കശ്മിര്‍ ഭീകരര്‍ക്കായി പണം വരുന്നത് പാക്, ദുബൈ, ലണ്ടന്‍ സ്രോതസുകളില്‍ നിന്ന്
ന്യൂഡല്‍ഹി: കശ്മിരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വ്യാപകമായി പണമൊഴുകുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി എന്‍.ഐ.എ. വിഘടനവാദി നേതാക്കളിലേക്ക് അന്വേഷണം നീണ്ടതോടെയാണ് ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായതെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു.
ഹുര്‍റിയത്ത് നേതാക്കള്‍ക്ക് പാകിസ്താനില്‍ നിന്ന് മാത്രമല്ല ദുബൈ, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് ഭീകര പ്രവര്‍ത്തനത്തിനുള്ള ഫണ്ട് എത്തിയിട്ടുണ്ടെന്നാണ് അറസ്റ്റിലായ വിഘടന വാദി നേതാവ് ഷാഹിദുല്‍ ഇസ്‌ലാം വ്യക്തമാക്കിയതെന്ന് എന്‍.ഐ.എ അറിയിച്ചു.
കഴിഞ്ഞ മാസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷാഹിദില്‍ നിന്ന് 150 ഭീകരരുടെ പട്ടിക പിടിച്ചെടുത്തതോടെയാണ് ഇക്കാര്യത്തില്‍ ചില വ്യക്തതകള്‍ ലഭിച്ചതെന്ന് എന്‍.ഐ.എ പറഞ്ഞു.
ഹുര്‍റിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ അടുത്ത അനുയായിയാണ് ഷാഹിദ്. ഇയാള്‍ വിഘടനവാദി വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1990ല്‍ പാക് അധിനിവേശ കശ്മിരിലേക്ക് പരിശീലനത്തിനുപോയ അദ്ദേഹം അവിടെ ഭീകരരെ ഇന്ത്യയിലേക്ക് കടത്തി വിടുന്നതിനുള്ള കേന്ദ്രങ്ങള്‍ കണ്ടിരുന്നതായും എന്‍.ഐ.എയോട് വെളിപ്പെടുത്തിയിട്ടുണ്ട്. പരിശീലന ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ഷാഹിദ് പിന്നീട് പൊലിസിനുമുന്‍പാകെ കീഴടങ്ങി. തുടര്‍ന്ന് ഹുര്‍റിയത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.
കശ്മിരില്‍ ഭീകര പ്രവര്‍ത്തനത്തിനായി വ്യാപകമായ തോതില്‍ പണം വരുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഷാഹിദ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് അന്വേഷണ സംഘത്തിന് വലിയ മുതല്‍ക്കൂട്ടാണ്.
ഷാഹിദില്‍ നിന്ന് കണ്ടെടുത്ത 150 വിഘടനവാദി നേതാക്കളെ സംബന്ധിച്ച പട്ടികയില്‍ കശ്മിരില്‍ ഭീകര പ്രവര്‍ത്തനം നടത്താനുള്ള പദ്ധതി എത്രമാത്രം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ്. പട്ടികയില്‍ ഭീകരരുടെ പേര്, എവിടെ പ്രവര്‍ത്തിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഷ്‌കറെ ത്വയ്ബയുടെ 82 പ്രവര്‍ത്തകര്‍ കശ്മിര്‍ താഴ്‌വരയില്‍ സജീവപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ഹിസ്ബുല്‍ മുജാഹിദീനിലെ 64 പേരും ജെയ്‌ഷെ മുഹമ്മദിന്റെ 10 പേരും അല്‍ ബദ്ര്‍ന്റെ 2 പേരും സജീവമായി കശ്മിരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വിഘടനവാദി നേതാക്കളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണ്. ഷാഹിദുല്‍ ഇസ്്‌ലാം അടക്കം ആറുപേരെയാണ് എന്‍.ഐ.എ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് എന്‍.ഐ.എ ഓഫിസര്‍ അലോക് മിത്തല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."