കാസര്‍കോട് ബേഡകത്തെ സി.പി.എം വിമതരെയും സി.പി.ഐ സ്വീകരിക്കുന്നു
കുറ്റിക്കോല്‍ (കാസര്‍കോട്): സി.പി.എം ശക്തികേന്ദ്രമായ കുറ്റിക്കോല്‍ ബേഡകത്ത് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച വിമതരെ സ്വീകരിക്കുന്നതിനായി സി.പി.ഐയുടെ കണ്‍വന്‍ഷന്‍ 17നു ചേരും. സി.പി.എം വിട്ടുവരുന്ന നൂറോളം വിമതര്‍ക്ക് അംഗത്വം നല്‍കുന്നതിന് വേണ്ടിയാണ് സി.പി.ഐ കുറ്റിക്കോലില്‍ പ്രത്യേക കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.
സി.പി.എമ്മിന്റെ തട്ടകമായ ബേഡകത്ത് നൂറോളം സി.പി.എം വിമതര്‍ പാര്‍ട്ടിവിട്ടു സി.പി.ഐയില്‍ ചേരുന്നത് സി.പി.എമ്മിന് ദോഷം ചെയ്യും.
അനുരഞ്ജനത്തിനുള്ള എല്ലാ സാധ്യതയും അടഞ്ഞതോടെയാണ് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ പി. ഗോപാലന്‍ മാസ്റ്റര്‍ അടക്കമുള്ള നൂറോളം സി.പി.എം വിമതര്‍ പാര്‍ട്ടിവിട്ട് സി.പി.ഐയില്‍ ചേരുന്നത്.
17നു നടക്കുന്ന കണ്‍വന്‍ഷനില്‍ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. സി.പി.എം ബേഡകം ഏരിയാ കമ്മിറ്റിയില്‍ നിലനില്‍ക്കുന്ന വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സി.പി.എം ജില്ലാനേതൃത്വം പരാജയപ്പെട്ടതോടെയാണ് വിമതപക്ഷം സ്വന്തമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ഏരിയാ സമ്മേളനത്തിനുശേഷം സി.പി. എം ബേഡകം ഏരിയാ സെക്രട്ടറിയായി സി. ബാലനെ നിയമിച്ചതോടെയാണ് പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായത്. പ്രശ്‌നം പരിഹരിക്കാന്‍ സി.പി.എം സംസ്ഥാന - ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ടുവെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബേഡകം വിഭാഗീയത കാരണം സി.പി.എമ്മില്‍ വന്‍വോട്ടു ചോര്‍ച്ച സംഭവിച്ചിരുന്നു. എന്നാല്‍ വിമതപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനും പ്രശ്‌നം പരിഹരിക്കാനും തയാറാണെന്ന് നേതൃത്വം അറിയിച്ചതോടെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വവുമായി വിമതര്‍ സഹകരിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം ഏരിയാ കമ്മിറ്റിയോഗങ്ങളിലും ലോക്കല്‍ കമ്മിറ്റി യോഗങ്ങളിലും അവതരിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി അവലോകന റിപ്പോര്‍ട്ടില്‍ ഗോപാലന്‍മാസ്റ്റര്‍ക്കെതിരേയുണ്ടായ രൂക്ഷമായ പരാമര്‍ശങ്ങളാണ് വിമതപക്ഷത്തെ വീണ്ടും ചൊടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."