സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലും കടയിലും സംഘ്പരിവാര്‍ പോസ്റ്റര്‍ പതിച്ചു
പള്ളിക്കല്‍: പള്ളിക്കല്‍ പഞ്ചായത്തിലെ സി.പി.എം പുത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി പുതിയ വീട്ടില്‍ മുജീബ് റഹ്മാന്റെ വീട്ടിലും കടയിലും സംഘ്പരിവാറിന്റെ പോസ്റ്റര്‍ പ്രദര്‍ശനം.
ഇദ്ദേഹത്തിനെതിരേ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണി ഉള്ളതായും പരാതിയുണ്ട്. ശബരിമലയിലെ ഹിന്ദുവിരുദ്ധ കമ്മ്യൂണിസ്റ്റ് ഭരണകൂട ഭീകരതയെ ചെറുത്ത് തോല്‍പ്പിക്കുക എന്നെഴുതിയ ശബരിമല കര്‍മ്മ സമിതിയുടെ പേരിലുള്ള അഞ്ച് പോസ്റ്ററുകള്‍ ഇദ്ദേഹത്തിന്റെ വീടിന്റെ ഭിത്തികളിലും 25 ഓളം പോസ്റ്ററുകള്‍ കോഹിനൂറിലുള്ള കടകയുടെ ചുമരിലും ഷട്ടറിലും കടയിലെ ഫ്രിഡ്ജിനു മുകളിലും വരെ പതിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുത്തൂര്‍ ഏലോത്ത് ശിവക്ഷേത്രത്തില്‍ അഖണ്ഡയജ്ഞം നടക്കുന്നതിനോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് സി.പി.എമ്മിനെതിരേ പ്രസ്തുത പോസ്റ്റര്‍ പതിച്ചതിനെ സി.പി.എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ക്ഷേത്ര വളപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ ഒരു സംഘടനയുടെ പോസ്റ്റര്‍ പതിച്ചത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകരും സംഘടിച്ചെത്തിയതോടെ നേതൃത്വം ഇടപെട്ട് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിക്കെതിരെയുള്ള ഭീഷണിക്കും ഇതേ പോസ്റ്റര്‍ ഇയാളുടെ വീട്ടിലും കടയിലും പതിക്കാനും കാരണമെന്നാണ് നിഗമനം. മുജീബ് റഹ്മാന്‍ നല്‍കിയ പരാതിയില്‍ തേഞ്ഞിപ്പലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധിച്ചും കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."