ത് മങ്കര പൊലിസിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെ ഉള്ള സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ വൈകുന്നേരത്തോടെ കാടുകയറിയ കൊമ്പന്‍ വീണ്ടും മേഖലയില്‍ എത്തുമോയെന്ന ഭീതിയിലാണ് പ്രദേശവാസികളും വനം വകുപ്പുദ്യോഗസ്ഥരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."