സ്‌കൂളില്‍ തലമറയ്ക്കാന്‍ അനുവദിക്കാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി തള്ളി
കൊച്ചി: സ്വകാര്യ സ്‌കൂളില്‍ തലമറയ്ക്കാന്‍ അനുവദിക്കാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. തിരുവനന്തപുരത്തെ തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വസ്ത്രധാരണത്തിലും മറ്റും തീരുമാനങ്ങളെടുക്കാനുള്ള അധികാരം സുപ്രിംകോടതിയുടേത് ഉള്‍പ്പെടെയുള്ള മുന്‍വിധികളിലൂടെ അനുവദനീയമാണ്. മുന്‍വിധികളെ മറികടന്നു ഹരജിക്കാരുടെ ആവശ്യം അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ക്ക് തലയും കൈകളും മറച്ചു സ്‌കൂളില്‍ പഠനം നടത്തുന്നതിന് അനുമതി നല്‍കുന്ന കാര്യത്തില്‍ സ്ഥാപനത്തിന് ഉചിതമായ തീരുമാനമെടുക്കാവുന്നതാണ്. സ്‌കൂളിന്റെ വസ്ത്രധാരണരീതി അനുസരിച്ചു വരികയാണെങ്കില്‍ വിദ്യാര്‍ഥിനികളുടെ പഠനത്തിനു തടസം നില്‍ക്കരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു പഠനം നടത്തുവാന്‍ തയാറല്ലാതെ വിദ്യാര്‍ഥിനികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ മറ്റു പോരായ്മകള്‍ ചൂണ്ടിക്കാട്ടാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖാണ് ഹരജി പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസ ഡയരക്ടര്‍, സി.ബി.എസ്.ഇ, ക്രൈസ്റ്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."