ഹിന്ദുത്വ ധാര്‍ഷ്ട്യത്തിനു മുന്നില്‍ പതറാത്ത ചെറുത്തുനില്‍പ്പ്
എത്ര പെട്ടെന്നാണ് ദേശീയ രാഷ്ട്രീയത്തിന്റെ ഭാഷയും വ്യാകരണവും തിരുത്തിയെഴുതിയത്? പൗരത്വ വിഷയത്തില്‍ ഇതുവരെ കാഴ്ചക്കാരായി നിന്ന രാജ്യത്തെ മുസ്‌ലിംകള്‍ പൊടുന്നനെ കൈവരിച്ച പ്രതിരോധശേഷി ജനാധിപത്യ-മതേതര ഇന്ത്യയെ കുറിച്ചുള്ള കുറെ പുത്തന്‍ പ്രതീക്ഷകള്‍ അങ്കുരിപ്പിക്കുകയാണ്. ജനാധിപത്യമെന്നാല്‍ പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ ബലത്തിലുള്ള ആധിപത്യ സംസ്ഥാപനത്തിനപ്പുറം പരസ്പരം ഉള്‍ക്കൊള്ളാനും മാനിക്കാനുമുള്ള ഒരു ജീവിതശൈലിയുടെ ആകെത്തുകയാണെന്നും അത് അംഗീകരിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ അടിച്ചമര്‍ത്തപ്പെടുന്നവര്‍ ആരും പ്രതീക്ഷിക്കാത്ത കോണില്‍നിന്ന് പ്രതിരോധശേഷി ആര്‍ജിക്കുമെന്നും തെളിയിക്കുന്നതാണ് പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യമാകെ പടര്‍ന്നുപിടിച്ച പ്രക്ഷോഭജ്വാല.
2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയത് മുതല്‍ തങ്ങള്‍ അനുഭവിച്ചുതീര്‍ക്കുന്ന യാതനകളും വേദനകളും വിവേചനങ്ങളും അപമാനങ്ങളും അനീതിയും ക്ഷമിച്ചുകഴിയുകയായിരുന്ന ഒരു ജനത, തങ്ങളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടാന്‍ പോവുകയാണെന്നും അപരവല്‍കരണത്തിലൂടെ പിറന്ന മണ്ണില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്ന സമയം എത്തിച്ചേര്‍ന്നിരിക്കുകയാണെന്നും മനസിലാക്കിയതോടെ ജീവന്‍ നല്‍കിയും പോരാട്ടവീഥിയില്‍ ഉറച്ചുനിന്നത് ഹിന്ദുത്വകിങ്കരന്മാരെ പോലും അമ്പരപ്പിച്ചു. ചരിത്രപരമായും വസ്തുതാപരമായും പച്ചക്കളം പ്രചരിപ്പിച്ച് തങ്ങളുടെ വര്‍ഗീയ അജന്‍ഡയുമായി മുന്നോട്ടുപോകാമെന്ന് കണക്കുകൂട്ടിയ സംഘ്പരിവാരത്തിന് അടിതെറ്റിയത് എല്ലാത്തിനും ഒരതിരുണ്ട് എന്ന താക്കീതോടെ ഇതുവരെ ദീക്ഷിച്ച മൗനം വെടിഞ്ഞ് ഹിന്ദുത്വഭരണകൂടം തുറന്നുവിട്ട അനീതിക്കെതിരേ ന്യൂനപക്ഷമടക്കമുള്ളവര്‍ പരസ്യമായി രംഗത്തുവന്നതോടെയാണ്. 470 വര്‍ഷം തങ്ങള്‍ ആരാധിച്ച ബാബരി മസ്ജിദ് നിയമവും തെളിവുകളും തങ്ങള്‍ക്ക് അനുകൂലമാണെന്ന് സമര്‍ഥിക്കപ്പെട്ടിട്ടും 1936തൊട്ട് പള്ളിയുടെ പാവനത പിച്ചിച്ചീന്തുകയും ഒടുവില്‍ തച്ചുതകര്‍ക്കുകയും ചെയ്ത ദുഷ്ശക്തികള്‍ക്ക് താലത്തില്‍വച്ച് ദാനം ചെയ്ത സുപ്രിംകോടതിയുടെ തീര്‍പ്പിനോട് ശക്തമായ എതിര്‍പ്പും രോഷവും ഉള്ളിന്റെയുള്ളില്‍ ആളിക്കത്തിയിട്ടും വിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് ദുഃഖം കടിച്ചമര്‍ത്തി മിണ്ടാതിരുന്നവരാണ് ഡിസംബര്‍ ഒന്‍പതിന് ലോക്‌സഭയും 12ന് രാജ്യസഭയും പൗരത്വ ഭേദഗതി ബില്‍ പാസാക്കിയെടുത്തതോടെ ഇനി ക്ഷമിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന മൗനപ്രഖ്യാപനത്തോടെ തെരുവിലിറങ്ങിയത്. പ്രക്ഷോഭം പത്തു ദിവസം പിന്നിട്ടപ്പോഴേക്കും 25 പേരെ ഹിന്ദുത്വ കൈരാതങ്ങള്‍ക്ക് മുന്നില്‍ ബലികൊടുക്കേണ്ടിവന്നെങ്കിലും മരണം പേടിച്ച് മാളത്തില്‍ ഒളിച്ചിരിക്കേണ്ട സമയമല്ലിതെന്ന ഉറച്ചബോധ്യത്തോടെ ജനം പോര്‍ക്കളത്തില്‍ ഇറങ്ങിയത് മോദി സര്‍ക്കാരിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു.
ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരേ തെരുവിലിറങ്ങിയ ദേശസ്‌നേഹികളുടെ പിന്‍ഗാമികള്‍ മരിച്ചുതീര്‍ന്നിട്ടില്ല എന്ന വ്യക്തമായ സന്ദേശത്തോടെയാണ് ആര്‍.എസ്.എസിന്റെ പൗരത്വ പദ്ധതിക്കെതിരേ ജനാധിപത്യ ഇന്ത്യ മുന്നോട്ടുപോകുന്നത്. പൗരത്വനിയമത്തെ മുസ്‌ലിംകളുടെ പ്രശ്‌നമായി ചുരുക്കിക്കെട്ടാനും അതുവഴി ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നേടിയെടുക്കാനുമുള്ള മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ കുനുട്ടുബുദ്ധി പരാജയപ്പെട്ടിടത്താണ് ഈ പ്രക്ഷോഭത്തിന്റെ ഗതിമാറുന്നത്. ഇത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ലെന്നും ഭരണഘടനാമൂല്യങ്ങളുടെ വീണ്ടെടുപ്പിനുള്ള അത്യപൂര്‍വമായ ജനാധിപത്യ ഉദ്യമമാണെന്നും തിരിച്ചറിഞ്ഞ് ജാതി-മത ഭേദമന്യെ മതേതര സമൂഹം പടക്കളത്തിലിറങ്ങിയതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി കത്തിപ്പടര്‍ന്നത് അമിത്ഷായെ ഞെട്ടിച്ചു. മതേതര സമൂഹത്തിന്റെ സക്രിയമായ ഇടപെടലുകള്‍, പ്രക്ഷോഭം സാമുദായികവല്‍കരിക്കപ്പെടുന്നതിനെ തടഞ്ഞുനിര്‍ത്തി. ഇടതുപാര്‍ട്ടികളും അല്‍പം വൈകിയാണെങ്കിലും കോണ്‍ഗ്രസും തലസ്ഥാന നഗരിയിലടക്കം തെരുവിലിറങ്ങി ഹിന്ദുത്വ അജന്‍ഡകളെ വെല്ലുവിളിച്ചപ്പോള്‍ തങ്ങള്‍ ഒറ്റക്കല്ലെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് ബോധ്യമുണ്ടാവുകയും വര്‍ധിത വീര്യത്തോടെ ചെറുത്തുനില്‍പിന്റെ പാതയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തപ്പോള്‍ പ്രക്ഷോഭത്തിന്റെ ഗതിമാറി. സ്വാതന്ത്ര്യത്തിന്റെ ഏഴു ദശകങ്ങള്‍ പിന്നിട്ടിട്ടും ഒരുവേള കോളനിവാഴ്ചക്കാരുടെ പൃഷ്ഠം താങ്ങിനടന്ന സംഘ്പരിവാരം പൗരത്വത്തിന്റെ അടിരേഖ ചോദിച്ച് തങ്ങളുടെ വീട്ടുപടിക്കലേക്ക് വരാന്‍ പോവുകയാണെന്ന അതിയായ ഉല്‍ക്കണ്ഠ ഈ മണ്ണില്‍ പുതിയ സ്വപ്നങ്ങള്‍ നെയ്യുന്ന വിദ്യാര്‍ഥി-യുവജന വിഭാഗത്തെ പിടികൂടിയപ്പോള്‍ കാംപസുകളില്‍ പടഹധ്വനി ഉയര്‍ന്നതാണ് സമരമുഖം തീക്ഷ്ണമാക്കിയത്. ഡല്‍ഹി ജാമിഅ മില്ലിയ്യയിലും അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലും വിദ്യാര്‍ഥികള്‍ പൗരത്വനിയമത്തെ ചെറുക്കാന്‍ ഇറങ്ങിത്തിരിച്ചതോടെ ഹിന്ദുത്വ ഭരണകൂടം പുറത്തെടുത്ത കിരാതമായ മനുഷ്യവേട്ട രാജ്യത്തുടനീളം അനുരണനങ്ങളുളവാക്കി. വര്‍ഗീയവല്‍കരിക്കപ്പെട്ട പൊലിസ് സേനയുടെ വിഷമൂറുന്ന ദംഷ്ട്രങ്ങള്‍ വിദ്യാര്‍ഥിനികളുടെ നേരെ പോലും കാമറയുടെ മുന്നില്‍വച്ച് പുറത്തെടുക്കപ്പെട്ടപ്പോള്‍ അതുകണ്ട് പോരാട്ടത്തീ ആളിപ്പടരുകയായിരുന്നു രാജ്യമൊട്ടുക്കും.
രണ്ട് യൂനിവേഴ്‌സിറ്റികളില്‍ മാത്രമാണ് കുഴപ്പമെന്ന് അമിത്ഷാ അല്‍പം ലാഘവബുദ്ധിയോടെ പറഞ്ഞ് കത്തിപ്പടരുന്ന പ്രക്ഷോഭത്തെ നിസാരവല്‍കരിക്കാന്‍ ശ്രമിച്ചപ്പോഴേക്കും മുംബൈ, മദ്രാസ് സര്‍വകലാശാലകളടക്കം 30 കാംപസുകള്‍ സമരച്ചൂടില്‍ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകള്‍ എഴുതിച്ചേര്‍ത്ത ജാമിയ മില്ലിയ്യ കേവലമൊരു ഇസ്‌ലാമിക സ്ഥാപനമല്ലെന്നും മുന്‍ രാഷ്ട്രപതി സാക്കിര്‍ ഹുസൈനെ പോലുള്ള മഹാരഥന്മാരുടെ സാന്നിധ്യംകൊണ്ട് പ്രഭ പരത്തിയ സെക്കുലര്‍ സംസ്‌കാരത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമാണെന്നും സമര്‍ഥിക്കുന്ന തരത്തില്‍ രാജ്യം പിന്നീട് പ്രതികരിച്ചതോടെ പൗരത്വവിവാദം പുതിയ തലത്തിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു.
പിറന്നമണ്ണിന്റെ ഉണ്‍മയെ ആധുമാക്കി അന്തസ്സാര്‍ന്ന നിലനില്‍പിനായി പോരാടാന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്ന സന്ദേശം കൈമാറുന്നതായിരുന്നു തങ്ങളുടെ സഹോദരന്‍ ഷഹീന്‍ അബ്ദുല്ലയെ പൊലിസ് വളഞ്ഞുമര്‍ദിക്കുമ്പോള്‍ പൊലിസിനുനേരെ വിരല്‍ നീട്ടി ഗര്‍ജിക്കുന്ന ആയിഷ ഹെന്നയുടെയും ജദീദ സഖ്‌ലൂനിന്റെയും ചിത്രങ്ങള്‍! കാംപസിനകത്ത് കയറി ഡല്‍ഹി പൊലിസ് നടത്തിയ നരനായാട്ടും വര്‍ഗീയ ആക്രോശങ്ങളും പൗരത്വപ്രക്ഷോഭത്തെ ആഗോളതലത്തില്‍ എത്തിക്കുന്നതില്‍ സഹായിച്ചു. 'ങലല േവേല യൃമ്‌ല ംീാലി ീള ഖമാശമ ംവീ ൃലരൌലറ മ ളലഹഹീം േൌറലി േളൃീാ വേല രഹൗരേവല െീള ഉലഹവശ ുീഹശരല' എന്ന ശീര്‍ഷകത്തില്‍ പാകിസ്താന്‍ പത്രം 'ഡോണ്‍' നല്‍കിയ റിപ്പോര്‍ട്ടിനോടുള്ള പ്രതികരണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതായിരുന്നു. വിശ്വപ്രശസ്തമായ ഹാര്‍ഡ്വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ അധ്യാപകരും വിദ്യാര്‍ഥികളും പൊരുതുന്ന യുവതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും മോദി സര്‍ക്കാരിന്റെ പൗരത്വനയത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാനും മുന്നോട്ടുവന്നത് ഭരണകൂടത്തിന് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമായിരുന്നില്ല. അപ്പോഴേക്കും നമ്മുടെ രാജ്യത്തെ ബുദ്ധിജീവികളും അക്കാദമിക പണ്ഡിതന്മാരും നിയമജ്ഞരും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പ്രക്ഷോഭമുഖത്തേക്ക് പ്രവഹിക്കുന്നുണ്ടായിരുന്നു.
ഏതാനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പൗരത്വനിയമ ഭേദഗതിയില്‍നിന്ന് മാറ്റിനിര്‍ത്തുകയും ഇന്നര്‍ലൈന്‍ പെര്‍മിറ്റിന്റെ പരിധി ചില മേഖലകളിലേക്ക് നീട്ടുകയും ചെയ്യുന്നതോടെ വിസ്‌ഫോടനാവസ്ഥ ഒഴിവാകുമെന്ന് കണക്കുകൂട്ടിയ അമിത്ഷാക്ക് തെറ്റി എന്നതാണ് മതേതര ശക്തികളെ ആഹ്ലാദിപ്പിക്കേണ്ടത്. ആരെതിര്‍ത്താലും അയല്‍രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്ന് പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനും വിഷയത്തെ വക്രീകരിച്ച് അവതരിപ്പിക്കാനുമുള്ള ഷായുടെ കുനുട്ടുബുദ്ധി വിലപ്പോയില്ല. അയല്‍രാജ്യങ്ങളില്‍നിന്ന് അഭയം തേടിവരുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും അഫ്ഗാനില്‍നിന്നും മാത്രമല്ല, ശ്രീലങ്കയില്‍നിന്നും മ്യാന്മറില്‍നിന്നും നേപ്പാളില്‍നിന്നും വരുന്നവര്‍ക്കെല്ലാം പൗരത്വം നല്‍കണമെന്നാണ് ഇവിടത്തെ മതേതരസമൂഹം ആവശ്യപ്പെടുന്നത്. 2003ല്‍ ഡോ. മന്‍മോഹന്‍ സിങ്ങും 2012ല്‍ സി.പി.എമ്മും ബംഗ്ലാ അഭയാര്‍ഥികളുടെ കാര്യത്തില്‍ ഉദാരത കാട്ടണമെന്ന് പറഞ്ഞതും മനുഷ്യത്വത്തിന്റെ പേരിലാണ്.
ഇന്ത്യന്‍ ഭരണഘടന ഉദ്‌ഘോഷിക്കുന്ന മതേതര മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവച്ച് സവര്‍ക്കറും ഗോള്‍വാല്‍ക്കറും സ്വപ്നംകണ്ട ഹിന്ദുരാഷ്ട്രത്തിന്റെ സംസ്ഥാപനത്തിന് ശിലാന്യാസം നടത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിന്റെ ബഹിസ്ഫുരണമാണ് രാജ്യമാസകലം ആഞ്ഞുവീശുന്ന പ്രക്ഷോഭക്കൊടുങ്കാറ്റ്. ഈ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണെന്ന് മനസിലാക്കി മുന്‍പ് പറഞ്ഞതൊക്കെ വിഴുങ്ങാന്‍ ശ്രമിച്ചാല്‍ അതു നടക്കാന്‍ പോകുന്നില്ല. സോഷ്യല്‍ മീഡിയയുടെ അതിവ്യാപനത്തോടെ 'സിറ്റിസണ്‍ ജേണലിസം' പൂത്തുലയുന്ന ഈ മീഡിയ വസന്തത്തില്‍, മോദിയും അമിത്ഷായുമൊക്കെ നിര്‍ദാക്ഷിണ്യം അനാവൃതമാക്കപ്പെടുന്നുണ്ട്. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി കഴിഞ്ഞദിവസം 'ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്, ദേശീയ പൗരത്വപ്പട്ടിക (ചഞഇ) നടപ്പാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അത് അസമില്‍ മാത്രമാണ് നടപ്പാക്കിയതെന്നുമാണ്. പച്ചക്കള്ളം.
ഡല്‍ഹിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് നേതൃയോഗത്തിന്റെ മുഖ്യതീരുമാനം പൗരത്വപ്പട്ടിക രാജ്യമാസകലം നടപ്പാക്കാനായിരുന്നില്ലേ. എത്ര തവണ അമിത്ഷാ 'നുഴഞ്ഞുകയറ്റക്കാരെ', 'ചിതലുകളെ' പുറന്തള്ളി രാജ്യം ശുദ്ധീകരിക്കുമെന്ന് ആക്രോശിച്ചു? ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന, നാമിതുവരെ കേള്‍ക്കാത്ത ഷായുടെ പ്രസംഗത്തില്‍ അസന്ദിഗ്ധമായി പറയുന്നതിങ്ങനെ: 'ആദ്യം പൗരത്വനിയമ ഭേദഗതി കൊണ്ടുവരും. എന്നിട്ട് ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കും. സഹോദരങ്ങളെ ഇനി ശ്രദ്ധിച്ചുകേള്‍ക്കുക! അതിനുശേഷം ഞാന്‍ എന്‍.ആര്‍.സി (ദേശീയ പൗരത്വപ്പട്ടിക) കൊണ്ടുവരും. എന്നിട്ട് മുസ്‌ലിംകളോട് ഇവിടെനിന്ന് ഇറങ്ങിപ്പോകാന്‍ പറയും. കന്യാകുമാരി തൊട്ട് കശ്മിര്‍ വരെയും അസം തൊട്ട് ഗുജറാത്ത് വരെയുമുള്ള മുസ്‌ലിംകളെ ഘട്ടംഘട്ടമായി പുറത്താക്കും'. ആര്‍.എസ്.എസിന്റെ സ്വപ്നമാണ് ഇന്ത്യയില്‍ ആന്തലൂസിയ ആവര്‍ത്തിക്കുക എന്നത്. അതായത് ആറേഴു നൂറ്റാണ്ടുകാലത്തെ ഭരണത്തിനുശേഷം സ്‌പെയിനില്‍നിന്ന് മുസ്‌ലിംകള്‍ ഏതുതരത്തില്‍ ഉന്മൂലനം ചെയ്യപ്പെട്ടു, അതേരീതിയില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ ആട്ടിപ്പുറത്താക്കുന്ന പദ്ധതികളെ കുറിച്ച് നാഗ്പൂരിലെ ഹെഡ്‌ഗേവാര്‍ ഭവനില്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പാര്‍ലമെന്റിലെ മൃഗീയഭൂരിപക്ഷത്തിന്റെ തിണ്ണബലത്തില്‍ ആ പദ്ധതി നടപ്പാക്കാന്‍ സമയമായി എന്ന കണക്കൂകൂട്ടലുകളാണ് പൗരത്വനിയമ ഭേദഗതിയും ദേശീയ പൗരത്വപ്പട്ടികയുമൊക്കെ ആവിഷ്‌കരിക്കാന്‍ ആവേശം പകര്‍ന്നത്. എന്നാല്‍, 20 കോടി മുസ്‌ലിംകളെ പുറന്തള്ളാന്‍ പോയിട്ട്, അവരുടെ അന്തസ്സാര്‍ന്ന അസ്തിത്വത്തിന് നേരെ വിരലനക്കാന്‍ ഇനി അനുവദിക്കില്ലെന്ന വ്യക്തമായ താക്കീതാണ് നാഗ്പൂരില്‍ പോലും ജനലക്ഷങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
കാറ്റ് തിരിഞ്ഞുവീശുകയാണെന്ന് മനസിലാക്കിയ ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ പോലും നിലപാട് മാറ്റിത്തുടങ്ങിയത് ഹിന്ദുത്വത്തിനേറ്റ പ്രഹരമാണ്. പാര്‍ലമെന്റില്‍ പൗരത്വനിയമ ഭേദഗതിയെ പിന്തുണച്ച ജെ.ഡി.യുവും എല്‍.ജെ.പിയും ശിരോമണി അകാലിദളും അസം ഗണപരിഷത്തും സംഘ്പരിവാര്‍ പദ്ധതികള്‍ക്കെതിരേ പരസ്യമായി രംഗത്തുവന്നുകഴിഞ്ഞു. 11 സംസ്ഥാനങ്ങള്‍ പൗരത്വപ്പട്ടിക നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കശ്മിരില്‍ കഴിഞ്ഞ അഞ്ചുമാസമായി തുടരുന്ന വാര്‍ത്താവിനിമയബന്ധം അറുത്തുമാറ്റുന്ന രീതി രാജ്യത്തുടനീളം പരീക്ഷിക്കുന്നത് ആഗോളതലത്തില്‍ ചര്‍ച്ചയാവുകയാണ്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും മോദി സര്‍ക്കാരിനെതിരേ ഉയരുന്ന രോഷം ശമിപ്പിക്കാന്‍ പോംവഴി കാണാതെ കുഴയുകയാണ് ഹിന്ദുത്വവാദികള്‍.
ഹിന്ദുത്വധാര്‍ഷ്ട്യത്തിന് മുന്നില്‍ പതറാതെ മുന്നോട്ടുപോകുന്ന ചെറുത്തുനില്‍പ് ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടേക്കാം. പക്ഷേ, പോരാട്ടഭുമിയില്‍നിന്ന് ഒരിഞ്ച് പിറകോട്ടടിക്കാന്‍ പാടില്ല. ആരാണ് മതേതര-ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില കല്‍പിക്കുന്നതെന്നും ആരാണ് കാപട്യം കളിക്കുന്നതെന്നും എല്ലാവര്‍ക്കും മനസിലാകുന്നുണ്ട്. കപടന്മാരെ സമയം വരുമ്പോള്‍ ജനം അടയാളപ്പെടുത്തിക്കോളും. രാജ്യം ഇമ്മട്ടിലൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ പോലും 'വിശാലമനസ്‌കത' കാട്ടാത്ത, മുസ്‌ലിംകളെ മോദിയുടെ പൊലിസ് വെടിവച്ചിടുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."