ടസ്‌കേഴ്‌സ് കേരളയെ ഒഴിവാക്കിയ വിഷയം; ഹരജി തീര്‍പ്പാക്കി
കൊച്ചി : ഐ.പി.എല്‍ മത്സരങ്ങളില്‍ കേരളത്തിന്റെ ടീമായ ടസ്‌കേഴ്‌സ് കേരളയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജിയിലെ ആവശ്യം ലോധ കമ്മിറ്റി മുന്‍പാകെ ഉന്നയിക്കാന്‍ നിര്‍ദേശിച്ചാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മുനമ്പം സ്വദേശി യു.കെ സതീഷ് കുമാര്‍, കാക്കനാട് സ്വദേശി മനു ജോസഫ് എന്നിവര്‍ നല്‍കിയ ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
ഐ.പി.എല്ലില്‍ നിന്ന് ടസ്‌കേഴ്‌സ് കേരളയെ ഒഴിവാക്കിയ ബി.സി.സി.ഐയുടെ നടപടി നിയമ വിരുദ്ധവും സ്വേച്ഛാപരവുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.
ഇതുള്‍പ്പെടെയുള്ള പരാതികള്‍ സുപ്രിംകോടതി നിയോഗിച്ചിട്ടുള്ള ആര്‍.എം ലോധ കമ്മിറ്റി മുന്‍പാകെ ഉന്നയിക്കുകയാണ് വേണ്ടതെന്നും പരാതികള്‍ കമ്മിറ്റി പരിഗണിച്ചില്ലെങ്കില്‍ ബി.സി.സി.ഐയിലെ ഉചിതമായ വേദിയെ സമീപിക്കുകയാണ് വേണ്ടതെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. മാത്രമല്ല, ഈ വിഷയത്തില്‍ കോടതി ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."