മനുരത്ന കതിരണിഞ്ഞു; കര്‍ഷകര്‍ ആഹ്ലാദത്തില്‍
അന്തിക്കാട്: മാങ്ങാട്ടുകരയിലെ വട്ട നിലങ്ങളില്‍ മനു രത്ന കതിരണിഞ്ഞതോടെ കര്‍ഷകര്‍ ആഹ്ലാദ തിമര്‍പ്പില്‍. വര്‍ഷങ്ങളായി തരിശു കിടന്ന വട്ട നിലങ്ങളിലാണ് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം കൃഷിയിറക്കിയത്.
അപൂര്‍വ ഇനം നെല്‍വിത്തായ മനു രത്നയാണ് കര്‍ഷക കൂട്ടായ്മ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കിയത്. മൂപ്പ് കുറവായതിനാല്‍ വിതകഴിഞ്ഞ് 90 ദിവസമായാല്‍ വിളവെടുപ്പ് നടത്താന്‍ കഴിയുമെന്നതാണ് മനു രത്ന നെല്‍വിത്തിന്റെ പ്രത്യേകത.
വിത കഴിഞ്ഞു രണ്ടു മാസമായപ്പോഴേക്കും കതിരണിഞ്ഞ നെല്‍ച്ചെടികള്‍ വട്ട നില കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പ് നടക്കും. നൂറുമേനി വിളവ് ലഭിച്ചാല്‍ വട്ട നില കൃഷിയിലേക്ക് കൂടുതല്‍ കര്ഷകരെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ അരി ഉല്പാദിപ്പിക്കാന് ഇതിലൂടെ സാധിക്കും. അഞ്ചേക്കര്‍ വട്ട നിലത്തിലാണ് മനു രത്ന കൃഷിയിറക്കിയിട്ടുള്ളത്.വെള്ള ക്ഷാമം മാത്രമാണ് വട്ട നിലകര്ഷകര് നേരിടുന്ന പ്രതിസന്ധി. കോള്‍ പടവുകളില്‍ നെല്‍കൃഷിയെ ബാധിക്കുന്ന രോഗങ്ങളൊന്നും വട്ട നിലങ്ങളില്‍ ഉണ്ടായിട്ടില്ലയെന്നത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."