ആളിപടര്‍ന്ന് പ്രതിഷേധം: ലക്‌നോവില്‍ പൊലിസ് വാന്‍ കത്തിച്ചു; ഡല്‍ഹിയില്‍ പ്രക്ഷോഭകർ ജന്തർ മന്ദറിലേക്ക്
ഡല്‍ഹി/ലക്‌നോ: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയതിനെത്തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളും വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളും സാധാരണക്കാരുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളെ പൊലിസ് കസ്റ്റഡിയിലെടുത്തു.ചെങ്കോട്ടയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രതിഷേധക്കാർ ജന്തർ മന്ദറിലേക്ക് നീങ്ങുകയാണ്.
ഉത്തര്‍പ്രദേശില്‍ പലയിടങ്ങളിലായി അക്രമസംഭവങ്ങള്‍ അരങ്ങേറി. ലക്‌നോയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.രണ്ട് പൊലിസ് ബസുകളും കത്തിച്ചു. സംഭലില്‍ പ്രതിഷേധക്കാര്‍ രണ്ടു ബസുകള്‍ അഗ്‌നിക്കിരയാക്കി. ഗുജറാത്തിലും അഹമ്മദാബാദിലും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് ലാത്തി ചാര്‍ജ് നടത്തി. ഡല്‍ഹിയില്‍ 14 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. തമിഴ്‌നാട്ടില്‍ മധുരയിലും തിരുച്ചിപ്പള്ളിയിലും പ്രതിഷേധം അരങ്ങേറി.
ഇടതുപക്ഷ നേതാക്കളായ സീതാറാം യെച്ചൂരിയേയും ഡി രാജയേയും കസ്റ്റഡിയിലെടുത്തു. സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിനെ മാണ്ഡി ഹൗസിലെ പ്രതിഷേധത്തിനിടെ അറസറ്റ് ചെയ്തു. ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ഖാലിദിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി തെലങ്കാന അമീറും അറസ്റ്റിലായി.
ജാമിഅ മില്ലിയ സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളേയും പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ന്യൂഡല്‍ഹിയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വോഡഫോണ്‍, എയര്‍ടെല്‍, റിലയന്‍സ്ജിയോ എന്നീ സേവനങ്ങളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
ഡല്‍ഹി ചെങ്കോട്ടക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവിടെ വന്‍ജനാവലിയാണ് പ്രതിഷേധത്തിനായി എത്തിയത്. ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നൂറോളം വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിനായി വിദ്യാര്‍ഥികള്‍ പോകുന്ന ബസില്‍ പൊലിസ് കയറി. അറസ്റ്റിലായ വിദ്യാര്‍ഥികളെ മൊയിനുദ്ദീന്‍ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. തമിഴ്‌നാട്ടിലും വിവിധയിടങ്ങളിലായി വിദ്യാര്‍ഥി പ്രക്ഷോഭം നടക്കുകയാണ്. ബംഗളൂരുവില്‍ നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ വിദ്യാര്‍ഥികളെ തടവിലാക്കി. മുംബൈ ക്രന്തി മൈതാനിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."