കെട്ടകാലത്തെ പാട്ടുകള്‍
'കെട്ട കാലത്ത് കവിതയുണ്ടാകുമോ'
ഉണ്ടാകും, കെട്ടകാലത്തെ കുറിച്ചുള്ള കവിത'യെന്നത് ബ്രെഹ്തിന്റെ വരികളാണ്. ഫാസിസവും നാസിസവും നേരിട്ട് കണ്ടിട്ടുള്ള ബെര്‍ടോള്‍റ്റ് ബ്രെഹ്തിന് ഈ വരികള്‍ ഉറപ്പിച്ച് പറയാമെങ്കിലും നമുക്കും പ്രതീക്ഷിക്കാമെന്നതിന്റെ സൂചനകളാണ് ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളം കാണുന്നത്.
തികച്ചും കെട്ടകാലമാണ്. ഫാസിസം വിശ്വരൂപത്തില്‍ പ്രവര്‍ത്തിക്കുന്നു. പൗരത്വ നിയമ ഭേദഗതി എന്ന സി.എ.എ നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി ആണയിടുന്നു. അതിനൊപ്പം പുതുക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍, പ്രതിഷേധിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്ന ഐ.എല്‍.പി എന്നിവ നടപ്പിലാക്കുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം പൂര്‍ണമായി തകരുകയാണ്. അതോടൊപ്പം ഭരണഘടനയുടെ 14, 15 ആര്‍ട്ടിക്കിളുകള്‍ ഉറപ്പ് തരുന്ന തുല്യതയും മതവിശ്വാസ സ്വാതന്ത്ര്യത്തേയും ഭരണകൂടം തകര്‍ക്കുന്നു. അതോടൊപ്പം നാഷനല്‍ പോപുലേഷന്‍ രജിസ്റ്റര്‍ എന്ന സെന്‍സസിന്റെ ദശവാര്‍ഷിക കണക്കെടുപ്പ് ആരംഭിക്കുന്നു. ഇതില്‍ കലക്റ്റ് ചെയ്യുന്ന ഡാറ്റ ദേശീയ പൗരത്വ രജിസ്റ്ററിന്റെ പുതുക്കലിനായി ഉപയോഗിക്കുമെന്നുള്ളത് സുവ്യക്തമായ കാര്യമാണ്. അഥവാ ഒരു നൂറ്റാണ്ടായി ഇന്ത്യയെ ഹിന്ദു രാജ്യമാക്കണം, മുസ്‌ലിം ജനതയെ ഇവിടെ നിന്ന് പുറത്താക്കുകയോ രണ്ടാം കിട പൗരസമൂഹമാക്കി മാറ്റുകയോ വേണമെന്ന ഹൈന്ദവ തീവ്രവാദികളുടെ ആവശ്യത്തിലേയ്ക്ക് സംഘ്പരിവാര്‍ സര്‍ക്കാര്‍ ഒരു ചുവട് കൂടി കടക്കുകയാണ്. സവര്‍ക്കര്‍ രൂപം നല്‍കിയതും ഗോള്‍വാള്‍ക്കര്‍ കൃത്യമായ അജണ്ടയാക്കി നിശ്ചയിക്കുകയും ചെയ്ത ലക്ഷ്യത്തിലേയ്ക്ക് അവര്‍ പതുക്കെ അടുക്കുന്നു.
ഇതാണ് സാഹചര്യങ്ങളെങ്കിലും ഇന്ത്യന്‍ ജനത എളുപ്പത്തില്‍ കീഴടങ്ങില്ല എന്ന സൂചനകളാണ് ഈ ദിവസങ്ങളില്‍ രാജ്യത്തെല്ലായിടത്തുനിന്നും വരുന്നത്. ഇതെഴുതുമ്പോഴും ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപം ലാത്തിച്ചാര്‍ജ് നടക്കുകയാണ്. കേരളത്തില്‍ പലയിടത്തും ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയിടങ്ങളില്‍ തെരുവില്‍ മനുഷ്യര്‍ ഒന്നുചേര്‍ന്ന് പൗരത്വ ദേഭഗതി നിയമം ഇന്നാട്ടില്‍ നടപ്പാക്കില്ല എന്നാക്രോശിക്കുന്നു. കഴിഞ്ഞ രാത്രിയില്‍ ഇന്നാട്ടിലെ യുവജനങ്ങളിലൊരു വലിയ വിഭാഗം ഉറങ്ങിയിട്ടില്ല. ഇന്ത്യ ജനാധിപത്യമെന്ന നിലയില്‍ പരാജയപ്പെടുന്നുണ്ട് എന്നതില്‍ സംശയമില്ല, തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യ തോറ്റു. പ്രതിപക്ഷമായി നിലനില്‍ക്കുന്നതില്‍, ഭരണഘടനയെ സംരക്ഷിക്കുന്നതില്‍, ന്യൂനപക്ഷങ്ങളുടെ വിശ്വാസവും ജീവിതവും സംരക്ഷിക്കുന്നതില്‍, കര്‍ഷകരേയും വിദ്യാര്‍ഥികളേയും കുട്ടികളേയും സംരക്ഷിക്കുന്നതില്‍, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയുന്നതില്‍ എന്നിങ്ങനെ പല തുറകളിലും പരാജയപ്പെട്ട ഒരു ജനതയായിരിക്കുമ്പോഴും ചെറുത്ത് നില്‍പ്പിന്റെ വലിയൊരു ചരിത്രം ഇന്ത്യ മറന്നിട്ടില്ല എന്നത് ആശ്വാസകരമായ കാര്യമാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ പോരാടുന്നവര്‍ പ്രതികാര നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഭയപ്പെടുത്തിയത് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ആദിത്യനാഥ് ആണ്. ഇന്നലെ അയാള്‍ മുഖ്യമന്ത്രിയായ സംസ്ഥാനത്ത് ആറു പേരെ പൊലിസ് വെടിവച്ച് കൊന്നിരുന്നു. അതേസമയത്ത് പൊലിസ് രണ്ടാളെ വെടിവച്ച് കൊന്ന മറ്റൊരു ബി.ജെ.പി ഭരണ പ്രദേശമായ മംഗലൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളികളായ ജേണലിസ്റ്റുകളെ പൊലിസ് ഏഴുമണിക്കൂറോളമാണ് കസ്റ്റഡിയില്‍ വച്ചത്. വ്യാജ മാധ്യമപ്രവര്‍ത്തകരാണ് അവരെന്നും മാരകായുധങ്ങള്‍ കൈവശം വച്ചുവെന്നും പ്രചരിപ്പിച്ചു. ഏഷ്യാനെറ്റ്, 24 ന്യൂസ്, മാതൃഭൂമി, മീഡിയവണ്‍ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരെയും കാമറാമാന്‍മാരെയുമാണ് അറസ്റ്റ് ചെയ്തത് എന്ന വ്യക്തമായ ധാരണയുണ്ടായിട്ടും നുണകള്‍ മാത്രം പടച്ചുവിട്ട് ശീലമുള്ള ന്യൂസ് നയ്ണ്‍ എന്ന ചാനലും ഏഷ്യാനെറ്റിന്റെ തന്നെ കന്നട വിഭാഗമായ സുവര്‍ണ ചാനലും വ്യാജ ജേണലിസ്റ്റുകളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത് എന്ന കഥയ്ക്ക് കൂട്ടു നിന്നു. ആര്‍.എസ്.എസിന്റെ നുണക്കഥകള്‍ക്ക് മാത്രമായുള്ള ഡിജിറ്റല്‍ വിഭാഗമായ ജനം ടി.വിയും ഒറ്റുകാരുടെ ചരിത്രം നിലനിര്‍ത്തി ഈ നുണക്കഥ ആവോളം പ്രചരിപ്പിച്ചു.
മണിക്കൂറുകള്‍ക്ക് ശേഷം കേരളത്തിന്റെ അതിര്‍ത്തിയില്‍ കൊണ്ടുവന്ന് ഏതാണ്ട് നാടുകടത്തുന്നത് പോലെ മാധ്യമപ്രവര്‍ത്തകരെ കര്‍ണാടക പൊലിസ് ഉപേക്ഷിക്കുമ്പോള്‍ ലംഘിക്കപ്പെടുന്നത് മനുഷ്യാവകാശം മാത്രമല്ല, മാധ്യമപ്രവര്‍ത്തനത്തിന് ഈ രാജ്യം നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യവും ഫെഡറല്‍ സംവിധാനമെന്ന മര്യാദയുമാണ്. ബി.ജെ.പി ഭരിക്കുന്ന ഓരോ നാടും സ്വതന്ത്രപരാമാധികാര റിപബ്ലിക്കുകളായി മാറുകയും മനുഷ്യാവകാശവും മാധ്യമപ്രവര്‍ത്തനവും അവിടെ നടക്കില്ലെന്ന് സ്ഥാപിക്കുകയുമാണ്. കര്‍ണാടക അത്തരമൊരു ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നിയമം പാസാക്കിയത് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പുതിയൊരു നിശ്ചയദാര്‍ഢ്യം കാണുന്നുണ്ട്. അത് സംയുക്തമായൊരു ചെറുത്ത് നില്‍പ്പിന്റെ ശബ്ദമാണ്.
അഥവാ വലിയൊരു ഭരണഘടനാ പ്രതിസന്ധിയിലേയ്ക്ക് കൂടിയാണ് മോദി സര്‍ക്കാര്‍ അമിത് ഷായുടെ പൗരത്വഭേദഗതി നിയമം കൊണ്ട് രാജ്യത്തെ തള്ളിവിടുന്നത്. ഇന്ത്യന്‍ ജനതയെ ഭരണഘടനയ്ക്ക് വിപരീതമായി മതത്തിന്റെ അടിസ്ഥാനത്തില്‍ തിരിക്കുക മാത്രമല്ല, അത് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദവും ചെലുത്തുകയാണ്. എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ അവഗണിക്കുന്ന ഒരു നിയമം നടപ്പാക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കുന്നതോടെ ഇന്ത്യയുടെ ഭരണസംവിധാനങ്ങള്‍ തന്നെ തകിടം മറിയുകയാണ്.
പൗരത്വം പോലുള്ള അതിപ്രധാന വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ താല്‍പര്യവും സമവായവും വളരെ പ്രധാനമാണെന്ന കീഴ്‌വഴക്കത്തെ ആണ് കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചത്. ജി.എസ്.ടി എന്ന ഡ്രാക്കോണിയന്‍ വ്യവസ്ഥ അവസാനം ഇന്ത്യന്‍ ജനതയ്ക്ക് മേല്‍ കെട്ടിവച്ചുവെങ്കിലും ഒരു പതിറ്റാണ്ടോളം സംസ്ഥാനങ്ങളിലെ ധനമന്ത്രാലയങ്ങളുടെ താല്‍പര്യങ്ങള്‍ കേന്ദ്രം അന്വേഷിച്ചിരുന്നു. അതുപോലെ വിവിധ ആഭ്യന്തര വകുപ്പുകളുടെ താല്‍പര്യങ്ങള്‍ ഇതില്‍ പ്രധാനമാണ്.
ഫെഡറല്‍ സംവിധാനത്തിന് മേലുള്ള മറ്റൊരു അട്ടിമറിയാണ് പല സംസ്ഥാനങ്ങള്‍ക്കും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നിയമങ്ങള്‍ നടപ്പാക്കാന്‍ അനുമതി നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യക്തികളുടെ യാത്രകളെ ഈ നിയമം തടസപ്പെടുത്തുന്നത് വഴി ഇന്ത്യ എന്ന പരമാധികാര റിപബ്ലിക്കില്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള വ്യക്തികളുടെ മൗലിക സ്വാതന്ത്ര്യത്തെയാണ് കേന്ദ്രസര്‍ക്കാര്‍ ലംഘിക്കുന്നത്. ബ്രിട്ടിഷ് കാലത്ത് വിഭവങ്ങളുടെ സംരക്ഷണത്തിനായി ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നിയമങ്ങള്‍ അംഗീകരിച്ചിരുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമായിരുന്നു ഇതുവരെ ആ സ്വാതന്ത്ര്യം. അതിനെയാണ് കേന്ദ്രം നിസാരമായി അട്ടിമറിച്ചിരിക്കുന്നത്.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍, മൗലിക സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിങ്ങനെ ഇന്ത്യയുടെ പ്രാഥമിക മൂല്യങ്ങളെ ലംഘിച്ച് കൊണ്ട് ഫാസിസ്റ്റ് ദംഷ്ട്രകളുടെ പൂര്‍ണമായ പ്രകടനം കേന്ദ്ര സര്‍ക്കാര്‍ നടത്തുമ്പോഴും ചെറുത്തുനില്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ആവേശം ചെറുതല്ല. ഇരുട്ടില്‍ തപ്പിത്തടഞ്ഞ് വഴിയറിയാതെ ക്ലേശിക്കുന്ന പ്രതിപക്ഷത്തിനെ പ്രതീക്ഷയുടെ വെളിച്ചത്തിലേയ്ക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന വിദ്യാര്‍ഥികളാണ് മാതൃക. അവരാണ് ഈ കെട്ടകാലത്ത് അക്കാലത്തെ കുറിച്ചുള്ള ഗാനമെഴുതുന്നത്. അവരാണ് ഭരണകൂടത്തിന്റെ മര്‍ദനോപകരണമായ പൊലിസിന് പൂക്കള്‍ നീട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."