ഇന്ത്യന്‍ ബാലികയെ തട്ടിക്കൊണ്ടു പോയ സംഭവം: പ്രതി കുറ്റം സമ്മതിച്ചെങ്കിലും ദുരൂഹത ബാക്കി
മനാമ: ബഹ്‌റൈനില്‍ അഞ്ചു വയസ്സുകാരിയായ ഇന്ത്യന്‍ ബാലികയെ കാറില്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പിടിയിലായ പ്രതി, വീണ്ടും ചോദ്യം ചെയ്തതോടെ കുറ്റ സമ്മതം നടത്തിയെങ്കിലും എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.
പൊലിസ് പിടിയിലായ ഉടന്‍ കുട്ടിയെ താന്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ലെന്നും, അവളുടെ രക്ഷിതാക്കളെ കണ്ടെത്തൊന്‍ സഹായിക്കുകയായിരുന്നുവെന്നുമാണ് പ്രതി മൊഴി നല്‍കിയിരുന്നത്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രതി കുറ്റം സമ്മതിച്ചതായി ബഹ്‌റൈന്‍ ഫാമിലി ആന്റ് പ്രൊസിക്യൂഷന്‍ ചീഫ് പ്രൊസിക്യൂട്ടറും ആക്ടിങ് അഡ്വ.ജനറലുമായ മൂസ അല്‍ നാസര്‍ കഴിഞ്ഞ ദിവസം ഇവിടെ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. നിലവില്‍ പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സമ്മതിച്ചതായും കൂടുതല്‍ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി വീണ്ടും റിമാന്‍ഡ് ചെയ്തതായും പ്രസ്താവനിയില്‍ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ പ്രതിയെ ഫോറന്‍സിക് ഡോക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതായി പബ്‌ളിക് പ്രൊസിക്യൂഷനും വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ ഒറ്റക്ക് കാറിലിരുന്ന് കരഞ്ഞ കുട്ടിയെ രക്ഷിതാവിന്റെ അടുത്തത്തെിക്കാന്‍ ശ്രമിക്കുകയാണ് താന്‍ ചെയ്തതെന്നാണ് പ്രതിയായ 38കാരന്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. ഇതു തിരുത്തിയാണിപ്പോള്‍ പ്രതി കുറ്റസമ്മതം നടത്തിയിരിക്കുന്നത്
ബഹ്‌റൈനിലെ ഹൂറ പ്രവിശ്യയില്‍ ഈ മാസം രണ്ടിന് ചൊവ്വാഴ്ചയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം നടന്നത്. തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയായ ഇന്ത്യന്‍ ബാലിക സാറ ഗ്രെയ്‌സിനെ തൊട്ടടുത്ത ദിവസം ബുധനാഴ്ച രാത്രി 10 മണിയോടെ പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.
രണ്ടാം തിയതി വൈകീട്ട് ഹൂറയിലെ ഡേ കെയര്‍ സെന്ററില്‍നിന്ന് കുട്ടിയെയും കൂട്ടി അമ്മയായ ലക്‌നൊ സ്വദേശിനി അനീഷ ചാള്‍സിന്‍ കാറില്‍ വീട്ടിലേക്ക് മടങ്ങുന്‌പോഴാണ് സംഭവം. യാത്രാ മധ്യേ ഹൂറയിലെ ഗോള്‍ഡന്‍ സാന്റ്‌സ് അപാര്‍ട്‌മെന്റിന് സമീപം കാര്‍ നിര്‍ത്തി കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തി അടുത്തുള്ള കോള്‍ഡ് സ്റ്റോറില്‍ കയറി ഒരു മിനിറ്റിനകം തിരിച്ചത്തെിയെങ്കിലും അജ്ഞാതന്‍ തന്റെ കാറോടിച്ച് പോകുന്നതാണ് അനീഷ കണ്ടത്.
കുറച്ചു ദൂരം കാറിന് പിന്നാലെ പാഞ്ഞെങ്കിലും ഫലമുണ്ടായില്ല.
സംഭവം സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവം അനീഷയുടെ സഹോദരനും ബഹ്‌റൈന്‍ പ്രവാസിയുമായ അനീഷ് ഫ്രാങ്ക് ചാള്‍സ് തന്റെ ഫേസ്ബുക് അടക്കമുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് വൈറലാവുകയും ഇന്ത്യന്‍ എംബസി അധികൃതരും സാമൂഹ്യ പ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെയുള്ള തിരച്ചിലില്‍ ആദ്യം തട്ടിക്കൊണ്ടു പോയ കാറും പിന്നീട് കുട്ടിയെയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് പാക്കിസ്ഥാനില്‍ നിന്നെത്തി ബഹ്‌റൈന്‍ പൗരത്വം സ്വീകരിച്ച 38കാരനെയും കാമുകിയെന്നു കരുതുന്ന ഒരു ഫിലിപ്പീനി സ്വദേശിയെയും പിടികൂടിയത്.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ആദ്യം കുട്ടിയെ താന്‍ രക്ഷപ്പെടുത്തുകയാണെന്ന് വാദിച്ചെങ്കിലും കാറിലെ ജി.പി.എസ് സംവിധാനം തകര്‍ക്കാന്‍ ശ്രമിച്ചതടക്കമുള്ള ചോദ്യങ്ങള്‍ക്കു മുന്പില്‍ പ്രതി ഉത്തരം മുട്ടുകയായിരുന്നുവെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനിടെയാണ് പ്രതി കുറ്റം സമ്മതിച്ചതായി ബഹ്‌റൈന്‍ ഫാമിലി ആന്റ് പ്രൊസിക്യൂഷന്‍ ചീഫ് പ്രൊസിക്യൂട്ടറും ആക്ടിങ് അഡ്വ.ജനറലുമായ മൂസ അല്‍ നാസര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതേ സമയം എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.. ഇതാണ് പ്രധാനമായും ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്.
നേരത്തെ ഇന്ത്യന്‍ ബാലികയെ കണ്ടെത്താനായതില്‍ സന്തോഷം പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്റ് ചെയ്യുകയും സാറയെ മോചിപ്പിക്കാനായതില്‍ ബഹ്‌റൈന് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കുട്ടിയുടെ അന്വേഷണത്തിനായി 25 പട്രോളിങ് വാഹനങ്ങളെയും പോലീസിനെയുമാണ് ബഹ്‌റൈന്‍ വിന്യസിച്ചിരുന്നത്. കുട്ടിയെ കണ്ടെത്തിയ സംഭവം ആഘോഷമാക്കിയാണ് പോലീസുകാര്‍ കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നത്.
ലക്‌നൊ സ്വദേശിനിയായ കുട്ടിയുടെ അമ്മ അനീഷ ചാള്‍സ് ഇവിടെ 'മുഹമ്മദ് ജലാല്‍ കമ്പനി'യുടെ ഒരു ഡിവിഷനില്‍ ജീവനക്കാരിയാണ്. തന്റെ മകളുടെ കാര്യത്തില്‍ നടക്കുന്ന അന്വേഷണത്തെ ഏറെ പ്രതീക്ഷയോടെയാണ് താന്‍ കാണുന്നതെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും ഇവര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."