അട്ടപ്പാടിയിലെ അങ്കണവാടികള്‍ ഇനി പ്രീ-ഫാബ് ടെക്‌നോളജിയില്‍
പാലക്കാട്: പ്രകൃതിവിഭവങ്ങളുടെ ചൂഷണം കുറച്ചുള്ള കെട്ടിടനിര്‍മാണ രീതിയായ പ്രീ - ഫാബ് ടെക്‌നോളജി അട്ടപ്പാടിയില്‍ നടപ്പാക്കുന്നു. അട്ടപ്പാടിയിലെ മേലെ ഭൂതയാര്‍, തേക്കുംപന, അരളിക്കോണം, പങ്ക നാരിപള്ളം, ആനവായ്, എടവാണി തുടങ്ങിയ സ്ഥലങ്ങളിലെ ആറ് മാതൃകാ ആദിവാസി അങ്കണവാടികളാണ് പ്രീ-ഫാബ് സാങ്കേതിക രീതിയില്‍ നിര്‍മിക്കുന്നത്.
കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തില്‍ എല്ലാ ഭൂപ്രകൃതിക്കും ഇണങ്ങുന്ന തരത്തില്‍ പുനസ്ഥാപിക്കാന്‍ സാധ്യമാവുന്ന സാങ്കേതികവിദ്യയാണ് പ്രീ - ഫാബ്. അട്ടപ്പാടിയിലെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തൃശൂര്‍ കേന്ദ്രീകരിച്ചുള്ള സാക്രിസ് വെന്‍ച്ചൂര്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴി ജില്ലാ നിര്‍മിതി കേന്ദ്രമാണ് കെട്ടിടങ്ങളുടെ നിര്‍മാണം നടത്തുന്നത്. ഗ്രാമപഞ്ചായത്ത്, അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാന്‍, എം.ബി. രാജേഷ് എം.പിയുടെ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് അങ്കണവാടികള്‍ നിര്‍മിക്കുന്നത്. മേലെ ഭൂതയാറിലും, തേക്കുംപനയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 600 സ്‌ക്വയര്‍ഫീറ്റില്‍ കളിസ്ഥലം, കൗണ്‍സിലിങ് റൂം, അടുക്കള, സ്റ്റോര്‍ റൂം, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.
പഫ് പാനല്‍സ്, സിമന്റ് സാന്‍വിച്ച് പാനല്‍, സെല്ലുലാര്‍ ലൈറ്റ് വെയ്റ്റ് കോണ്‍ക്രീറ്റ്, വീബോര്‍ഡ് തുടങ്ങിയ വസ്തുക്കളാണ് പ്രധാനമായും നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. എം.ബി രാജേഷ് എം.പിയുടെ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയില്‍ രണ്ട് അങ്കണവാടി കെട്ടിടങ്ങള്‍ക്കും, പുതൂര്‍ പഞ്ചായത്തിന്റെ 21 ലക്ഷം രൂപയില്‍ മൂന്നെണ്ണവും അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാനിന്റെ ഭാഗമായി ഏഴു ലക്ഷം രൂപയില്‍ ഒരു അങ്കണവാടിയുമാണ് നിര്‍മിക്കുന്നത്. പ്രകൃതദുരന്ത സാധ്യത മുന്നില്‍കണ്ട് നിര്‍മിക്കുന്ന ഇത്തരം കെട്ടിടങ്ങള്‍ അട്ടപ്പാടിയുടെ ഭൂപ്രകൃതിയെ സംരക്ഷിക്കുന്നതില്‍ നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."