സര്‍ക്കാരിന്റെ ഭീഷണി ഫലിച്ചു: 20,263 സര്‍ക്കാര്‍ ജീവനക്കാര്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവായി
തിരുവനന്തപുരം: അനര്‍ഹമായി റേഷന്‍ മുന്‍ഗണനാപട്ടികയില്‍ ഇടംനേടിയ സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടി ഫലം കണ്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ കൂട്ടത്തോടെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവായിത്തുടങ്ങി.
ഇതുവരെ 20,263 സര്‍ക്കാര്‍ ജീവനക്കാര്‍ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കാനായി വിവിധ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കൂവെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തതിനെ തുടര്‍ന്നാണ് ജീവനക്കാരും പെന്‍ഷന്‍കാരും കൂട്ടത്തോടെ അപേക്ഷ നല്‍കിയത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത്. 4,120പേര്‍.
തൊട്ടുപിന്നില്‍ കൊല്ലം ജില്ലയാണ്. 3,754 പേരാണ് ഇവിടെ അപേക്ഷ നല്‍കിയത്. കണ്ണൂരില്‍ 2,562 പേരും അപേക്ഷ നല്‍കി. മറ്റു ജില്ലകളിലെ അപേക്ഷകരുടെ എണ്ണം ഇങ്ങനെ:
പത്തനംതിട്ട- 1,459, ആലപ്പുഴ- 1,943, കോട്ടയം- 968, ഇടുക്കി-382, എറണാകുളം-1,883, -തൃശൂര്‍-1,185, പാലക്കാട്- 1,589, കോഴിക്കോട് - 519, മലപ്പുറം-1,565, വയനാട്- 427, കാസര്‍കോട്- 579.
മുന്‍ഗണനാ പട്ടികയില്‍ പേരുള്ള സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ അടുത്ത മാസത്തെ ശമ്പളം എഴുതുന്നതിനു മുന്‍പ് ശേഖരിച്ചു നല്‍കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ വകുപ്പ് തലവന്മാര്‍ക്ക് നിര്‍ദേശം നല്‍കി.
അടുത്ത ശമ്പളം എഴുതുന്നതിനു മുന്‍പ് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ശമ്പള വിതരണത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥന് കൈമാറണം. കൂടാതെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ കുറിച്ച് വിവരം നല്‍കാന്‍ പി.എഫ് കമ്മിഷണര്‍ക്കും കത്തു നല്‍കിയിട്ടുണ്ട്. മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയിട്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭക്ഷ്യവകുപ്പുമന്ത്രി പി. തിലോത്തമന്‍ കേന്ദ്രത്തിനു കത്തയക്കുകയും ചെയ്തു.
ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശമുള്ളവരുടെ പട്ടിക നല്‍കണമെന്നു റവന്യൂ വകുപ്പിനോടും കാറും മറ്റു വാഹനങ്ങളും ഉള്‍പ്പെടെയുള്ളവരുടെ പട്ടിക തയാറാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനോടും ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടു. വിദേശത്തു ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കണമെന്നു നോര്‍ക്ക വകുപ്പിനും നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടു നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ പരിശോധന നടത്തിയത്. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമ പ്രകാരം 1,54,80,040 ലക്ഷം പേര്‍ക്കാണ് സൗജന്യ റേഷന് അര്‍ഹതയുള്ളത്. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച അന്തിമ പട്ടികക്കെതിരേ 5,14,103 പേരുടെ പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണു നിരവധി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ പട്ടികയില്‍ ഇടംപിടിച്ചതായി മനസിലായത്. മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പൊതു, സഹകരണ മേഖലാ ജീവനക്കാരും അധ്യാപകരും വ്യവസായികളും വ്യാപാരികളും പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ട്. ആധായ നികുതി അടയ്ക്കുന്നവര്‍ പോലും ഇങ്ങനെ അനര്‍ഹമായി പട്ടികയില്‍ ഉള്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്.
മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റുള്ളവര്‍ക്കും സ്വയം ഒഴിഞ്ഞുപോകാന്‍ സര്‍ക്കാര്‍ പത്തുവരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ കാര്‍ഡിന്റെ വിഭാഗം മാറ്റിയില്ലെങ്കില്‍ ഇവര്‍ക്കെതിരേ 1955 ലെ അവശ്യ സാധനനിയമം പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 120 പ്രകാരവും നടപടി സ്വീകരിക്കും. ഒരു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കുന്നതിനൊപ്പം റേഷന്‍ കാര്‍ഡ് സ്ഥിരമായി റദ്ദ് ചെയ്യാനും വ്യവസ്ഥയുണ്ട്. കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ മാര്‍ക്കറ്റ് വില ഈടാക്കുന്നതുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."