ഐക്യം ഉയര്‍ത്തി വിഭജനത്തെ നേരിടാം
മതപരമായ വിവേചനത്താല്‍ പീഡനമനുഭവിക്കുന്നവരെ സഹായിക്കാനെന്ന നാട്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വനിയമ ഭേദഗതി (സി.എ.എ) കൊണ്ടുവന്നത്. പൗരത്വം ലഭിക്കുന്നവരില്‍ മുസ്‌ലിംകളെ ഒഴിവാക്കുന്നുവെന്ന് പ്രകടമായി പറയുന്നില്ലെങ്കിലും മതപട്ടികയില്‍ അവര്‍ക്ക് സാന്നിധ്യമില്ല. ഈ വിവേചനത്തിലൂടെ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ കടയ്ക്കലാണ് കത്തിവച്ചിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 14, 15 പ്രകാരം ജാതി, മതങ്ങളുടെ വേര്‍തിരിവുകള്‍ പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതാണ് തകര്‍ക്കുന്നത്. മുസ്‌ലിം വിദ്വേഷമെന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇതിനു പ്രചോദനമായി പ്രവര്‍ത്തിച്ചിട്ടുള്ളത്. സവര്‍ക്കറും ഗോള്‍വാള്‍ക്കറും കൊണ്ടുവന്ന വെറുപ്പിന്റെ മനഃശാസ്ത്രം ഹൈന്ദവ മൂല്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നത് മനസിലാക്കുന്നില്ല. സാമ്രാജ്യത്വ ഉല്‍പന്നമാണിത്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഭിന്നിപ്പിക്കുകയെന്നുള്ള അവരുടെ ലക്ഷ്യമാണ്. അതിനെ സ്വാംശീകരിച്ച് തെറ്റിദ്ധരിപ്പിച്ച് ഹിന്ദുത്വമാണെന്ന നിലയില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഹിറ്റ്‌ലര്‍ കൊണ്ടുവന്നതിന് സമാനമായ വെറുപ്പില്‍ നിന്നുള്ള പ്രത്യയശാസ്ത്രമാണ് ഇവിടെയുണ്ടാക്കുന്നത്.
വെറുപ്പില്‍ നിന്നാണ് ബില്ലിന്റെ ഉത്ഭവമെന്നത് അമിത്ഷായുടെ പാര്‍ലമെന്റില്‍ നിന്നുള്ള ആശയവിനിമയത്തില്‍നിന്ന് മനസിലാക്കാന്‍ സാധിക്കും. വളരെ ഹിംസാത്മകമായി അവതരിപ്പിക്കുകയും രാജ്യത്തുടനീളം എന്‍.ആര്‍.സി കൂടെ വരുന്നുണ്ടെന്നു പ്രഖ്യാപിക്കുക കൂടി ചെയ്യുമ്പോള്‍ വെറുപ്പ് എത്രമാത്രം ശക്തമാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. രാഷ്ട്രപതി ഫക്രുദ്ദീന്‍ അലിയുടെ ബന്ധുക്കള്‍ വരെ അസമില്‍ പൗരത്വപ്പട്ടികയില്‍നിന്ന് പുറത്തുപോയിട്ടുണ്ട്. അത്തരത്തിലുള്ള പട്ടിക വരുന്നുണ്ടെന്നു പറയുമ്പോള്‍ തന്നെ അതില്‍ ഭീഷണിയുടെ സ്വരമുണ്ട്. കൂടാതെ, മുസ്‌ലിംകള്‍ക്കെതിരേ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒറ്റപ്പെടുത്തലിന്റെയും വേര്‍തിരിക്കലിന്റെയും വേരുകള്‍ ഈ നിയമത്തില്‍ പടര്‍ന്നിട്ടുണ്ട്. അതിനാലാണ് ഈ നിയമഭേദഗതിയില്‍ മുസ്‌ലിംകള്‍ ഇത്ര അരക്ഷിതരാകാന്‍ കാരണം. മുസ്‌ലിംകളെ ചേര്‍ത്തുപിടിക്കണമെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തെരുവുകളില്‍ നല്ല ഹിന്ദു ഇറങ്ങുന്നതിന്റെ കാരണമിതാണ്.
മോദി ഭരണം അധികാരത്തിലെത്തിയതിനു ശേഷം മുസ്‌ലിംകളെ അരികുവല്‍ക്കരിക്കുന്ന നിരവധി നിയമങ്ങളുണ്ടാക്കി. മുസ്‌ലിംകളോടുള്ള വിദ്വേഷമെന്നതിനൊപ്പം ഇത് ഫാസിസത്തിന്റെ അനിവാര്യതയും പ്രകടമായ അടയാളവുമാണ്. ഒരു ശത്രുവിനെ സങ്കല്‍പ്പിച്ചിട്ടല്ലാതെ അവര്‍ക്ക് നിലനില്‍പ്പില്ല. രാജ്യത്ത് നോട്ടുനിരോധനം നടപ്പിലാക്കുമ്പോള്‍ കാരണമായി പറഞ്ഞതില്‍ ഒന്ന് ഭീകരവാദത്തെയും തീവ്രവാദത്തെയും തടയാന്‍ എന്നായിരുന്നു. നോട്ട് നിരോധനത്താല്‍ ഭീകരവാദവും തീവ്രവാദവും തടയാനായില്ലെന്ന് വ്യക്തമാണ്. ഇവിടെ ലക്ഷ്യമാക്കുന്നത് ഏതെങ്കിലും തരത്തില്‍ മുസ്‌ലിം ബന്ധമാണ്. ഭരണകൂടം നിര്‍മിച്ചെടുത്തതിന്റെ അടിസ്ഥാനത്തിലുള്ള ഭീകരര്‍ മുസ്‌ലിംകളാണ്. വലിയൊരു സാമ്പത്തിക പദ്ധതി നടപ്പിലാക്കുമ്പോള്‍ പോലും വിദ്വോഷം കലര്‍ത്തുന്നു.
പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരെ വസ്ത്രം നോക്കി തിരിച്ചറിയാന്‍ കഴിയുമെന്നതില്‍ വിദ്വേഷമുണ്ട്. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് വെറുപ്പാണ്. നമ്മുടെ രാജ്യം ഇന്ന് വലിയ പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മ വര്‍ധിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കപ്പെടുന്നു. ഈ അസന്തുലിതമായ സാഹചര്യത്തില്‍ പോലും ഇത്തരമൊരു നിയമം കൊണ്ടുവന്നതിന് പിന്നില്‍ ലക്ഷ്യം പകയും വിദ്വേഷവുമാണ്. അയല്‍ രാജ്യങ്ങളില്‍ സൗഹാര്‍ദമായി നിലനില്‍ക്കുന്ന രാജ്യമായ ബംഗ്ലാദേശിനെ പോലും വെറുപ്പിച്ചിരിക്കുന്നു. രണ്ടാം ലോകയുദ്ധ കാലത്ത് ഹിറ്റ്‌ലര്‍ സമാനമായ മണ്ടത്തരങ്ങളാണ് ചെയ്തത്. അങ്ങനെയാണ് ലോകത്തിലെ മിക്ക രാജ്യങ്ങള്‍ക്കെതിരേയും അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചത്. സ്വന്തത്തെ കൂടി അപകടത്തിലാക്കുന്ന ഈയൊരു മനഃശാസ്ത്രം കൂടി ഇവിടെ വര്‍ക്ക് ചെയ്യുന്നുണ്ടോയെന്ന് സംശയിക്കുന്നു. വൈര്യത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇതാണ്. ഭഗവത് ഗീതയൊക്കെ ഉദ്‌ഘോഷിക്കുന്നവരാണ് അധികാരത്തിലുള്ളത്. ക്രോധവും വിദ്വേഷവുമൊക്കെ വന്നാല്‍ സ്ഥിരപ്രജ്ഞ തന്നെ നഷ്ടപ്പെടുമെന്നാണ് പറയുന്നത്. എവിടേക്കാണ് പോകുന്നതെന്ന് അറിയാത്ത പ്രശ്‌നമാണ് അധികാരത്തിലിരുക്കുന്നവര്‍ക്കുള്ളത്.
കേവലം ഭരണഘടനാ ലംഘനം മാത്രമല്ല, ഇന്ത്യയുടെ ശരിയായ പാരമ്പര്യത്തിന്റെ ലംഘനം കൂടിയാണിത്. മുന്‍പൊന്നും ഇത്തരത്തില്‍ വിദ്വേഷത്തിന്റെ തീവ്രത ഉണ്ടായിരുന്നില്ല. എല്ലാ മതങ്ങളുടെയും മാതാവാണ് ഭാരതമെന്നാണ് ഹിന്ദു പാരമ്പര്യം പറയുന്നത്. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ആ സംസ്‌കാരത്തിന്റെ ലംഘനവും ഇതിലുണ്ട്. ഒരു ഭാഗത്ത് ഇവര്‍ ഗാന്ധിജിയെയാണ് ചേര്‍ത്തുപിടിക്കുന്നത്. മതപരമായ പീഡനം അനുഭവിക്കുന്നവരെ സംരക്ഷിക്കാനായി ഗാന്ധിജി ഇവിടെയൊരു നിയമം കൊണ്ടുവരികയാണെങ്കില്‍ റോഹിംഗ്യന്‍ മുസ്‌ലിംകളെയും തമിഴരെയും ഉള്‍പ്പെടുന്ന നിയമമായിരിക്കും അവതരിപ്പിക്കുക.
നോട്ട് നിരോധനത്തിന്റെ പീഡനങ്ങളെ തിരുവായ്ക്ക് എതിര്‍വായില്ലാതെ വരിനിന്ന് ഇന്ത്യക്കാര്‍ സ്വീകരിച്ചതുകണ്ട് എന്തു നിയമം നടപ്പിലാക്കിയാലും പൗരന്മാര്‍ അനുസരിക്കുമെന്ന് തെറ്റിദ്ധരിച്ചിരുന്നു. നിരവധി പേര്‍ അന്ന് വരിനിന്ന് മരിച്ചിരുന്നു. കുഞ്ഞാടുകളായി പ്രതിഷേധമില്ലാതെ നാം ആ പദ്ധതിയെ അനുസരിച്ചു. ഈ പ്രയാസങ്ങള്‍ക്കെല്ലാം കണക്കുതീര്‍ക്കുന്ന പ്രതിഷേധങ്ങളാണ് ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഇനിയും വഴങ്ങിയാല്‍ അപകടമായിരിക്കുമെന്ന് തിരിച്ചറിഞ്ഞു. എല്ലാ മതവിഭാഗങ്ങളും ഈ പ്രതിഷേധത്തിലുണ്ട്. പൂനൂലുകള്‍ കാണിച്ച് ഞങ്ങള്‍ കൂടെയുണ്ടെന്ന് അറിയിക്കുന്ന ഐക്യദാര്‍ഢ്യങ്ങളാണ് നടക്കുന്നത്. നല്ല ലക്ഷണമാണിത്. ഈ ഐക്യത്തിന്റെ വികാരം വളര്‍ത്തിയെടുത്താല്‍ വിഭജനത്തിന്റെ ഒരു നിയമവും ഇവിടെ ചെലവാകില്ല. അനൈക്യത്തില്‍ നിന്നാണ് മതവിവേചനങ്ങളുണ്ടാകുന്നത്. ഇതിനുള്ള പ്രതിരോധമെന്നുള്ളത് എല്ലാ മതവിഭാഗങ്ങളും തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുകയെന്നുള്ളതാണ്. ഇതിനായി കേരളം മുന്‍കൈയെടുക്കേണ്ടിയിരിക്കുന്നു. തെറ്റിദ്ധാരണകളാല്‍ ഹിന്ദു-മുസ്‌ലിം വര്‍ഗീയത ചിലരിലുണ്ട്. വര്‍ഗീയതകളെ അതിജീവിക്കുന്ന സൗഹാര്‍ദങ്ങളാണ് നിര്‍മിക്കേണ്ടത്.
പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങളെ ഇന്ത്യാ ചരിത്രത്തില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള അടിച്ചമര്‍ത്തലുകള്‍ ഭീതിയുണ്ടാക്കുന്നതാണ്. അതേസമയം, തീരുമാനങ്ങളില്‍ കേന്ദ്രത്തെ പിന്നോട്ടു പോകാന്‍ നിര്‍ബന്ധിതരാക്കുന്ന ചില ലക്ഷണങ്ങളും പ്രത്യക്ഷമാകുന്നുണ്ട്. സുരക്ഷാ സേനകളെ ഫാസിസ്റ്റ് മനോഭാവത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാര്‍ നടത്തുന്നത്. ഭരണകൂടത്തിനു പോലും നിയന്ത്രിക്കാനാകാത്ത രീതിയിലുള്ള മര്‍ദനോപകരണമായി പൊലിസ് മാറിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അവരിലൊക്കെ സ്‌നേഹങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സാധിപ്പിക്കുന്ന പദ്ധതികള്‍ കേരളത്തിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കേണ്ടിയിരിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രതിരോധം അതില്‍ നിന്നാണുണ്ടാവുക. വിഭജനത്തെ മുന്‍നിര്‍ത്തി നേട്ടം കൊയ്യുന്നവരെ എതിര്‍ക്കാന്‍ ഐക്യമാണ് മാര്‍ഗം. ഗാന്ധിജിയുടെ മാര്‍ഗം ഇതായിരുന്നു. ആ മാര്‍ഗം കൂടുതല്‍ പഠിക്കേണ്ട കാലഘട്ടമാണിത്.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചത് ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഭജിച്ചാണ്. ഇന്ത്യ ചരിത്രം ഹിന്ദു-മുസ്‌ലിം സംഘര്‍ഷ ചരിത്രമായി വ്യാഖ്യാനിക്കപ്പെട്ടതാണ്. വൈദേശികരെ മുട്ടുകുത്തിക്കാന്‍ ഗാന്ധി ഉപയോഗിച്ച വഴി ഹിന്ദു-മുസ്‌ലിം മൈത്രിയായിരുന്നു. ഭഗവത് ഗീതയുടെ മുകളില്‍ ഖുര്‍ആനും വയ്ക്കുകയായിരുന്നു. എന്റെ ഒരു കണ്ണ് മുസ്‌ലിമാണെങ്കില്‍ മറ്റൊരു കണ്ണ് ഹിന്ദുവാണെന്ന് പറഞ്ഞു. ഖിലാഫത്തിന് പിന്തുണ പ്രഖ്യാപിച്ചു, ഈശ്വര അല്ലാഹ് തേരേ നാം എന്ന് പാടി. ഇതൊക്കെ മുസ്‌ലിംകളെയും ഹിന്ദുക്കളെയും ഒന്നിപ്പിക്കാനുള്ള ദീര്‍ഘകാലാടിസ്ഥാന വെളിച്ചമായിരുന്നു. അതിനാലാണ് 70 വര്‍ഷത്തോളം ഇന്ത്യ ഒരുമയോടെ നിന്നത്. തിന്മയെ തിന്മകൊണ്ടല്ല, നന്മകൊണ്ട് എതിര്‍ക്കുകയെന്ന പാഠമാണ് അന്ന് അദ്ദേഹം ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."