സി.പി.എം സംസ്ഥാന സമ്മേളനം തൃശൂരില്‍
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം അടുത്തവര്‍ഷം ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഫെബ്രുവരി 23 മുതല്‍ 28 വരെയാണ് സമ്മേളനമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കും. ഒരു ദിവസം മുഴുവന്‍ സമയമെടുത്താകും ബ്രാഞ്ച് സമ്മേളനങ്ങള്‍ ചേരുക. ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ നടക്കും. ഏരിയാ സമ്മേളനങ്ങള്‍ നവംബര്‍ 15നും ഡിസംബര്‍ 15നും ഇടയില്‍ പൂര്‍ത്തിയാക്കും. ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ അവസാനത്തോടെ ആരംഭിച്ച് ജനുവരിയില്‍ അവസാനിക്കും. ജില്ലാ സമ്മേളനങ്ങളുടെ തിയതിയും അദ്ദേഹം പ്രഖ്യാപിച്ചു.
തൃശൂര്‍-വയനാട് ( ഡിസംബര്‍ 26, 27, 28), കാസര്‍കോട്-പത്തനംതിട്ട (ഡിസംബര്‍ 29,30,31), കോഴിക്കോട്-കോട്ടയം (ജനുവരി 2,3,4), കൊല്ലം-മലപ്പുറം (ജനുവരി 5,6,7), ഇടുക്കി-പാലക്കാട് (ജനുവരി 8,9,10), തിരുവനന്തപുരം-ആലപ്പുഴ (ജനുവരി 13,14,15), എറണാകുളം (ജനുവരി 16,17,18), കണ്ണൂര്‍ (ജനുവരി 19,20,21) എന്നിങ്ങനെയാണ് ജില്ലാ സമ്മേളനങ്ങള്‍ നടക്കുക.
ഏരിയാ കമ്മിറ്റിയില്‍ 19 അംഗം എന്നത് ജില്ലാ കമ്മിറ്റിയുടെ അനുമതിയോടെ 21 ആയി വര്‍ധിപ്പിക്കും. വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കും. ദേശീയതലത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഓഗസ്റ്റ് 26ന് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടായിരം കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. സെപ്റ്റംബര്‍ ഒന്നിന് ലോക സമാധാന ദിനമായി ആചരിക്കും. കണ്ണൂരിലെ നായനാര്‍ മ്യൂസിയം പൂര്‍ത്തിയാക്കാന്‍ ഫണ്ട് പിരിവ് നടത്താനും സംസ്ഥാന സമിതി തീരുമാനിച്ചതായി കോടിയേരി അറിയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ കേന്ദ്രം സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും.
കേരളത്തിലെ കേന്ദ്രസ്ഥാപനങ്ങളെല്ലാം വിറ്റഴിക്കുകയാണ്. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് രണ്ടാക്കാനുള്ള നടപടികളാണ് കേന്ദ്രം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."