റെയില്‍വേ സ്റ്റേഷന് ആര്‍.എസ്.എസ് നേതാവിന്റെ പേര്: പാര്‍ലമെന്റില്‍ ബഹളം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ചരിത്രപ്രധാനമായ മുഗള്‍സരായി റെയില്‍വേ സ്റ്റേഷന് ആര്‍.എസ്.എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേര് നല്‍കിയതിനെച്ചൊല്ലി രാജ്യസഭയില്‍ പ്രതിപക്ഷബഹളം.
റെയില്‍വേ സ്റ്റേഷന്റെ പേരു മാറ്റിയതിനെതിരേ യു.പിയില്‍ നിന്നുള്ള ബി.എസ്.പി, സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ രാജ്യസഭാ നടപടികള്‍ തടസപ്പെട്ടു. വിഷയത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാള്‍ നോട്ടിസ് നല്‍കി. 1862ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഹൗറയെ ഡല്‍ഹിയുമായി ബന്ധിപ്പിച്ച് പുതിയ പാത നിര്‍മ്മിച്ച കാലത്ത് ആരംഭിച്ച റെയില്‍വേ സ്റ്റേഷനാണ് മുഗള്‍സരായി.
റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റം രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നരേഷ് അഗര്‍വാള്‍ ആരോപിച്ചു. എന്നാല്‍ വിഷയം ശൂന്യവേളയില്‍ അവതരിപ്പിക്കാന്‍ നിര്‍ദേശിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ അനുമതി നിഷേധിച്ചു. ഇതേതുടര്‍ന്ന് എസ്.പി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സഭ 10മിനുട്ട് നേരത്തേക്ക് നിര്‍ത്തിവച്ചു.
അതേസമയം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി ബില്ല് ലോക്‌സഭ പാസാക്കി. എണ്ണ ഉല്‍പാദനത്തില്‍ ആഭ്യന്തര വിഭവ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നടപടിസ്വീകരിക്കണമെന്ന് ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച എന്‍.കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. എണ്ണ ഉപഭോഗത്തിന്റെ 75 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്ത് തദ്ദേശീയ എണ്ണ വിഭവ സ്രോതസുകള്‍ ഉപയോഗപ്പെടുത്താത്തത് കുറ്റകരമായ അനാസ്ഥയാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഫീസ് ഘടന സാധാരണക്കാര്‍ക്ക് താങ്ങാവുന്നതായിരിക്കണം.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍വഹണ ചുമതലാ സമിതികളായ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ്, ജനറല്‍കൗണ്‍സില്‍, സെനറ്റ് എന്നിവയില്‍ പരിസ്ഥിതി സംരക്ഷണ മന്ത്രാലയത്തിന്റെയും പരിസ്ഥിതി രംഗത്തെ വിദഗ്ധരെയുംകൂടി ഉള്‍പ്പെടുത്തണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധമായി അദ്ദേഹം അവതരിപ്പിച്ച 11 ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളിയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."