അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍
പനമരം: സര്‍ക്കാര്‍ ജനസേവനങ്ങള്‍ക്ക് നിശ്ചയിച്ച തുക കുറവായതിനാല്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടല്‍ ഭീഷണിയില്‍. ജില്ലയിലെ 70 ഓളം അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനമാണ് അവതാളത്തിലായിരിക്കുന്നത്.
കേന്ദ്രങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് നല്‍കുന്ന വിവിധതരം സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക കൊണ്ട് കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്തതാണ് അക്ഷയ കേന്ദ്രം നടത്തിപ്പുകാരെ പ്രതിസന്ധിയിലാക്കുന്നത്. 2002ല്‍ ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ നിശ്ചയിച്ച തുകയാണ് ഇപ്പോഴും ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്നത്. വര്‍ഷം തോറും പൊതു വിപണിയിലും അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചിട്ടും അതിന് ആനുപാതികമായി അക്ഷയ കേന്ദ്രങ്ങളിലെ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കംപ്യൂട്ടര്‍ സാക്ഷരതാമിഷന്‍ പ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ നിലവില്‍ ആധാര്‍ കാര്‍ഡ്, വില്ലേജ് സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ അനുബന്ധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്രങ്ങള്‍ നടത്തുന്നത്.
സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ചെയ്യിക്കുന്ന വിവിധ സേവനങ്ങളുടെ ഡാറ്റാ എന്‍ട്രി ജോലികളുടെ സര്‍ക്കാര്‍ വിഹിതമായി ലഭിക്കേണ്ട തുക കൃത്യമായി ലഭിക്കാത്തതും കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. പലപ്പോഴും സര്‍ക്കാര്‍ ഏല്‍പിക്കുന്ന ജോലികള്‍ ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞാലും അതിന് നിശ്ചയിച്ച നാമമാത്ര തുക ലഭിക്കുന്നില്ലെന്നും ഉടമകള്‍ പറയുന്നു. മാസത്തില്‍ ശരാശരി 25000 രൂപയാണ് വരുമാനമെങ്കിലും ഇതിനേക്കാള്‍ കൂടുതല്‍ രൂപ ചിലവാകുന്നുണ്ട്.
നഗരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഉള്‍ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളാണ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എസ്.സി.എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം നല്‍കിയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയും നേരത്തെ ചെയ്ത ജനസമ്പര്‍ക്ക പരിപാടി, റേഷന്‍കാര്‍ഡ്, തണ്ടപേപ്പര്‍ എന്നിവയുടെ ഡാറ്റാ എന്‍ട്രി തുകയും ഇതുവരെ ലഭിച്ചിട്ടില്ല. കൂടാതെ കേന്ദ്രങ്ങള്‍ക്ക് മുന്‍ യു.പി.എ സര്‍ക്കാര്‍ അനുവദിച്ച ഗ്രാന്റും ഇതുവരെ അധികൃതര്‍ വിതരണം ചെയ്തിട്ടില്ല. ഇതിനാവശ്യമായ തുക കേരള ഐ.ടി മിഷന്‍ ഓഫിസില്‍ എത്തിയെങ്കിലും വിതരണത്തിന് ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി.
ഈയിനത്തില്‍ ജില്ലയില്‍ രണ്ടു ലക്ഷത്തോളം രൂപ എത്തിയിരുന്നെങ്കിലും വിതരണം ചെയ്തിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഓണം അലവന്‍സായി 2000 രൂപ അനുവദിക്കണമെന്നാണ് അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ ആവശ്യം. നിലവിലെ അക്ഷയകേന്ദ്രങ്ങളിലെ കുടിശിക തീര്‍പ്പാക്കുക, അക്ഷയ സെന്ററിന് ഭീഷണിയായി വരുന്ന സമാന്തര സര്‍വിസ് നിര്‍ത്തലാക്കുക, സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കാനൊരുങ്ങുകയാണ് കേന്ദ്രം നടത്തിപ്പുകാരുടെ സംഘടനയെന്ന് അക്ഷയകേന്ദ്രം ജില്ലാ അസോസിയേഷന്‍ ഐ.ടി എംപ്ലോയിസ് യൂനിയന്‍ പ്രസിഡന്റ് അനീഷ് ബി.നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."