മികവിന്റെ പടവുകള്‍താണ്ടി മീനങ്ങാടി ജി.എല്‍.പി സ്‌കൂള്‍
മീനങ്ങാടി: മികവിന്റെ പടവുകള്‍ പിന്നിട്ട് മീനങ്ങാടി ജി.എല്‍.പി സ്‌കൂള്‍. മലയാളത്തിളക്കം പഞ്ചായത്ത്തല വിജയോത്സവം, ശ്രദ്ധ, ഗോത്രഫെസ്റ്റ്, വായനവണ്ടി, വിദ്യാവാണി സ്‌കൂള്‍ റേഡിയോ പദ്ധതികള്‍ക്ക് സ്‌കൂളില്‍ തുടക്കമായി. മലയാള ഭാഷയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കൈപിടിച്ചുയര്‍ത്തുന്ന മലയാളത്തിളക്കം പദ്ധതിയുടെ പഞ്ചായത്ത്തല വിജയോത്സവം മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പഠനത്തില്‍ ശ്രദ്ധിക്കുന്നതിനുള്ള 'ശ്രദ്ധ' പദ്ധതി മീനങ്ങാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുരേഷ് ഉദ്ഘാടനം ചെയ്തു.
ഗോത്ര വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായുള്ള ഗോത്രഫെസ്റ്റിന്റെ ഉദ്ഘാടനം വാര്‍ഡ് അംഗം മിനി സാജു നിര്‍വഹിച്ചു. കുട്ടികളുടെ വായന നിലവാരം ഉയര്‍ത്തുന്നതിനും വായന ജീവിതചര്യയാക്കുന്നതിനായി ക്ലാസ് റൂമുകളില്‍ പുസ്തകങ്ങളെത്തിക്കുന്ന വായനവണ്ടിയുടെ ഉദ്ഘാടനം യുവസാഹിത്യകാരിയും മീനങ്ങാടി ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയുമായ പൂജ ശശീന്ദ്രന്‍ നിര്‍വഹിച്ചു. എല്ലാ കുട്ടികള്‍ക്കും കലാപരമായ കഴിവുകള്‍ അവതരിപ്പിക്കുന്നതിനുള്ള വേദിയായ വിദ്യാവാണി സ്‌കൂള്‍ റേഡിയോ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അസൈനാര്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ സഭാകമ്പം ഇല്ലാതാക്കുക, ശരിയായ രീതിയില്‍ മൈക്ക് ഉപയോഗിക്കുന്നതിനുള്ള പരിശീലനം, സര്‍ഗവാസന ഉണര്‍ത്തുന്നതിനുള്ള അവസരം, നേതൃത്വപാടവം വളര്‍ത്തുക, തുല്യപങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് സ്‌കൂള്‍ റേഡിയോയിലൂടെ ലക്ഷ്യം വെക്കുന്നത്. അധ്യാപകരുടെയും അനധ്യാപകരുടെയും പി.ടി.എയുടെയും നിസ്വാര്‍ഥ പിന്തുണയാണ് സ്‌കൂളില്‍ പുതിയപദ്ധതികള്‍ ആരംഭിക്കുന്നതിനും തുടര്‍ന്നുകൊണ്ട് പോകുന്നതിനും സഹായകമാകുന്നതെന്ന് പ്രധാനാധ്യാപിക പി.ജി മേഴ്‌സി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."