പ്രതിഷേധം കനക്കുന്നു,വടക്കന്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്: മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പൊലിസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. കോഴിക്കോട് ഇന്നലെ രാത്രിയില്‍ കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്. കോഴിക്കോട്ടെത്തിയ ജാമിഅയിലെ വിദ്യാര്‍ഥികള്‍ക്ക് റെയില്‍വേസ്റ്റേഷനില്‍ സ്വീകരണവും നല്കി.
പൊലിസ് വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദക്ഷിണ കന്നഡ ജില്ലയില്‍ ഇന്റര്‍നെറ്റിന് രണ്ട് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത്്.
പൊലിസ് വെടിവയ്പ്പില്‍ ഇന്നലെ രാജ്യത്താകെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് രണ്ടുപേരും ലക്നൗവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. രണ്ടിടത്തും പൊലീസ് വെടിവയ്പ്പിലാണ് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തങ്ങള്‍ ഉപയോഗിച്ചത് റബ്ബര്‍ പെല്ലെറ്റാണെന്ന് കര്‍ണാടക പൊലിസും വെടിവച്ചിട്ടില്ലെന്ന് യുപി പൊലീസും പറഞ്ഞു.
മംഗളൂരുവില്‍ വെടിയേറ്റ ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗലാപുരത്ത് നേരത്തെ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്ക്കുമ്പോള് തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധപ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."