ഡി.സി.സി വൈസ് പ്രസിഡന്റിനു നേരെ അക്രമം: 30 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
ഇരിക്കൂര്‍: ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂരിന് നേരെയുണ്ടായ അക്രമത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേ കേസ്. വ്യാഴാഴ്ച രാത്രി പത്തോടെയാണ് മുഹമ്മദ് ബ്ലാത്തൂരിനെയും പടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി. ജിനേഷിനേയും ഒരു സംഘം അക്രമിച്ചത്. പരുക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന മുഹമ്മദ് ബ്ലാത്തൂര്‍ സഞ്ചരിച്ച കാര്‍ വ്യാഴാഴ്ച രാത്രി 11.30ഓടെ കല്ല്യാട് ആറാട്ട്തറയില്‍ ഒരു സംഘം അക്രമിക്കുകയായിരുന്നു. സി.പി.എം ലോക്കല്‍ സെക്രട്ടറി രാമചന്ദ്രന്‍, ബ്രാഞ്ച് സെക്രട്ടറി പ്രദീപന്‍ എന്നിവരുടെ നേതൃത്വത്തില്‍ തടയുകയും മുഹമ്മദിനെ കാറില്‍ നിന്നു വലിച്ചിഴച്ച് മര്‍ദിക്കുകയുമായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു.
അക്രമത്തില്‍ മുഹമ്മദ് സഞ്ചരിച്ച കാറിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ലോക്കല്‍ സെക്രട്ടറി രാമചന്ദ്രന്‍, ബ്രാഞ്ച് സെക്രട്ടറി പ്രദീപന്‍ ഉള്‍പ്പെടെ 30 ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്ന സി.പി.എം പ്രവര്‍ത്തകരുടെ പരാതിയില്‍ ആനന്ദബാബു, അനുരാഗ്, അനീഷ് തുടങ്ങി അഞ്ചുപേര്‍ക്കെതിരേയും ഇരിക്കൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകര്‍ ഇരിട്ടിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രദേശത്ത് ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് വ്യാജമദ്യ വില്‍പനയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്‍പനയും വ്യാപകമാണെന്നാരോപിച്ച് പ്രിയദര്‍ശിനി ക്ലബ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ക്ലബ് പ്രമേയം ഉദ്ധരിച്ച് പത്രവാര്‍ത്തയും വന്നു. സി.പി.എം പ്രവര്‍ത്തകരും ബന്ധുക്കളുമാണ് ഇതിന്റെ പിന്നിലെന്നാണ് ക്ലബ് ആരോപിച്ചത്.
വാര്‍ത്തക്ക് പിന്നില്‍ ജിനേഷാണെന്നാരോപിച്ച് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്യാട് ടൗണില്‍ പ്രകടനം നടത്തി. സി.പി.എം പ്രാദേശിക നേതാക്കളടക്കമുള്ള പ്രവര്‍ത്തകര്‍ പ്രകടനക്കാരെ തടയുകയും അക്രമിക്കുകയും ചെയ്‌തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മുഹമ്മദ് ബ്ലാത്തൂരിനെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍ എം.എല്‍.എ, മുന്‍ മന്ത്രിമാരായ കെ.സി ജോസഫ്, കെ. സുധാകരന്‍, പി. രാമകൃഷ്ണന്‍, സജീവ് ജോസഫ്, കെ. സുരേന്ദ്രന്‍, സതീശന്‍ പാച്ചേനി, പ്രൊഫ. എ.ഡി മുസ്തഫ, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, ചന്ദ്രന്‍ തില്ലങ്കേരി, എം.കെ മോഹനന്‍, രാജീവന്‍ എളയാവൂര്‍, രജീത്ത് നാറാത്ത്, കല്ലിക്കോടന്‍ രാഗേഷ്, ടി. ജയകൃഷ്ണന്‍, ജി. ബാബു, നൗഷാദ് ബ്ലാത്തൂര്‍, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."