സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി: സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യങ്ങളുള്ള പുതിയ ബ്ലോക്ക് അടഞ്ഞുതന്നെ
സുല്‍ത്താന്‍ ബത്തേരി: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോഴും സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ ആശുപത്രി ബ്ലോക്ക് അടഞ്ഞുകിടക്കുന്നു. 20 കോടിരൂപ ചെലവഴിച്ച് ഒരു വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തീകരിച്ച സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യങ്ങളോടുകൂടിയ അഞ്ചുനില ആശുപത്രി കെട്ടിടമാണ് തുറന്നുപ്രവര്‍ത്തിക്കാതെ കിടക്കുന്നത്. നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും സാങ്കേതിക തടസങ്ങളാണ് തുറന്നു പ്രവര്‍ത്തിക്കുന്നതിന് തടസമായിരിക്കുന്നത്. മുനിസിപ്പാലിറ്റി കെട്ടിട നമ്പര്‍ ഇതുവരെ അനുവദിച്ചിട്ടില്ല. ഫയര്‍ റസ്‌ക്യു വിഭാഗത്തിന്റെ എന്‍.ഒ.സി ലഭിക്കാത്തതാണ് ഇതിനുകാരണം. ഫയര്‍ റസ്‌ക്യു മാനദണ്ഡങ്ങള്‍ പുതിയ കെട്ടിടത്തില്‍ ഇല്ലാത്തതിനാലാണ് എന്‍.ഒ.സി ലഭിക്കാത്തത്. ഇത്പരിഹരിക്കുന്നതിനും വയറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. പക്ഷേ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് വരുമ്പോഴേക്കും ഇനിയും കാലതാമസം വരും. അതിനാല്‍ വീണ്ടും നിയമ തടസങ്ങള്‍ വന്നാല്‍ എന്തുചെയ്യുമെന്നാണ് ചോദ്യം ഉയരുന്നത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം ദയനീയമാണ്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും ഇവിടെയെത്തുന്ന രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സ്ഥലപരിമിതിയും ആശുപത്രി അധികൃതരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ടൗണിലും ഫെയര്‍ലാന്‍ഡിലുമായി രണ്ടിടത്താണ് ആശുപത്രിയുടെ പ്രവര്‍ത്തനവും നടക്കുന്നത്. ഇത് പുതിയ കെട്ടിടത്തിലേക്ക് മാറ്റി ആവശ്യത്തിന് ഡോക്ടര്‍മാരേയും ജീവനക്കാരെയും നിയമിച്ചാല്‍ മാത്രമേ ബത്തേരിയിലെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളു. അതിന് എത്രയും പെട്ടന്ന് പുതിയ ബ്ലോക്ക് തുറക്കാനുള്ള സാങ്കേതിക തടസങ്ങള്‍ മാറ്റി ആശുപത്രി പ്രവര്‍ത്തനം ഒരു സ്ഥലത്തേക്ക് മാറ്റണം. അതിനായി അധികൃതര്‍ മുന്നിട്ടറങ്ങണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."