രാജ്യസഭയില്‍ ബി.ജെ.പി കോണ്‍ഗ്രസിനെ മറികടന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാജ്യസഭ എം.പിമാരുടെ എണ്ണത്തില്‍ ബി.ജെ.പി കോണ്‍ഗ്രസിനെ മറികടന്നു.
മധ്യപ്രദേശില്‍ നിന്നുള്ള സമ്പാദിയ ഉകി പുതിയതായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അംഗങ്ങളുടെ എണ്ണത്തില്‍ ഏറ്റവും വലിയ പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇതോടെ ബി.ജെ.പിക്ക് 58 അംഗങ്ങളാണ് രാജ്യസഭയിലുള്ളത് കോണ്‍ഗ്രസിന് 57 അംഗങ്ങളും.എന്നാല്‍ 245 സീറ്റുള്ള സഭയില്‍ കേവലഭൂരിപക്ഷം കേന്ദ്ര സര്‍ക്കാരിനില്ല. 2018വരെ കോണ്‍ഗ്രസായിരിക്കും ഏറ്റവും കൂടുതല്‍ അംഗബലമുള്ള പാര്ട്ടിയെന്നാണെങ്കിലും രണ്ട് അംഗങ്ങള്‍ മരിച്ചതോടെ ഒന്നാം സ്ഥാനം അവര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ മെയ്മാസം കേന്ദ്ര മന്ത്രിയായിരുന്ന അനില്‍ മാധവ് ധവെ മരിച്ച ഒഴിവിലാണ് ഏകകണ്ഠമായി സമ്പാദിയ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ 9 സീറ്റുകളുടെ ഒഴിവ് രാജ്യസഭയിലുണ്ടായിട്ടുണ്ട്. ബംഗാളില്‍ നിന്ന് ആറ് സീറ്റുകളും ഗുജറാത്തില്‍ നിന്ന് 3 സീറ്റുകളുമാണ് ഇത്. ഗുജറാത്തില്‍ നിന്ന് രണ്ട് എം.പിമാരെ വിജയിപ്പിക്കാന്‍ ബി.ജെ.പിക്ക് കഴിയും. ഒരു സീറ്റില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ വിജയിച്ചേക്കും. ബംഗാളില്‍ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ കാലാവധി അവസാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഒരു സീറ്റില്‍ മാത്രമേ പാര്‍ട്ടിക്ക് വിജയിക്കാനാകുകയുള്ളൂ. നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ നിന്ന് അഞ്ചു സീറ്റുകളിലേക്ക് അംഗങ്ങളെ വിജയിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കഴിയും.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ ഒഴിവുവരുന്ന 9 രാജ്യസഭാ സീറ്റുകളില്‍ എട്ടെണ്ണത്തില്‍ വിജയിക്കാന്‍ ഇപ്പോഴത്തെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പിക്ക് കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."