HOME
DETAILS

കേരളത്തിലെ കോണ്‍ഗ്രസിന് കണക്കുതീര്‍ക്കാനുള്ള സമയമല്ലിത്

  
backup
December 21 2019 | 00:12 AM

editorial-21-dec-2019-congress

 


ഡിസംബര്‍ 16ന് തിങ്കളാഴ്ച പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും പൗരത്വ നിയമഭേദഗതിക്കെതിരേയും പൗരത്വ പട്ടികക്കെതിരേയും സംയുക്തമായി നടത്തിയ സത്യഗ്രഹ സമരം കേരളം കണ്‍കുളിര്‍ക്കെയാണ് കണ്ടത്. ഒരു പൊതുശത്രുവിനെ നേരിടേണ്ടിവന്നാല്‍ അതിന് കക്ഷിരാഷ്ട്രീയ വഴക്കുകളൊന്നും പ്രതിബന്ധമല്ലെന്ന സന്ദേശം ഇതിലൂടെ ഇന്ത്യക്ക് നല്‍കുകയായിരുന്നു കേരളം. സംസ്ഥാന സര്‍ക്കാര്‍ തനിച്ച് നടത്താനിരുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പ്രതിപക്ഷത്തിനൊപ്പം സമരം സംയുക്തമായി നടത്തിക്കൂടെയെന്ന പ്രതിപക്ഷ നേതാവിന്റെ അന്വേഷണത്തോട് മുഖ്യമന്ത്രി അനുകൂലമായി പ്രതികരിക്കുകയായിരുന്നു. ഇതിന് മുമ്പ് രമേശ് ചെന്നിത്തല മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായ ഉമ്മന്‍ചാണ്ടിയുമായി കൂടിയാലോചിച്ചിരുന്നു. കേരളത്തിന്റെ കക്ഷിരാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് അവിടെ തുടക്കം കുറിച്ചത്.
ബി.ജെ.പി ഫാസിസത്തിന്റെ ദംഷ്ട്രകള്‍ പുറത്തെടുത്ത പൗരത്വ നിയമഭേദഗതിക്കെതിരേയും പൗരത്വ പട്ടികക്കെതിരേയും രാജ്യമൊട്ടാകെ പ്രതിഷേധാഗ്നിയില്‍ കത്തിയെരിയുമ്പോള്‍ വ്യതിരിക്തമായ സമരംകൊണ്ട് സംസ്ഥാനം ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെതന്നെ ശ്രദ്ധ പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനം ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരേ പോരാടുമെന്നും കേരളത്തില്‍ അത് നടപ്പാക്കുകയില്ലെന്നും മുഖ്യമന്ത്രിയുടെ ഉറച്ചശബ്ദവും ജനത ആവേശത്തോടെയാണ് സ്വീകരിച്ചത്. കേരളത്തില്‍ മുമ്പൊരിക്കലും ഇതുപോലെ ഒരു സമരം നടന്നിട്ടില്ല.
ഈയൊരു ആശയം നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും മതനിരപേക്ഷ കേരളം കടപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് യു.ഡി.എഫും എല്‍.ഡി.എഫും യോജിച്ച് സമരം നടത്തിയത് ഉചിതമായില്ലെന്നും എല്ലാവരോടും ആലോചിച്ചിട്ടില്ലെന്നും ഇനിയങ്ങനെയൊരു സമരം ഉണ്ടാവുകയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചുകളഞ്ഞത്. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാകട്ടെ ഇനിയങ്ങനെ യോജിച്ചുകൊണ്ടുള്ള സമരം ഉണ്ടാവുകയില്ലെന്ന് തീര്‍ത്ത് പറഞ്ഞിരിക്കുകയുമാണ്. ആയിരം ആളുകള്‍ക്ക് പതിനായിരം ഗ്രൂപ്പുകളുള്ള കോണ്‍ഗ്രസില്‍ ഇത് ആലോചിക്കാന്‍ തുടങ്ങിയാല്‍ എവിടെയും എത്തുകയില്ലെന്ന് രമേശ് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും ബോധ്യപ്പെട്ടിരിക്കണം. എല്ലാവരെയും പ്രത്യേകം കണ്ട് ക്ഷണിക്കാന്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്നത് സദ്യവട്ടമായിരുന്നില്ല.
രാജ്യത്തെ സര്‍വകലാശാല വിദ്യാര്‍ഥികളും നാട്ടുകാരും ജാതിമത കക്ഷി രാഷ്ട്രീയ ഭേദമന്യേ രാജ്യത്തിന്റെ നിലനില്‍പ്പ് തകര്‍ക്കുന്നവര്‍ക്കെതിരേ സമരാങ്കണത്തില്‍ സുധീരം പോരാടുമ്പോള്‍ അതിനനുസൃതമായ നീക്കം രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും ഒന്നിച്ച് നടത്തിയത് അത്രവലിയ പാതകമൊന്നുമല്ല. മാത്രവുമല്ല പൗരത്വ നിയമഭേദഗതിയും പൗരത്വ പട്ടികയും ന്യൂനപക്ഷത്തിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമായി ചുരുക്കിക്കെട്ടാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ശ്രമിച്ചിട്ടുണ്ട്. അതിനദ്ദേഹം കണ്ടെത്തിയത് സി.പി.എം ന്യൂനപക്ഷങ്ങള്‍ക്കെതിരേ മുമ്പ് നടത്തിയ ആക്രമണങ്ങളാണ്. ഇത് അദ്ദേഹം അക്കമിട്ട് നിരത്തിയിട്ടുണ്ട്. ന്യൂനപക്ഷത്തെ ഉപയോഗിച്ച് സി.പി.എം നടത്തുന്ന വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നത്.
ഇതൊരു ന്യൂനപക്ഷ ബാധിത പ്രശ്‌നമല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യം മനസിലാക്കണം. മുസ്‌ലിം ന്യൂനപക്ഷത്തെ ബാധിച്ച ഏറ്റവും വലിയ ആഘാതമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. അത് നടക്കുമ്പോള്‍ ഇന്ത്യ ഭരിച്ചിരുന്നത് പ്രധാനമന്ത്രി പി.വി നരസിംഹറാവു ആയിരുന്നു. അന്ന് ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടഞ്ഞിരുന്നുവെങ്കില്‍ ഫാസിസ്റ്റ് കക്ഷികള്‍ ശക്തിയാര്‍ജിച്ച് പൗരത്വ നിയമഭേദഗതി കൊണ്ടുവരാന്‍ ഇന്ന് ധൈര്യപ്പെടുകയില്ലായിരുന്നു. സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണത്തിന് അടിത്തറയിടാന്‍ ഊര്‍ജം നല്‍കിയത് ബാബരി മസ്ജിദിന്റെ തകര്‍ച്ചയാണ്. അന്നത്തെ പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതാവുമായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓര്‍ക്കണം. ചരിത്രം ചികയാന്‍ തുടങ്ങിയാല്‍ ഇങ്ങനെ പലതും കണ്ടെത്തേണ്ടിവരും. പക്ഷെ അതിന്റെ സമയമല്ലിപ്പോള്‍. എന്നിട്ടും അതിന്റെപേരില്‍ കോണ്‍ഗ്രസിന്റെ പില്‍ക്കാല നേതാക്കളെയോ അധ്യക്ഷന്മാരെയോ മുസ്‌ലിം ന്യൂനപക്ഷം ആക്ഷേപിച്ചിട്ടില്ല. എന്നിട്ട് ഇപ്പോള്‍ ഇന്ത്യന്‍ ജനതയെതന്നെ ബാധിക്കുന്ന ഇന്ത്യതന്നെ ഇല്ലാതാകാന്‍ പോകുന്ന ഒരവസരത്തില്‍ യു.ഡി.എഫിനൊപ്പം എല്‍.ഡി.എഫ് സമരം ചെയ്തതാണോ വലിയ പാപമായി കാണുന്നത്.
ദേശീയ പ്രസ്ഥാനത്തില്‍ ഗാന്ധിജിക്കും നെഹ്‌റുവിനുമൊപ്പം മൗലാനാ അബുല്‍കലാം ആസാദും മുഹമ്മദലി ജൗഹറും കൈകോര്‍ത്ത് മുന്നേറുമ്പോള്‍ കേരളത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനോടും കെ. മാധവന്‍ നായരോടും കണക്ക് ചോദിക്കുകയായിരുന്നില്ലേ അന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ പ്രേതങ്ങള്‍ ഇന്ന് രമേശ് ചെന്നിത്തലയോട് കണക്ക് ചോദിക്കുമ്പോള്‍ ആര്‍ക്കാണ് സംഘ്പരിവാര്‍ പട്ടം ചേരുക എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതിനേഴ് സ്ഥാനാര്‍ഥികളെയും എം.പിമാരാക്കിയത് കോണ്‍ഗ്രസിന്റെ മാത്രം തിണ്ണബലത്തിലായിരുന്നില്ല. രാജ്യത്ത് രണ്ടാമതൊരിക്കല്‍കൂടി ഫാസിസ്റ്റ് ഭരണം വരരുതെന്ന ആഗ്രഹത്തില്‍ മതനിരപേക്ഷ സമൂഹം ഒന്നിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു.
രണ്ടാം സ്വാതന്ത്ര്യ സമരമാണ് രാജ്യത്ത് നടക്കുന്നതെന്ന് തലമുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. കൊടിയുടെയും പാര്‍ട്ടികളുടെയും ജാതകം നോക്കാതെ പ്രതിഷേധിക്കുന്ന ജനതക്കൊപ്പം നില്‍ക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ വേണ്ടത്. ഇന്ത്യന്‍ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അടിത്തറയാണ് ഫാസിസ്റ്റുകള്‍ മാന്തിക്കൊണ്ടിരിക്കുന്നത്. ഈ നിര്‍ണായക ഘട്ടത്തില്‍ എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള ഒരു സമരം മാത്രമേ വിജയിക്കൂ. അത്തരമൊരു സമരത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് നേതൃത്വം നല്‍കുന്നതെങ്കില്‍ സി.പി.എമ്മിന്റെ ഭൂതകാലം ചിക്കിച്ചികയാതെ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കാന്‍ ജനാധിപത്യ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജാതിമത ഭേദമന്യേയുള്ള ജനത എന്തിന് മടിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago