കാസര്‍കോട്ടെ യുവശാസ്ത്രജ്ഞന് നാസയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം
അശോക് നീര്‍ച്ചാല്‍#
ബദിയഡുക്ക: കാസര്‍കോട് സ്വദേശിയായ യുവശാസ്ത്രജ്ഞന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയില്‍ പ്രബന്ധമവതരിപ്പിക്കാന്‍ ക്ഷണം. കാസര്‍കോട് ബദിയഡുക്കയിലെ അബ്ദുല്‍ മജീദ് പൈക്കയുടെയും സുബൈദ ഗോളിയടുക്കയുടെയും മകനായ ഇബ്രാഹിം ഖലീലിനാണ് അവസരം ലഭിച്ചിരിക്കുന്നത്. എയ്‌റോ സ്‌പേസ് എന്‍ജിനീയറിങില്‍ തന്റെ പി.എച്ച്.ഡി ഗവേഷണം പൂര്‍ത്തിയാക്കാനിരിക്കെയാണ് നാസയിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
ഇബ്രാഹിം ഖലീലിന്റെ ചില ഗവേഷണ പ്രബന്ധങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട നാസ അദ്ദേഹത്തെ ഇവ അവതരിപ്പിക്കാനും അവ അവരുടെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമായി ക്ഷണിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മുതല്‍ നാസയുടെ ഓഹിയോയിലുള്ള ഗ്ലെന്‍ റിസര്‍ച്ച് സെന്ററില്‍ വിശിഷ്ടാതിഥിയായി കഴിയുകയാണ് ഈ കാസര്‍കോട്ടുകാരന്‍.
നാട്ടിലെ സര്‍ക്കാര്‍ വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് ഇബ്രാഹിം ഖലീല്‍ എയറനോട്ടിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയത്. തുടര്‍ന്ന് ജര്‍മനിയിലെ ബൊഖുമിലുള്ള റഹ്‌റ യൂനിവേഴ്‌സിറ്റിയില്‍നിന്ന് കംപ്യൂട്ടേഷന്‍ എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. സ്‌കോളര്‍ഷിപ്പോടെ ബാച്ചിലെ ആദ്യ അഞ്ചില്‍ ഒരാളായാണ് ഖലീല്‍ ഇവിടെനിന്ന് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയത്. 2015ലാണ് ഖലീലിനെ യൂറോപ്പിലെങ്ങും പ്രശസ്തവും ഇറ്റലിയിലെ ഏറ്റവും പഴക്കം ചെന്നതുമായ സാങ്കേതിക സര്‍വകലാശാലയായ പോളിടെക്‌നിക് യൂനിവേഴ്‌സിറ്റി ഓഫ് ടൂറിന്‍ ഗവേഷണ സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. ലോകത്തെങ്ങുമുള്ള ശാസ്ത്രജ്ഞരുടെ അഭിലാഷമായ ഒന്നേകാല്‍ കോടി ഇന്ത്യന്‍ രൂപ വരുന്ന 'മേരി ക്യൂറി' സ്‌കോളര്‍ഷിപ്പിനും ഖലീല്‍ അര്‍ഹനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."