പൊലിസ് പെരുമാറിയത് ക്രിമിനലുകളോടെന്ന പോലെ, കുടിക്കാന്‍ വെള്ളമോ ഭക്ഷണമോ നല്‍കിയില്ല കസ്റ്റഡിയിലായ മാധ്യമ പ്രവര്‍ത്തകര്‍
തലപ്പാടി (കാസര്‍കോട്): ക്രിമിനലുകളോടെന്ന പോലെയാണ് കര്‍ണാടക പൊലിസ് പെരുമാറിയതെന്ന് ഏഴ് മണിക്കൂര്‍ പൊലിസ് കസ്റ്റഡിയില്‍ കഴിയേണ്ടിവന്ന മാധ്യമ പ്രവര്‍ത്തകര്‍. കസ്റ്റഡിയില്‍വച്ച ശേഷം കര്‍ണാടക പൊലിസ് സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ കേരളാ പൊലിസിന് കൈമാറിശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഏഴ് മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചിട്ടും കുടിക്കാന്‍ വെള്ളമോ ഭക്ഷണമോ നല്‍കിയില്ല. രണ്ടു വാനിലായാണ് പൊലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. വാനിന്റെ സീറ്റില്‍ ഇരിക്കാന്‍ അനുവദിച്ചില്ല. പ്ലാറ്റ്‌ഫോമില്‍ ഇരുത്തിയായിരുന്നു സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. മൊബൈല്‍ ഫോണുകള്‍ ആദ്യം തന്നെ വാങ്ങി വച്ചിരുന്നു. പരസ്പരം സംസാരിക്കാന്‍ പോലും അനുവദിച്ചില്ല.
മംഗഌരുവിലെ വെന്‍ലോക്ക് ആശുപത്രിയുടെ മുന്‍പില്‍ വച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആദ്യമൊന്നും ഒരു തടസവും ഉണ്ടായിരുന്നില്ല. കമ്മിഷണര്‍ ഡോ.പി.എസ് ഹര്‍ഷ എത്തിയപ്പോഴാണ് അവിടെ നിന്നും മാറാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിക്ക് പുറത്തുണ്ടായിരുന്ന കമ്മിഷണര്‍ തന്നെ സ്ഥലത്തെത്തി. അദ്ദേഹമാണ് അക്രഡിറ്റേഷന്‍ കാര്‍ഡ് ചോദിച്ചത്. അത് കാണിച്ചപ്പോള്‍ കേരളത്തിലെ കാര്‍ഡാണെന്നും വെരിഫൈ ചെയ്യണമെന്നും പറഞ്ഞു. അതുവരെ വാനിനകത്ത് കയറി ഇരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ വാഹനത്തിനകത്തു കയറ്റിയപ്പോള്‍ കാമറയും മൊബൈല്‍ ഫോണും പൊലിസുകാര്‍ വാങ്ങി വച്ചു. പിന്നെ ക്രിമിനലുകളോടെന്ന പോലെയാണ് കര്‍ണാടക പൊലിസ് പെരുമാറിയത്. ഇടക്കിടെ ഭീഷണിയുമുണ്ടായി. ഫോണില്‍ പലരും വിളിക്കുന്നുണ്ടായിരുന്നുവെങ്കിലും എടുക്കാന്‍ അനുവദിക്കുകയോ അവര്‍ എടുക്കുകയോ ചെയ്തില്ല. ഏഴ് മണിക്കൂറിന് ശേഷം പ്രതികളെ കൈമാറാന്‍ കൊണ്ടു വരുന്നതുപോലെയാണ് അതിര്‍ത്തിയായ തലപ്പാടിയില്‍ എത്തിച്ചതെന്നും അവര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന്‍, കാമറാമാന്‍ പ്രതീഷ് കപ്പോത്ത്, മീഡിയാ വണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഉമര്‍, കാമറാമന്‍ കെ.കെ അനീഷ് കുമാര്‍, 24 ന്യൂസ് റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില, കാമറാമാന്‍ രഞ്ജിത്ത് മന്നിപ്പാടി, ന്യൂസ് 18 കാമറാമന്‍ സുമേഷ് മൊറാഴ എന്നിവരെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മംഗഌരുവില്‍ വച്ച് കര്‍ണാടക പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."