പൊലിസ് ക്വാര്‍ട്ടേഴ്‌സ് തകര്‍ച്ചാഭീഷണിയില്‍
ഇരിട്ടി: ജില്ലയില്‍ തന്നെ പ്രധാനപ്പെട്ടതും രണ്ട് സംസ്ഥാനങ്ങള്‍ അതിരു പങ്കിടുന്നതുമായ പൊലിസ് സ്റ്റേഷനാണെങ്കിലും ഇരിട്ടിയില്‍ പൊലിസുകാര്‍ക്ക് താമസിക്കാനായി നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സ് കാലപ്പഴക്കം കൊണ്ടും ജീര്‍ണിച്ചും കാടുമൂടിയും ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയില്‍.
താമസയോഗ്യമല്ലാത്ത രീതിയില്‍ ചോര്‍ന്നൊലിച്ചിട്ടും പ്രശ്‌നപരിഹാരത്തിന് അധികൃതര്‍ തയ്യാറാവാത്തതിനാല്‍ പരാതിയും പരിഭവവും ഉള്ളിലൊതുക്കി നിയമം സംരക്ഷിക്കുകയാണ് ഇരിട്ടിയിലെ വനിതാ പൊലിസുള്‍പ്പെടെയുള്ള നിയമപാലകര്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി പോലും നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഡിവൈ.എസ്.പി ഓഫിസ്, സര്‍ക്കിള്‍ ഓഫിസ്, പ്രിന്‍സിപ്പല്‍ എസ്.ഐ ഉള്‍പ്പെടെ ആറ് എസ്.ഐമാരും വനിതാ പൊലിസുകാരും അടക്കം നൂറോളം പൊലിസുകാര്‍ ജോലി ചെയ്യുന്ന സ്ഥലത്താണ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ഇതില്‍തന്നെ നാലു ക്വാര്‍ട്ടേഴ്‌സുകള്‍ ചോര്‍ന്നൊലിച്ച് ഉപയോഗശൂന്യമായിരിക്കുകയാണ്. ക്വാര്‍ട്ടേഴ്‌സിന്റെ ഈ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവര്‍ക്ക് പലതവണ പരാതിയും റിപ്പോര്‍ട്ടും നല്‍കിയെങ്കിലും ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. നിലവിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ സാധിക്കാത്തതിനാല്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പല പൊലിസ് ഉദ്യോഗസ്ഥരും സ്വന്തം കാശുമുടക്കി വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്. വനിതാപൊലിസുകാര്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യം പോലും ഇവിടെയില്ല. പരിസരമാകെ കാടുമൂടി ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ കാടുപിടിച്ച് ഇഴജന്തുക്കളും മറ്റും ക്വാര്‍ട്ടേഴ്‌സ് കയ്യടക്കിയിരിക്കുകയാണ്. തലശ്ശേരി വളവുപാറ റോഡ് പ്രവൃത്തിയുടെ ഭാഗമായി പൊലിസ് സ്റ്റേഷന്റെ മുന്‍ഭാഗവും പൊളിച്ചുനീക്കേണ്ടി വരും. ഇതിന്റെ ഭാഗമായി സ്റ്റേഷനു പുറത്ത് തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങള്‍ ക്രെയിനുപയോഗിച്ച് തൊട്ടടുത്ത ഉളിക്കല്‍ പൊലിസ് സ്റ്റേഷന്‍ ഗ്രൗണ്ടിലേക്ക് മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളും തിരഞ്ഞെടുപ്പുകളും മറ്റും ഉണ്ടാകുമ്പോള്‍ അന്യ ജില്ലയില്‍ നിന്നും മറ്റും ജോലിക്കായി ഇവിടെയെത്തുന്ന പൊലിസുകാര്‍ക്ക് താമസിക്കാന്‍ സൗകര്യമില്ലാത്തത് കാരണം സമീപ പ്രദേശത്തെ സ്‌കൂളുകളെയോ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിനെയോ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."