വ്യാജ കാര്‍ഗോ ഏജന്‍സികള്‍: ഡി.ആര്‍.ഐ അന്വേഷണം ആരംഭിച്ചു
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കാര്‍ഗോ കയറ്റുമതി ചെയ്യുന്ന വ്യാജ ഏജന്‍സികളെ കുറിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) വിഭാഗം അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ബുധനാഴ്ച കാര്‍ഗോ വഴി മലേഷ്യയിലേക്ക് കയറ്റി അയക്കാന്‍ ശ്രമിക്കുന്നതിനിടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 82 കോടി രൂപ വിലയുള്ള 55 കിലോ ഗ്രാം 'എഫഡ്രിന്‍' എന്ന മയക്കുമരുന്ന് ഡി.ആര്‍.ഐ വിഭാഗം പിടികൂടിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തില്‍ ചെന്നൈ കേന്ദ്രമായ ഏജന്‍സിയാണ് കാര്‍ഗോ ബുക്ക് ചെയ്തിരുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ ഏജന്‍സിയുടെ വിശദവിവരങ്ങള്‍ തേടി ചെന്നൈയില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജ ഏജന്‍സിയാണെന്നാണ് കണ്ടെത്തിയത്. ഡി.ആര്‍.ഐ ചെന്നൈ യൂനിറ്റിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്.
ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. ഇവര്‍ കൊച്ചിയിലെ ഏജന്‍സിയുമായി ബന്ധപ്പെട്ട മൊബൈല്‍ നമ്പറുകള്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചിയിലെ ഏജന്‍സിയില്‍ ഡി.ആര്‍.ഐ വിഭാഗം പരിശോധന നടത്തി പരമാവധി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ഇതിനിടയില്‍ വേറെയും വ്യാജ ഏജന്‍സികള്‍ വഴി കാര്‍ഗോ കയറ്റി അയക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ഈ വഴിക്കു കൂടി നീങ്ങുന്നത്. നിരവധി ഏജന്‍സികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. പലപ്പോഴും ഒരേ കൂട്ടര്‍ തന്നെ പല പേരുകളിലാണ് എത്തുന്നത്. വളരെ നേരത്തേ തന്നെ നെടുമ്പാശേരിയിലെ കാര്‍ഗോ വഴി നിയമവിരുദ്ധ ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്നതായി ഇന്റലിജന്‍സ് വിഭാഗം സംശയം പ്രകടിപ്പിച്ചിരുന്നു. എല്ലാ കാര്‍ഗോകളും തുറന്നു പരിശോധിക്കുക എന്നത് പ്രായോഗികമല്ല.
മെറ്റല്‍ ഡിറ്റക്ടര്‍, എക്‌സറെ പരിശോധനകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കസ്റ്റംസ് വിഭാഗത്തിനും സംശയം തോന്നുന്ന പെട്ടികള്‍ മാത്രമാണ് തുറന്നു പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം ഡി.ആര്‍.ഐക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. കാര്‍ഗോ കയറ്റുമതിക്കായി എത്തുന്ന പല ഏജന്‍സികളും ചെന്നൈ, മുംബൈ, മംഗലാപുരം എന്നീ നഗരങ്ങള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇവയില്‍ ചിലതിന് മാത്രമാണ് കൊച്ചിയില്‍ ബ്രാഞ്ച് ഉള്ളത്. ഈ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജപേരില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ പലപ്പോഴും കൊച്ചിയിലെ മറ്റ് ഏജന്‍സികള്‍ വഴിയാണ് കാര്‍ഗോ ബുക്ക് ചെയ്യുന്നത്. ഇത്തരത്തില്‍ കാര്‍ഗോ ബുക്ക് ചെയ്യുമ്പോള്‍ കൊച്ചിയിലെ ഏജന്‍സിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിമാനത്താവളത്തില്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായ ഇത്തരം കേസുകള്‍ പിടിക്കപ്പെട്ടാല്‍ തന്നെ യഥാര്‍ഥ ഏജന്‍സിയെ കണ്ടെത്തുക പ്രയാസകരമാണ്. നിയമപരമായി രജിസ്‌ട്രേഷനുള്ള ഏജന്‍സികള്‍ക്ക് മാത്രമെ കാര്‍ഗോ വഴി സാധനങ്ങള്‍ കയറ്റി അയക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് പേരില്‍ മാത്രമുള്ള അന്തര്‍ സംസ്ഥാന ഏജന്‍സികള്‍ മറ്റ് ഏജന്‍സികളുടെ സഹായം തേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."