ഗ്രാമസഭകള്‍ സജീവമാക്കുവാന്‍ തദ്ദേശമിത്ര നാടകവുമായി ജനമൈത്രി പൊലിസ്
ഇരിങ്ങാലക്കുട : ഗ്രാമസഭകളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം കൊണ്ട് സജീവമാക്കുവാന്‍ തദ്ദേശമിത്ര നാടകവുമായി ജനമൈത്രി പൊലിസ് ഇരിങ്ങാലക്കുടയില്‍ എത്തി. നാടകയാത്രയുടെ ജില്ലാതല പര്യടനത്തിന്റെ ഭാഗമായി ബസ്റ്റാന്റില്‍ 'ഒരു ഗ്രാമം പറഞ്ഞ കഥ' എന്ന നാടകം അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട സി.ഐ സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു . തദ്ദേശ സ്ഥാപനങ്ങളുടെ വികസന ക്ഷേമ പദ്ധതികളെ കുറിച്ചും ഓരോ പ്രദേശത്തെയും വികസന പ്രക്രിയകളില്‍ പങ്കെടുക്കാന് ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഗ്രാമസഭയെ കുറിച്ചും പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുക എന്ന ഉദ്ദേശത്തോടെ കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡലിവറി പ്രൊജക്റ്റ് തദ്ദേശ മിത്രം കേരളത്തിലെ എല്ലാ താലൂക്കുകളിലും ഈ നാടകം അവതരിപ്പിക്കുന്നുണ്ട്.
ഗ്രാമസഭകള്‍ സജീവമാക്കി നാടിന്റെ വികസനത്തിനൊപ്പം നീര്‍ത്തട സംരംക്ഷണം മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയിലും ബോധവത്കരണം നടത്തുന്നു ഈ നാടകം. കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍, ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എം.ആര്‍ ഷാജു, അഡ്വ. വി.സി വര്‍ഗീസ്, അബ്ദുള്‍ ബഷീര്‍, വത്സല ശശി മറ്റു കൗണ്‍സിലേര്‍സ്, ജനമൈത്രി ഓഫീസില്‍ ട്രാഫിക് എസ്.ഐ തോമാസ് വടക്കന്‍ സന്നിഹിതരായിരുന്നു.
തദ്ദേശ മിത്രം അവതരിപ്പിക്കുന്ന നാടകം ജനങ്ങളിലെത്തിക്കുന്നത് കേരള ജനമൈത്രി പൊലിസാണ്. 'ഒരു ഗ്രാമം പറഞ്ഞ കഥ' എന്ന് പേരിട്ടിരിക്കുന്ന നാടകത്തില്‍ ധാരാളം അപര്യാപ്തതകളുള്ള ഒരു ഗ്രാമം, ഗ്രാമസഭ സജീവമാക്കി സ്വയം പര്യാപ്തമാകുന്ന കഥയാണ് പറയുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചായക്കടയും ശാരീരിക അവശതയുള്ള ലോട്ടറി കച്ചവടക്കാരനും നാട്ടിന്‍ പുറത്തെ ചട്ടമ്പിയും ഒക്കെ കഥാപാത്രങ്ങളായി വന്നു. തദ്ദേശ മിത്രത്തിന്റെ പ്രചരണ വേഷമായ മാഷാണ് സന്ദേശ പ്രചാരകനായി നാടകത്തിലെത്തുന്നത്. കേരളാ പൊലിസ് ഉദ്യോഗസ്ഥരായ നുജുമുദീന്‍, ഷറഫ്, ബാബു , അജികുമാര്‍, ചന്ദ്രകുമാര്‍ , ജയന്‍, ഷൈജു , സുനില്‍ കുമാര്‍ , ഷംനാദ് ആണ് നാടകത്തില്‍ വേഷമിട്ടത്. ജൂലൈ 12ന് തിരുവനന്തപുരത്ത് സംസ്ഥാന തദ്ദേശ സഹകരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്ത നാടകയാത്ര ഓഗസ്റ്റ് 22 ന് കാസര്‍ഗോഡ് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."