ഇരുമ്പോത്തിങ്ങല്‍ കടവ് റഗുലേറ്റര്‍: അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം
തേഞ്ഞിപ്പലം: ഇരുമ്പോത്തിങ്ങല്‍ കടവ് റഗുലേറ്റര്‍ അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ജലസേചന വകുപ്പ് ചീഫ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കി.
തേഞ്ഞിപ്പലം, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്നതും വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകള്‍ക്കും ജലവിഭവ പദ്ധതികള്‍ക്കും ജലസേചന പദ്ധതികള്‍ക്കും ഏറെ പ്രയോജനപ്രദമാകുന്ന ഇരുമ്പോത്തിങ്ങല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് കഴിഞ്ഞ വര്‍ഷത്തില്‍ തന്നെ കിഫ്ബിയില്‍ നിന്ന് 36 കോടി വകയിരുത്തി തത്വത്തിലുളള ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ ഡിസൈനിങ്ങിനായി ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഡിസൈനിങ് റിസര്‍ച്ച് ബോര്‍ഡിന് (ഐ.ഡി.ആര്‍.ബി ) കൈമാറിയപ്പോള്‍ ഐ.ഡി.ആര്‍.ബി ചീഫ് എന്‍ജിനിയര്‍ കെ.എച്ച് ശംസുദ്ധീന്‍ സ്ഥലം സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ അപ്രോച്ച് റോഡിന് പരിഗണിച്ച സ്ഥലം പദ്ധതിക്ക് വേണ്ടത്ര യോജിച്ചതല്ലെന്നും പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് തടസമുണ്ടെന്നും സൂചിപ്പിച്ചിരുന്നു.
എന്നാല്‍ നിരവധി സാധ്യതാ പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ് ഭരണാനുമതി ലഭിച്ചതെന്നും വിദഗ്ധ സംഘത്തെ കൊണ്ട് സ്ഥല പരിശോധന നടത്തണമെന്നും വകുപ്പിലെ ഉന്നത തല യോഗം വിളിച്ച് ചേര്‍ക്കണമെന്നുമാവശ്യപ്പെട്ട് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ ജല വിഭവ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസില്‍ യോഗം ചേര്‍ന്നത്.
പാലവും അപ്രോച്ച് റോഡുമാണ് പദ്ധതിക്ക് തടസമാകുന്നതെങ്കില്‍ പാലം ഒഴിവാക്കി റഗുലേറ്റര്‍ മാത്രം സ്ഥാപിക്കാനും ബാക്കി തുകയ്ക്ക് പുഴയുടെ പാര്‍ശ്വഭിത്തി സംരക്ഷണവും ഏറ്റെടുത്ത് നടപ്പിലാക്കുന്ന സംബന്ധിച്ച് സ്ഥല പരിശോധന നടത്തി അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം സമര്‍പിക്കാനും മന്ത്രി വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കി.
ഇതോടെ പദ്ധതിക്ക് ജീവന്‍ വീഴുമെന്നാണ് സൂചന. കൂടാതെ മണ്ണട്ടാം പാറ അണക്കെട്ടിന്റെ ബലക്ഷയം വിദഗ്ദ സമിതി പരിശോധിക്കാനും യോഗത്തില്‍ ധാരണയായി. യോഗത്തില്‍ പി.അബ്ദുല്‍ ഹമീദ്.എം.എല്‍.എ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റര്‍, ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ്, മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം അന്‍വര്‍ സാദത്ത്, വളളിക്കുന്ന് ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ഇ.ദാസന്‍, പെരുവളളൂര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ഇസ്മാഈല്‍ കാവുങ്ങല്‍, ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ശിവദാസന്‍, പളളിക്കല്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പേങ്ങാട്ട് അബ്ദു, ജലസേചന വകുപ്പ് ചീഫ് എന്‍ജിനിയര്‍മാരായ കെ.എ ജോഷി, ടി.ജി സെന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."