റോഡില്‍ വൈദ്യുതതൂണുകള്‍: 'തല 'രക്ഷപ്പെട്ടാല്‍ ഭാഗ്യം
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ടി.കെ ജങ്ഷന്‍ മുതല്‍ താണവരെയുള്ള ദേശീയപാതയില്‍ വൈദ്യുത തൂണുകള്‍ അപകടക്കെണിയൊരുക്കുന്നു. വാഹനയാത്രികര്‍ക്കാണ് ഇതു ഭീഷണിയാകുന്നത്. കാല്‍ടെക്‌സ് കഴിഞ്ഞാല്‍ ജില്ലാ ആശുപത്രി ബസുകള്‍ നിര്‍ത്തുന്ന സ്ഥലങ്ങളിലൊന്നാണ് ടി.കെ സ്റ്റോപ്പ്. ബസ് യാത്രചെയ്യുന്നവര്‍ ഇവിടെ നിന്നു തലയൊന്നു പുറത്തിട്ടാല്‍ കമ്പിയില്‍ തീര്‍ത്ത വൈദ്യുത തൂണിലിടിച്ചു തെറിക്കുമെന്നുറപ്പാണ്. മിക്കസമയങ്ങളിലും ഗതാഗതകുരുക്കുള്ള സ്ഥലങ്ങളിലൊന്നാണിത്. ബസുകളും മറ്റു വാഹനങ്ങളും റോഡില്‍ നിന്നിറങ്ങിയാണ് സഞ്ചാരം. ഇതു കാരണം കാല്‍നടയാത്രികര്‍ക്കു ഇതുവഴി സഞ്ചരിക്കാനാവുന്നില്ല. ദിനേശ് ഓഡിറ്റോറിയമുള്‍പ്പെടെ പ്രധാനകേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ്പാണിത്. എന്നാല്‍ ഇവിടെയിറങ്ങുന്നവര്‍ക്കു മുന്‍പോട്ടു സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കണ്ണൂര്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്കുള്ള സ്ഥലങ്ങളിലൊന്നാണിത്. മാസങ്ങള്‍ക്കുമുന്‍പാണ് കണ്ണൂര്‍ മുതല്‍ മേലെചൊവ്വ വരെയുള്ള ഭാഗങ്ങളില്‍ റോഡ് വീതികൂട്ടിയത്. ഇതിന്റെ ഭാഗമായി വൈദ്യുതതൂണുകള്‍ പലതും റോഡിന്റെ ഉള്ളിലായി. ഇതുമാറ്റുന്ന കാര്യത്തിലുള്ള കാലതാമസമാണ് യാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നത്. മാസങ്ങള്‍ക്കു മുന്‍പ് കൊട്ടിയൂരില്‍ ഒരുകുട്ടി കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു ഛര്‍ദിക്കാന്‍ പുറത്തേക്ക് തലയിട്ടപ്പോള്‍ വൈദ്യുതി തൂണിലിടിച്ചു മരിച്ചിരുന്നു. മലയോര ഹൈവേയുടെ ഭാഗമായി റോഡിന് വീതികൂട്ടിയെങ്കിലും വൈദ്യുതപോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാത്തതാണ് അപകടത്തിനുകാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."