ഏനാമാക്കല്‍ വളയം ബണ്ട് നിര്‍മാണം ഇഴയുന്നു: കര്‍ഷകര്‍ ആശങ്കയില്‍
അന്തിക്കാട്: ഏനാമാക്കല്‍ വളയം ബണ്ട് നിര്‍മാണം ഇഴയുന്നത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. വേലിയേറ്റ സമയത്ത് ഏനാമാവ് റഗുലേറ്ററിനിടയിലൂടെ ഉപ്പുവെള്ളം വന്‍തോതില്‍ കോള്‍ മേഖലയിലേക്ക് എത്തുന്നതാണ് കര്‍ഷകരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
റഗുലേറ്ററിലൂടെ എത്തുന്ന ഉപ്പുവെള്ളം കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള കോള്‍ പടവുകളിലേക്ക് എത്തിയതോടെ കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. കോള്‍ പടവുകളിലേക്ക് ഉപ്പുവെള്ളം വ്യാപകമായി കയറിയാല്‍ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ഉപ്പ് വെള്ളം കടക്കാതിരിക്കാന്‍ താല്‍ക്കാലിക വളയം ബണ്ട് കെട്ടാന്‍ വൈകിയതാണ് പ്രശ്‌നത്തിനു കാരണം. തുലാം മഴ കുറഞ്ഞതോടെ ഇതിനുള്ള ഏര്‍പ്പാടുകള്‍ ജലസേചന വകുപ്പ് നേരത്തെ ചെയേണ്ടതായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ജലസേചന വകുപ്പിന്റെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. മെയിന്‍ ചാലില്‍ ഉപ്പിന്റെ അംശം 2.5 ഇസിയും പടവുകളിലെ ചാലില്‍ 1.5 ഇസിയുമാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് അപകടകരമായ അവസ്ഥയാണ്. ചാലുകളിലെ വെള്ളം ഇപ്പോള്‍ പടവുകളിലേക്ക് പമ്പ് ചെയ്യരുതെന്ന് കൃഷി വകുപ്പധികൃതര്‍ കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കായലിലെ ജലനിരപ്പിനേക്കാള്‍ കോള്‍ ചാലുകളിലെ ജലനിരപ്പ് ഉയര്‍ന്നു നിന്നാല്‍ മാത്രമാണ് ഉപ്പുവെള്ളത്തെ പ്രതിരോധിക്കാന്‍ സാധിക്കുക.
എന്നാല്‍ കോള്‍ ചാലുകളില്‍ ഇപ്പോള്‍ പരിമിതമായ വെള്ളം മാത്രമാണുള്ളത്. മുളയും ചെമ്മണ്ണും ഉപയോഗിച്ചാണ് വളയം ബണ്ട് നിര്‍മാണം നടക്കുന്നത്. ബണ്ട് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."