പഴയ പദ്ധതി ഉപേക്ഷിച്ചു; പുതിയ കെട്ടിടത്തിന് രൂപരേഖയാകുന്നു
അശ്‌റഫ് കൊണ്ടോട്ടി#
കൊണ്ടോട്ടി: കരിപ്പൂരില്‍ 16 കോടി ചെലവില്‍ വനിതാ ഹജ്ജ് ഹൗസ് നിര്‍മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു ചെലവുകുറഞ്ഞ പുതിയ കെട്ടിടത്തിനു രൂപരേഖ തയാറാകുന്നു. ഹജ്ജ് ഹൗസിനുമുന്‍പിലുള്ള ചെങ്കുത്തായ സ്ഥലത്ത് വന്‍ചെലവില്‍ കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതിയാണ് ഹജ്ജ് കമ്മിറ്റി ഉപേക്ഷിക്കുന്നത്.
വനിതാ വിശ്രമകേന്ദ്രവും ഹജ്ജ് ഓഫിസും ഉള്‍പ്പെടെ ഏഴുനില കെട്ടിടമാണ് 16 കോടി ചെലവില്‍ നിര്‍മിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്. ഇതിനുള്ള രൂപരേഖ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു പദ്ധതിക്കായി ഒരുകോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. എന്നാല്‍, നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനിരിക്കെയാണ് കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശേരിയിലേക്കു മാറ്റിയത്. ഇതോടെ വനിതാ ഹജ്ജ് ഹൗസ് പദ്ധതി മുടങ്ങി.
ഈ വര്‍ഷം മുതല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിച്ചതോടെയാണ് ഹജ്ജ് കമ്മിറ്റി വനിതാ തീര്‍ഥാടകര്‍ക്കായി പ്രത്യേക കെട്ടിടം നിര്‍മിക്കാന്‍ വീണ്ടും തീരുമാനിച്ചത്. ഹജ്ജ് കമ്മിറ്റി യോഗം ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ചെങ്കുത്തായ സ്ഥലത്ത് കെട്ടിടം നിര്‍മിക്കാന്‍ 20 കോടിയിലേറെ രൂപ ചെലവുവരുമെന്നു കണ്ടെത്തുകയായിരുന്നു.
നിലവിലെ ഹജ്ജ് ഹൗസിനോടു ചേര്‍ന്നു മൂന്നുനിലയില്‍ ചെലവുകുറഞ്ഞ രീതിയില്‍ പുതിയ കെട്ടിടം പണിയാമെന്ന ആശയം പിന്നീട് ഉയര്‍ന്നു. ഈ സ്ഥലത്ത് കെട്ടിടം പണിയുന്നതിനു രൂപരേഖ തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാനിരിക്കുകയാണ്.
അടുത്ത മാസത്തോടെ പദ്ധതിക്കു സര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 500 വനിതകള്‍ക്കു വിശ്രമിക്കാനും പ്രാര്‍ഥിക്കാനും പ്രാഥമിക കാര്യങ്ങള്‍ക്കുമുള്ള സൗകര്യത്തോടെയാണ് കരിപ്പൂരില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ ആരംഭിക്കുന്നതിനുമുന്‍പായി കെട്ടിടം തീര്‍ഥാടകര്‍ക്കു തുറന്നുകൊടുക്കാനാണു നീക്കം.
2006ലാണ് കരിപ്പൂരില്‍ വിമാനത്താവള റോഡ് പരിസരത്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി പുതിയ ഹൗസ് നിര്‍മിച്ചത്. ആറുകോടി മുടക്കി മൂന്നുനിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ ഒരേസമയം ആയിരത്തിലേറെ പേര്‍ക്കു താമസിക്കാനും പ്രാര്‍ഥിക്കാനുമുള്ള സൗകര്യമുണ്ട്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയാണിത്.
എന്നാല്‍, തീര്‍ഥാടകര്‍ വര്‍ധിച്ചതോടെ ഹജ്ജ് ഹൗസിലെ സൗകര്യങ്ങളും മതിയാകാതെയായതോടെയാണ് വനിതകള്‍ക്കു പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. തീര്‍ഥാടകരില്‍ 84 ശതമാനവും മലബാറില്‍നിന്നുള്ളവരാണ്. ഇവരില്‍ കൂടുതലും സ്ത്രീകളുമാണ്. തീര്‍ഥാടകരും ഇവരെ പരിചരിക്കാനുള്ള വളന്റിയര്‍മാരും വരുന്നതോടെ നിലവിലെ ഹജ്ജ് ഹൗസില്‍ തിരക്കുകൂടും. പുതിയ കെട്ടിടം വരുന്നതോടെ ഈ പ്രയാസങ്ങള്‍ ഒഴിവാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."