തൃശൂര്‍ കോര്‍പറേഷന്‍ മേയറായി അജിത വിജയന്‍ തെരഞ്ഞെടുക്കപ്പെട്ടു
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ മേയറായി അജിത വിജയന്‍ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 55ല്‍ 27 വോട്ട് നേടിയാണ് സി.പി.ഐ പ്രതിനിധിയായ അജിത വിജയന്‍ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ ടി.വി അനുപമയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് ശേഷം അജിത വിജയന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്തു.
എതിര്‍സ്ഥാനാര്‍ഥിയായി മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി സുബി ബാബുവിന് 21 വോട്ടുകളാണ് ലഭിച്ചത്.
കണിമംഗലം ഡിവിഷന്‍ കൗണ്‍സിലറായ അജിത വിജയന്‍ നിലവില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയാണ്.
തൃശൂര്‍ നഗരത്തിന്റെ വികസന തുടര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്ന് മേയറായി ചുമതലയേറ്റ ശേഷം അജിത വിജയന്‍ പറഞ്ഞു.
ദീര്‍ഘവീഷണത്തോടെയുള്ള നിരവധി പദ്ധതികള്‍ക്ക് എല്‍.ഡി.എഫ് ഭരണസമിതി തുടക്കം കുറിച്ചിട്ടുണ്ട്. അവ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കണമെങ്കില്‍ കൂട്ടായപ്രവര്‍ത്തനം ആവശ്യമാണ്.
അതിനായി 55 കൗണ്‍സിലര്‍മാരോടൊത്ത് ഏകപക്ഷമായി മുന്നോട്ടു പോകുമെന്നും സമൂഹത്തിന്റെയും പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മേയര്‍ പറഞ്ഞു.
നിലവില്‍ സി.പി.ഐ ജില്ലാകമ്മിറ്റിയംഗമായ അജിത വിജയന്‍, മഹിളാസംഘം ജില്ലാകമ്മിറ്റിയംഗം, എ.ഐ.ടി.യു.സി ജില്ലാകമ്മിറ്റിയംഗം, അങ്കണവാടി ഹെല്‍പ്പേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
അങ്കണവാടി ടീച്ചറായ അജിത വിജയന്‍ വിവാഹശേഷമാണ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാകുന്നത്.
പിന്നീട് കണിമംഗലം വാര്‍ഡ് വനിതാസംവരണമാക്കിയപ്പോള്‍ യാദൃശ്ചികമായി മത്സരരംഗത്തേക്കെത്തുകയായിരുന്നു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അജിത വിജയന്‍ കാഴ്ചവെച്ചത്. സി.പി.ഐ കൂര്‍ക്കഞ്ചേരി ലോക്കല്‍ സെക്രട്ടറി വിജയകുമാര്‍ ആണ് ഭര്‍ത്താവ്. ആതിര ശ്രീകുമാര്‍ മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."