സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് തുടക്കം
കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചിമുസിരിസ് ബിനാലെ നാലാം ലക്കത്തോടനുബന്ധിച്ച് നടത്തുന്ന സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് തുടക്കമായി. ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡിലെ കൊച്ചിമുസിരിസ് ബിനാലെ പവലിയനില്‍ വച്ചായിരുന്നു സ്റ്റുഡന്റ്‌സ് ബിനാലെയുടെ സമാരംഭ ചടങ്ങ്.സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 200 വിദ്യാര്‍ഥി ആര്‍ട്ടിസ്റ്റുകളാണ് സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും വിവിധ രാജ്യങ്ങളിലെ 80 വിദ്യാലയങ്ങളില്‍ നിന്നുമാണ് സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പ്രാതിനിധ്യമുള്ളത്. ചെറു സംഘങ്ങളായി തിരിഞ്ഞ് 100 പ്രതിഷ്ഠാപനങ്ങള്‍ ഇവര്‍ പ്രദര്‍ശിപ്പിക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഏറ്റവും വലിയ വിദ്യാഭ്യാസ പരിപാടിയാണ് സ്റ്റുഡന്റ്‌സ് ബിനാലെയെന്ന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
കഴിഞ്ഞ രണ്ട് ലക്കങ്ങളിലായി 60 കോളജുകളില്‍ നിന്ന് സ്റ്റുഡന്റ്‌സ് ബിനാലെയില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നു. നിരവധി അപേക്ഷകളില്‍ നിന്നാണ് 100 സൃഷ്ടികള്‍ തെരഞ്ഞെടുത്തത്. ഇക്കുറി സൃഷ്ടികളൊരുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ബോസ് ചൂണ്ടിക്കാട്ടി. സഞ്ജയന്‍ ഘോഷ് (വിശ്വഭാരതി സര്‍വകലാശാല, ശാന്തിനികേതന്‍), ശുക്ല സാവന്ത്(ജെ.എന്‍.യു ഡല്‍ഹി), ശ്രുതി രാമലിംഗയ്യ, സി.പി കൃഷ്ണപ്രിയ, കെ.പി റെജി, എം.പി നിഷാദ് എന്നിവരാണ് സ്റ്റുഡന്റ്‌സ് ബിനാലെയുടെ ക്യൂറേറ്റര്‍മാര്‍.
അധ്യയന വിഷയങ്ങളെ ആധാരമാക്കി രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള ഒന്‍പത് അധ്യാപകര്‍ പരിശീലന കളരിയും മറ്റു പരിപാടികളും നടത്തും. രാജ്യത്തെ തെരഞ്ഞെടുത്ത സമകാലീന കലാ വിദ്യാലയങ്ങളിലാണ് ഇത് നടത്തുന്നത്. ബി.വി സുരേഷ്, കൗശിക് മുകോപാധ്യായ്, മൃഗാംഗ മധുകാലിയ, സന്തോഷ് സദാനന്ദന്‍, ശാരദ നടരാജന്‍, ഫെഡറിക്ക മാര്‍ട്ടീനി, ഇഗാല്‍ മേര്‍ടെന്‍ബോം, റംഗോട്ടോ ഹ്ലാസേന്‍ തുടങ്ങിയവരാണ് ഇതില്‍ സഹകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."