പട്ടികവര്‍ഗ യുവതികള്‍ക്ക് നല്കിയ ഓട്ടോറിക്ഷകള്‍ കട്ടപ്പുറത്ത്
കാട്ടിക്കുളം: ലക്ഷങ്ങള്‍ മുടക്കി സൗജന്യമായി വിതരണം ചെയ്ത ഓട്ടോറിക്ഷകള്‍ കട്ടപ്പുറത്ത്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് പട്ടികവര്‍ഗ-ജാതി യുവതികള്‍ക്ക് സൗജന്യമായ വിതരണം ചെയ്ത ഓട്ടോറിക്ഷകളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. മാനന്തവാടി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫിസിന് കീഴില്‍ 57 ഗുണഭോക്താക്കള്‍ക്കാണ് ഓട്ടോറിക്ഷകള്‍ നല്‍കിയത്. പട്ടികവര്‍ഗ യുവതികളുടെ സ്വയം തൊഴില്‍ സംരക്ഷണത്തിന്റെ ഭാഗമായാണ് 46.74 ലക്ഷം മുടക്കി വാഹനം നല്‍കിയത്. ഇതില്‍ പതിനെട്ടോളം ട്രൈബല്‍ പ്രമോട്ടര്‍മാരുടെ ഓട്ടോറിക്ഷകളാണ് ഓടിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നത്. കാട്ടിക്കുളത്ത് ആറ് ഓട്ടോറിക്ഷകളില്‍ അഞ്ചും പ്രമോട്ടര്‍മാര്‍ക്കാണ് നല്‍കിയത്. ഓടുന്നത് ഒന്ന് മാത്രം. അര്‍ഹതയുള്ള അപേക്ഷകര്‍ക്ക് ഒന്നും ലഭിച്ചില്ല. പഞ്ചായത്ത് അധികൃതരുടെ രാഷ്ട്രീയ ലാഭം നോക്കിയുള്ള കണക്കെടുപ്പിലാണ് കോടിക്കണക്കിന് രൂപയുടെ വാഹനം കട്ടപ്പുറത്തായത്. ആനുകൂല്യം പറ്റിയവരുടെ കസ്റ്റഡിയിലാണ് മുക്കാല്‍ ഭാഗവും ഓട്ടോറിക്ഷകള്‍ ഉള്ളത്. ഇന്ഷൂറും ടാക്സും അടച്ചാണ് വാഹനം നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ഒട്ടാകെ ഓട്ടോറിക്ഷകള്‍ നല്‍കിയിട്ടുണ്ട്. ഉപയോഗിക്കാത്ത ഓട്ടോറിക്ഷകള്‍ പട്ടികവര്‍ഗ വകുപ്പ് കണ്ട്കെട്ടി വാഹനം ഓടിച്ച് ജീവിക്കാന്‍ താല്പര്യമുള്ള മറ്റ് ആദിവാസി വനിതകള്‍ക്ക് നല്കണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."