തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍ കരാര്‍ നല്‍കിയുള്ള അനധികൃത നിയമനം തുടരുന്നു
തൃശൂര്‍: കോര്‍പ്പറേഷന്‍ കൗണ്‍സിലെ ഭൂരിപക്ഷാഭിപ്രായത്തെ വെല്ലുവിളിച്ച വൈദ്യുതി വിഭാഗത്തില്‍ കരാര്‍ നല്‍കിയുള്ള അനധികൃത നിയമനം തുടരുന്നു. വൈദ്യുതി വിഭാഗത്തിന്റെ 11033 കെവി സബ് സ്റ്റേഷനുകളിലേക്ക് ഷിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ ഷിഫ്റ്റ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ നിയമനത്തിന് പോണി ഇലക്ട്രിക്കല്‍ എഞ്ചിനീയേഴ്‌സ് എന്ന സ്ഥാപനത്തിന് കരാര്‍ നല്‍കി മേയറുടെ മുന്‍കൂര്‍ അനുമതിയോടെയാണ് നിയമനം നടന്നത്. 2008 മാര്‍ച്ച് 31 വരെയാണ് നിയമനാനുമതി.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയല്ലാതെ 68 പേരെ മേയറുടെ മുന്‍കൂര്‍ അനുമതിയോടെ നിയമിച്ചതിനെതിരെ കോണ്‍ഗ്രസ്, ബി.ജെ.പി പ്രതിപക്ഷത്തെ 29 അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയതാണ്. മേയറുടെ മുന്‍കൂര്‍ അനുമതി നിരാകരിച്ച കൗണ്‍സില്‍ തീരുമാനമെടുത്തത് മേയറുടെ മുന്‍കൂര്‍ അനുമതിക്ക് അംഗീകാരം നല്‍കിയെന്ന് തിരുത്തി മിനിറ്റ്‌സ് എഴുതിയതും വിവാദമായിരുന്നു. 68 ജീവനക്കാരും ഇപ്പോഴും സര്‍വ്വീസില്‍ തുടരുകയാണ്. അങ്ങിനെയിരിക്കേയാണ് പുതിയ നിയമനകരാറിന് മേയര്‍ അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് വൈദ്യുതിവിഭാഗത്തില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുക കരാര്‍ കമ്പനിയായിരിക്കും. മേയറുടെ തീരുമാനത്തിന് അംഗീകാരം നല്‍കുന്നതിന് ഇന്ന് ചേരുന്ന കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ വിഷയം വെച്ചിട്ടുണ്ട്.
വൈദ്യുതിവിഭാഗം അവശ്യ സര്‍വ്വീസ് ആയതുകൊണ്ട് ജീവനക്കാരില്ലാത്തതിനാല്‍ ദൈനംദിനം പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമുണ്ടാക്കാതിരിക്കാനാണ് നിയമനമെന്ന് ഇത്തവണ വിശദീകരണകുറിപ്പുണ്ട്. ചട്ടമനുസരിച്ച് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ വൈദ്യുതി വിഭാഗത്തില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താനാകൂ. വൈദ്യുതി വിഭാഗം പൊതുമരാമത്ത് കമ്മിറ്റിയുടെ നിയന്ത്രണാധികാരത്തിലാണെങ്കിലും കമ്മിറ്റിയിലേക്ക് ഫയല്‍ വിടാതെ ഡെപ്യൂട്ടി മേയര്‍ അധ്യക്ഷനായ ധനകാര്യകമ്മിറ്റിയാണ് ഫയല്‍ പരിഗണിച്ച് അംഗീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."