മത്സ്യസമൃദ്ധി പദ്ധതി: ജില്ലയില്‍ നടപ്പിലാക്കിയത് 255 ഹെക്ടര്‍ മത്സ്യകൃഷി
മാനന്തവാടി: മത്സ്യ കൃഷി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മത്സ്യ സമൃദ്ധി പദ്ധതിയിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം ജില്ലയില്‍ നടപ്പിലാക്കിയത് 255 ഹെക്ടര്‍ മത്സ്യകൃഷി. 2016-17 വര്‍ഷത്തെ നൂതന മത്സ്യകൃഷിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ അഞ്ച് യൂണിറ്റ് പുനചംക്രമണ മത്സ്യകൃഷി (ആര്‍.എ.എസ്), അഞ്ച് യൂണിറ്റ് കുളങ്ങളിലെ ഗിഫ്റ്റ് മത്സ്യകൃഷി, ഒരു യൂണിറ്റ് ആസാം വാളകൃഷി എന്നിവയും നടപ്പിലാക്കി. 2017-18 വര്‍ഷത്തില്‍ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി 155 ഹെക്ടറില്‍ ചെറിയ കുളങ്ങളില്‍ മത്സ്യകൃഷി, 50 ഹെക്ടറില്‍ വലിയ കുളങ്ങളിലും 29.36 ഹെക്ടര്‍ മോഡല്‍ ഫിഷ്ഫാം എന്നിവയും നടപ്പിലാക്കി.
കൂടാതെ ബ്ലൂറെവല്യൂഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 യൂണിറ്റ് പുനചംക്രമണ മത്സ്യകൃഷിയും മൂന്ന്‌ഹെക്ടറില്‍ ആസാം വാള കൃഷിയും വ്യാപിപ്പിച്ചു. 2018-19 വര്‍ഷത്തില്‍ 25 ഹെക്ടര്‍ കാര്‍പ്പ് കൃഷി, ആസാം വാള ഒരു ഹെക്ടറിലും കരിമീന്‍ കൃഷി 10 യൂണിറ്റും നടപ്പിലാക്കിയിട്ടുണ്ട്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തളിപ്പുഴ, കാരപ്പുഴ എന്നിവിടങ്ങളില്‍ രണ്ട് മത്സ്യ വിത്ത് ഉല്‍പാദന കേന്ദ്രം സ്ഥാപിച്ചു. തളിപ്പുഴ മത്സ്യവിത്തുല്‍പ്പാദന കേന്ദ്രത്തില്‍ 3.57 ലക്ഷം ഇന്ത്യല്‍ മേജര്‍ കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളേയും രണ്ട് ലക്ഷം സൈപ്രിനസ് സ്‌പോണ്‍ ഇനത്തില്‍പ്പെട്ട കുഞ്ഞുങ്ങളേയും ഹാച്ചറില്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട്. പൊതുജലാശങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളമുണ്ട പഞ്ചയാത്തിലെ കക്കടവിലും പൂതാടി പഞ്ചയാത്തിലെ വരദൂര്‍ പുഴയിലുമായി 3.5 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാര്‍പ്പ് കൃഷിയില്‍ ഉള്‍പ്പെടുത്തി കണിയാമ്പറ്റ, പനമരം പഞ്ചാത്തുകളിലെ 17 മത്സ്യകര്‍ഷകര്‍ക്ക് 7540 മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. തളിപ്പുഴ ഹാച്ചറിയില്‍ വികസിപ്പിച്ച രണ്ട് ലക്ഷം സൈപ്രിസ് സ്‌പോണ്‍ ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി വൈത്തിരി, പൊഴുതന കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കും വിതരണം ചെയ്തു. വിവിധ പദ്ധതികള്‍ നടപ്പിലാക്കി ജില്ലയില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."