ഗവര്‍ണര്‍ വിളിച്ചയുടന്‍ മുഖ്യമന്ത്രി പോയതു ശരിയായില്ലെന്ന് കാനം
തിരുവനന്തപുരം: ഗവര്‍ണര്‍ വിളിച്ചയുടന്‍ അനുസരണയുള്ള കുട്ടിയെപ്പോലെ മുഖ്യമന്ത്രി പോയതു ശരിയായില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഗവര്‍ണറുടേത് ഭരണഘടനാവിരുദ്ധമായ നടപടിയാണ്. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനുമിടയിലെ ഏജന്റാണ് ഗവര്‍ണര്‍. അതിനപ്പുറം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആജ്ഞാപിച്ച് വശത്താക്കാന്‍ ശ്രമിക്കുന്നത് നിയമപരമായി പരിശോധിക്കണം. ഇല്ലാത്ത അധികാരം മുഖ്യമന്ത്രിയോ മന്ത്രിമാരോ ആരായാലും ഉപയോഗിക്കുന്നത് ശരിയല്ല. സെക്രട്ടേറിയറ്റിലും അധികാര കൈയേറ്റം നടക്കുന്നു. മൂന്നാര്‍ വിഷയത്തില്‍ റവന്യൂ മന്ത്രിയില്ലാതെ എത്ര യോഗം ചേര്‍ന്നിട്ടും കാര്യമില്ല. ഭൂപരിഷ്‌കരണ നിയമമനുസരിച്ച് മൂന്നാറിലെ കാര്യങ്ങള്‍ നടക്കും. യോഗങ്ങള്‍ ഇനിയും നടക്കട്ടെ. പക്ഷെ നിയമങ്ങള്‍ നടപ്പാക്കണമെങ്കില്‍ റവന്യൂ മന്ത്രി അറിയണം.
അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഉല്‍പന്നമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. എന്നാല്‍, ആ സര്‍ക്കാര്‍ തന്നെ വിവാദങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയായി മാറി. ജനപക്ഷ നിലപാടുകളുമായി മുന്നോട്ടുപോയാല്‍ എല്‍.ഡി.എഫ് സര്‍ക്കാരിനു മികച്ച രീതിയില്‍ മുന്നേറാന്‍ സാധിക്കും. കെ.എസ്.ആര്‍.ടി.സിയില്‍ പണിമുടക്കിയവരെ സ്ഥലം മാറ്റിയ നടപടി ശരിയായില്ല. തൊഴിലാളികള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുന്നത് ഇടതുസര്‍ക്കാരിനു യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."