തോട്ടില്‍ ഹോട്ടല്‍ മാലിന്യം തള്ളിയ രണ്ടുപേര്‍ പിടിയില്‍
നെടുമങ്ങാട് : മലയോര മേഖലകളില്‍ മാലിന്യം തള്ളല്‍ പതിവാകുന്നു. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ അരുവിക്കര ഡാമിന് സമീപം കളത്തറയിലെ തോട്ടില്‍ ഹോട്ടല്‍ മാലിന്യം തള്ളിയ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഒറ്റപ്പാലം മുണ്ടക്കോട്ട്കുരിശി ചോലക്കുന്നത്തു വീട്ടില്‍ അബ്ദുള്‍ നൗഷാദ് (32), പട്ടാമ്പി കൊപ്പം തേവര്‍കളത്തില്‍ വീട്ടില്‍ റഫീക്ക് (23) എന്നിവരെയാണ് അരുവിക്കര പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മാലിന്യം കൊണ്ടുവന്ന ടാങ്കര്‍ ലോറിയെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് തോട്ടില്‍ നാട്ടുകാര്‍ മാലിന്യം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കഠിനംകുളത്തു വച്ച് പിടിയിലായത്.
മുള്ളിലവിന്മൂട്ടില് സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയില്‍ നിന്നും വാഹനത്തിന്റെ വിവരങ്ങള്‍ ലഭിച്ച അരുവിക്കര പൊലിസ് സ്റ്റേഷനിലെ എസ്.ഐ.മാരായ അരുണ്‍കുമാര്‍, മോഹനന് സി.പി.ഒ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ കഠിനംകുളത്തിനു സമീപത്തുള്ള വീട്ടിലെത്തി ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു.
ഹോട്ടലുകളിലും വീടുകളിലും നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ടാങ്കര്‍ ലോറിയില്‍ ശേഖരിച്ച് ആളൊഴിഞ്ഞ സ്ഥലത്തെ തോടുകളിലും മറ്റും തള്ളുകയാണ് ഇവരുടെ പതിവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."