ലഗേജ് കിട്ടിയില്ല; വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം
മട്ടന്നൂര്‍: എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകള്‍ ലഭിക്കാത്തതില്‍ പ്രതിഷേധം. ഇന്നലെ രാവിലെയായിരുന്നു സംഭവം. ദോഹയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 5.45ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്ര ചെയ്ത തളിപ്പറമ്പ് സ്വദേശി പി.വി ധനുഷ്, രമ്യ മോഹന്‍, മുഹമ്മദ് നിഹാസ്, ഖാദര്‍, മോഹന്‍ തുടങ്ങിയ 14 പേരുടെ ലഗേജുകളാണ് ലഭിക്കാതിരുന്നത്. വിമാനം ഇറങ്ങി യാത്രക്കാര്‍ ലഗേജ് സെക്ഷനിലെത്തി ലഗേജിനായി കാത്തിരുന്നുവെങ്കിലും ലഭിച്ചില്ല. എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍ ഒരു ലിസ്റ്റുമായെത്തി 14 പേരുടെ സാധനങ്ങള്‍ എത്തിയില്ലെന്ന് പറയുകയായിരുന്നു. ഭാരം കൂടുതലായതിനാലാണ് 14 ലഗേജുകള്‍ വിമാനത്തില്‍ കയറ്റാതിരുന്നതെന്നാണ് വിമാനക്കമ്പനി അധികൃതരുടെ മറുപടിയെന്നു യാത്രക്കാര്‍ പറഞ്ഞു.
ലഗേജു ലഭിക്കാത്തതിനെ തുടര്‍ന്നു വിമാനത്താവളത്തിനുള്ളില്‍ ഏറെനേരം യാത്രക്കാരുടെ ബഹളവുമുണ്ടായി. സാധനങ്ങള്‍ നാളെ വീട്ടിലെത്തിക്കാമെന്ന് വിമാനക്കമ്പനി ജീവനക്കാര്‍ അറിയിച്ചതോടെയാണ് യാത്രക്കാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്.
ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ധനുഷും കുടുംബവും നാട്ടിലെത്തിയത്. ചടങ്ങില്‍ പങ്കെടുക്കാനുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ലഗേജുകളാണ് ലഭിക്കാതിരുന്നതെന്ന് ധനുഷ് പറയുന്നു. ഒരു യാത്രക്കാരിയുടെ ലഗേജ് കീറിയ നിലയിലുമായിരുന്നു. ലഭിക്കാതിരുന്ന ലഗേജിന്റെ ലിസ്റ്റ് യാത്രക്കാര്‍ കസ്റ്റംസില്‍ നിന്നു വാങ്ങി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി ഇറങ്ങാനുള്ള സന്തോഷത്തോടെയാണ് വന്നതെന്നും ലഗേജു ലഭിക്കാതിരുന്നതിനാല്‍ എല്ലാ സന്തോഷവും ഇല്ലാതായതായും യാത്രക്കാര്‍ പറയുന്നു. ദോഹയില്‍ നിന്നു ഒരു മണിക്കൂറോളം വൈകിയാണ് വിമാനം പുറപ്പെട്ടതെങ്കിലും കൃത്യ സമയത്ത് കണ്ണൂരിലെത്തിയതായും യാത്രക്കാര്‍ പറഞ്ഞു. പ്രതിഷേധത്തിനു ശേഷം എട്ടരയോടെയാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."