പനിനീര്‍പ്പൂ വസന്തം
ഈ പുലരിയില്‍ ജീവിച്ചിരിക്കുന്നതോ പരമാനന്ദകരം, യുവാവായിരിക്കുന്നതോ സ്വര്‍ഗതുല്യവുമെന്ന വില്യം വേഡ്‌സ്‌വര്‍ത്തിന്റെ 1800കളിലെഴുതിയ കവിതാശകലങ്ങളെ രാജ്യത്തെ പനിനീര്‍പ്പൂ വസന്തത്തിന്റെ പുതിയ കാലത്തേക്കും ചേര്‍ത്തുവയ്ക്കാം. ഓരോ ഇരുണ്ട ശൈത്യത്തിനും പിന്നാലെയാണ് വസന്തം വരുന്നത്. ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ തുടങ്ങിവച്ച കാംപസ് പ്രതിരോധം രാജ്യമെമ്പാടും പനിനീര്‍പ്പൂ വസന്തമായി വ്യാപിച്ചതും മൂവര്‍ണക്കൊടികളുമായി ജനം തെരുവിലിറങ്ങിയതും ഗോള്‍വാള്‍ക്കറുടെ പ്രേതം രാജ്യത്തിന്റെ അടിക്കല്ലിളക്കുന്നുവെന്ന ബോധ്യം രാജ്യത്തെ ഓരോ പൗരനുമുണ്ടായതുകൊണ്ടാണ്. പോളണ്ട് കീഴടക്കിയ ഹിറ്റ്‌ലര്‍ ആദ്യം ചെയ്തത് ജൂതന്‍മാര്‍ക്ക് സൈഡ്‌വാക്കുകളിലൂടെ നടക്കാനുള്ള അവകാശം നിഷേധിക്കുകയായിരുന്നു. നടക്കാന്‍ നമുക്ക് വിശാലമായ റോഡുണ്ടല്ലോയെന്ന് ആശ്വസിച്ചവര്‍ അന്നുമുണ്ടായിരുന്നു. പിന്നാലെ നഗരങ്ങളിലെ പ്രധാന ഭാഗങ്ങളില്‍ നിന്നൊഴിവാക്കി ഗെറ്റോകളിലേക്ക് മാറ്റുമ്പോള്‍ ഒന്നിച്ചായിരുന്നാല്‍ തങ്ങള്‍ കൂടുതല്‍ സുരക്ഷിതരായെന്നു കരുതിയവരുമുണ്ടായിരുന്നു.
ഗെറ്റോകളില്‍ ഗസ്റ്റപ്പോകള്‍ ചാരന്‍മാരെ കണ്ടെത്തിയത് ജൂതന്‍മാരില്‍നിന്നു തന്നെയാണ്. ചിതറിയ സമൂഹമായി അവര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലേക്ക് നടക്കേണ്ടി വന്നതായിരുന്നു പിന്നീട് സംഭവിച്ചത്. കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ നാസി വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാരുമാരും അവര്‍ക്കിടയിലെ ജൂതന്‍മാരായിരുന്നു. അവര്‍ അഭിമാനത്തോടെ അതു ചെയ്തുവരികയും ചെയ്തു. ചരിത്രം കണ്‍മുന്നിലൂടെ ആവര്‍ത്തിച്ചു ചുറ്റിത്തിരിഞ്ഞിട്ടും ആളുകള്‍ അതിനെ അപ്രതീക്ഷിതമെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചത് ബര്‍ണാഡ്ഷായാണ്. വര്‍ഗീയ രാഷ്ട്രീയത്തെ എങ്ങനെ നേരിടുമെന്ന പകപ്പാണ് കഴിഞ്ഞ ആറുവര്‍ഷമായി പ്രതിപക്ഷത്തെ നയിച്ചിരുന്നതെന്ന് നമ്മള്‍ കണ്ടതാണ്. ഏതു ജനാധിപത്യ സമരത്തെയും ഹിന്ദുത്വ രാഷ്ട്രീയ വികാരം കൊണ്ട് നേരിടാന്‍ പാകത്തില്‍ ഹിന്ദുത്വവത്കരിക്കപ്പെട്ട ഒരു ഭൂരിപക്ഷ പൊതുസമൂഹത്തെ സംഘ്പരിവാര്‍ കഴിഞ്ഞ കാലം കൊണ്ട് ഉണ്ടാക്കിയെടുത്തിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളും അവരുടെ പക്ഷത്തായിരുന്നു. ഭരണപരാജയത്തെ ദേശസ്‌നേഹത്തിന്റെ ഉന്മാദം കൊണ്ട് അവര്‍ക്ക് നേരിടാനാവുമായിരുന്നു. ജനമാണ് ഇപ്പോള്‍ ആ പകപ്പിനെ മാറ്റിയെടുത്ത് രാഷ്ട്രീയ നേതൃത്വത്തിനു വഴികാട്ടുന്നത്.
ഭയന്നുഭയന്ന ഭയത്തിനൊടുവില്‍ ഭയമിറങ്ങിപ്പോയ നാളുകളിലാണ് ഒരു നേതാവിനെയും കാത്തിരിക്കാതെ ആരെയും മുന്നില്‍നിന്നു നയിക്കാന്‍ ക്ഷണിക്കാതെ ഭരണഘടനയും അംബേദ്കറുടെയും രാഷ്ട്രപിതാവിന്റെയും ചിത്രങ്ങളും മൂവര്‍ണപതാകകളുമായി ജനം തെരുവിലിറങ്ങി രാജ്യത്തിന് വഴികാട്ടുന്നത്. സംഘ്പരിവാറിന്റെ ഗണിതങ്ങള്‍ക്ക് കാണാനാകാത്ത ചില അടിസ്ഥാനമൂല്യങ്ങളുണ്ട് രാജ്യത്ത്. ഒരു അധികാരശക്തിക്കും തുറുങ്കിലടക്കാനാകാത്ത സ്വാതന്ത്ര്യസമരത്തിന്റെ കാലം മുതലുള്ള ചരിത്രമാണ് അതിലൊന്ന്. മറ്റൊന്ന് രാജ്യത്തിന്റെ ഭരണഘടനയാണ്. ബി.ജെ.പിയുടെ പ്രകടനപത്രിക കൊണ്ട് അതിനെ അട്ടിമറിക്കാനാകുമെന്ന് കരുതിയവര്‍ക്കാണ് തെറ്റിയത്. എന്താണ് സംഘ്പരിവാര്‍ ഭരണം രാജ്യത്തിന് നല്‍കിയ സംഭാവനയെന്നോര്‍ക്കേണ്ട സമയമാണ്. തങ്ങളുടെ ആദ്യകാല വാദങ്ങളെല്ലാം സര്‍ക്കാര്‍ ഒന്നിനുപിറകെ ഒന്നായി വിഴുങ്ങിയിട്ടേയുള്ളൂ. 2014ന്റെ തുടക്കം മുതല്‍ പുതിയ ഇന്ത്യയെന്ന മോദി വിറ്റുവന്നിരുന്ന സ്വപ്നങ്ങളെക്കുറിച്ചോര്‍ക്കുക. എന്നിട്ട് ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയിലേക്ക് നോക്കുക. രാജ്യം വികസിക്കപ്പെടാന്‍ പോകുന്നുവെന്ന വാദങ്ങള്‍ എവിടെപ്പോയൊളിച്ചുവെന്നോര്‍ക്കുക. വിദേശത്തുള്ള കള്ളപ്പണം എവിടെപ്പോയി.
നോട്ടുനിരോധനം എന്തിനുവേണ്ടിയായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. എന്നാല്‍ അതു തകര്‍ത്തുകളഞ്ഞ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ മുന്നിലുണ്ട്. ജി.എസ്.ടി താഴിട്ട വാണിജ്യസ്ഥാപനങ്ങളുണ്ട്. ഉള്ളിക്ക് ആപ്പിളിനെക്കാള്‍ വില കൂടിയ വിലക്കയറ്റമുണ്ട്. 'ഒരിന്ത്യ ഒരു നിയമം' എന്നതായിരുന്നു കശ്മിരിലെ 370ാം വകുപ്പ് എടുത്തു കളയുകയും രണ്ടായി വെട്ടിമുറിക്കുകയും ചെയ്തപ്പോള്‍ സര്‍ക്കാരിന്റെ വായ്ത്താരി. എന്നാല്‍ പൗരത്വ നിയമം വന്നതോടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ അതു വിഴുങ്ങി. പൗരത്വനിയമം നടപ്പാക്കാതിരിക്കാന്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റുകള്‍ക്കായി മത്സരിക്കുകയാണ് ഇന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഭവങ്ങള്‍ തങ്ങള്‍ക്ക് മാത്രമായി കൊള്ളയടിക്കാന്‍ റോബര്‍ട്ട് ക്ലൈവുമാര്‍ക്കുള്ള സൗകര്യത്തിന് 1873ല്‍ ബ്രിട്ടീഷുകാര്‍ ബംഗാള്‍ ഈസ്റ്റണ്‍ ഫ്രോണ്ടിയര്‍ റഗുലേഷന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്നതാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ്. 370 നിലനിന്നിരുന്ന കാലത്തും കശ്മിരിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി വേണ്ടിയിരുന്നില്ല. എന്നാല്‍ അരുണാചല്‍പ്രദേശ്, നാഗാലന്റ്, മിസോറാം എന്നിവിടങ്ങളിലേക്ക് കടക്കാന്‍ പ്രത്യേക അനുമതി വേണം.ഇപ്പോഴത് മണിപ്പൂരിലേക്കും വേണം. എന്തിനു പോകുന്നുവെന്നും എത്രനാള്‍ താമസിക്കുമെന്നും അറിയിക്കണം. മേഘാലയ ഇതിനായി നിയമ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. തങ്ങള്‍ക്കും വേണമെന്ന് അസമും പറയുന്നുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇനിയും വരും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തുനിന്ന് പകുത്തുകൊണ്ട് തന്നെ സംഘ്പരിവാര്‍ അഖണ്ഡ ഭാരതത്തെക്കുറിച്ച് സംസാരിക്കും. പൊലിസിനെ കൊലയും കൊള്ളയും നടത്താന്‍ വിട്ട് അവരുടെ സുരക്ഷയെക്കുറിച്ച് പറയും. നോട്ട് നിരോധിച്ച് ആളുകളെ തെരുവില്‍ത്തള്ളി കള്ളപ്പണക്കാര്‍ക്ക് മാത്രമാണ് പ്രയാസമെന്ന് വാദിക്കും. രാജ്യം കത്തിയെരിയുമ്പോള്‍ സമാധാനത്തോടെയിരിക്കുന്നതിന് ആശംസകള്‍ നേരും. കശ്മിരിനെ മാസങ്ങളോളം തടവിലിട്ട് 99 ശതമാനം കശ്മിരികളും 370 റദ്ദാക്കിയതിനെ അനുകൂലിക്കുന്നുവെന്ന് കള്ളം പറയും. രാജ്യമൊട്ടാകെ പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറയും. ഒരു കള്ളത്തെ മൂടാന്‍ മറ്റൊരു കള്ളവുമായി വരും. യുദ്ധവെറി പടര്‍ത്തും. എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്നു വിളിക്കും.
തെരുവില്‍ തോക്കും ലാത്തിയുമായി ഭരണകൂടം നിറയും. മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടഞ്ഞും മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടും ഗതാഗതം മുടക്കിയും ആളുകളെ തടഞ്ഞും ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചും ഇരുളില്‍ സമരക്കാരെ തല്ലിച്ചതച്ചും ജലപീരങ്കി പ്രയോഗിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചുമൊക്കെ ഫാസിസം പൗരന്റെ മൗലികാവകാശമായ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ അടിച്ചമര്‍ത്തും. എന്നാലും തളരാത്ത ഈ സമരത്തില്‍ മോദി സര്‍ക്കാരിന്റെ അടിവേരിളക്കുന്ന ചിലതെല്ലാമുണ്ട്. മതേതര ഭരണഘടനയുടെ ഒരു പുതിയ ചെറുത്തുനില്‍പ്പിന് രാജ്യത്തെ യുവാക്കള്‍ മുന്നോട്ടു വന്നിരിക്കുന്നു. കാക്കികള്‍ക്ക് പൂക്കള്‍ സമ്മാനിച്ചും പാട്ടുപാടിയും അവര്‍ പുതിയ സമരരീതികള്‍ തുറക്കുന്നു. പുതിയ ഇന്ത്യയെക്കുറിച്ചുള്ള യുവതയുടെ പ്രതീക്ഷ അതിലുണ്ട്. പുതിയ സമരത്തിന്റെ സാധ്യതകള്‍ ഇനിയും ഉയര്‍ന്നുവരാന്‍ ബാക്കിയാണ്. പ്രതിപക്ഷമാണ് ഈ സാധ്യതകള്‍ തേടേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."