പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ യു.ഡി.എഫും എല്‍.ഡി.എഫും
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ ദേശീയ തലത്തില്‍ അലയടിക്കുന്ന പ്രക്ഷോഭം കേരളത്തിലും ശക്തമായി തുടരാന്‍ യു.ഡി.എഫും എല്‍.ഡി.എഫും തീരുമാനിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചു തുടക്കംകുറിച്ച പ്രക്ഷോഭത്തിന്റെ തുടര്‍ച്ച സംബന്ധിച്ച് യു.ഡി.എഫിനുള്ളില്‍ തര്‍ക്കം തുടരുമ്പോഴും കോണ്‍ഗ്രസും സി.പി.എമ്മും വെവ്വേറെ സമരപരിപാടികള്‍ ആവിഷ്‌കരിച്ചു മുന്നോട്ടുപോകുകയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ സേവ് റിപ്പബ്ലിക് സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ സദസ് സംഘടിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം വാമനപുരം നിയോജക മണ്ഡലത്തില്‍ ഇന്ന് നിര്‍വഹിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ജില്ലാ ഘടകങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന്റെ പിന്നാലെ താഴെ തട്ടിലേക്കും സമരപരിപാടികള്‍ വ്യാപിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ഡി.സി.സികളുടെ നേതൃത്വത്തില്‍ നടത്തിയ ജനമുന്നേറ്റ പ്രതിഷേധ സംഗമങ്ങള്‍ വിജയകരമായ സാഹചര്യത്തിലും എല്‍.ഡി.എഫുമായി യോജിച്ച സമരത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും ഉള്‍പ്പെടെ ഒരുവിഭാഗം നേതാക്കള്‍ വിയോജിച്ചുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലും തല്‍ക്കാലം കോണ്‍ഗ്രസ് നേരിട്ടും യു.ഡി.എഫ് തലത്തിലുമായി സമരം ശക്തിപ്പെടുത്താനാണ് തീരുമാനം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ രാജ്ഘട്ടില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലും യൂത്ത് ലീഗിന്റെ നേതൃത്വത്തിലും നടത്തുന്ന സമരങ്ങള്‍ക്ക് പുറമെ മുസ്‌ലിം ബഹുജന സംഘടനകളുമായും മഹല്ല് സംവിധാനങ്ങളുമായും ചേര്‍ന്ന് പ്രതിഷേധം ശക്തിപ്പെടുത്താനാണ് മുസ്‌ലിംലീഗിന്റെയും തീരുമാനം. യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റ് ഓഫിസ് ഉപരോധിക്കും. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സമരം ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ ഡിസംബര്‍ 16ന് നടത്തിയ മഹാസത്യഗ്രഹത്തിന്റെ തുടര്‍ച്ചയായി ജനുവരി 26ന് മനുഷ്യച്ചങ്ങല നടത്താനാണ് എല്‍.ഡി.എഫിന്റെ തീരുമാനം. ഭരണ -പ്രതിപക്ഷങ്ങളുടെ യോജിച്ച സമരത്തിനെതിരേ കോണ്‍ഗ്രസിനുള്ളില്‍നിന്ന് വിയോജിപ്പ് പ്രകടമായതോടെ ഐക്യസമരം എന്ന നിലപാട് മാറ്റി ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടത്താനാണ് തീരുമാനം.
സംയുക്തസമരത്തിനെതിരേ നിലപാട് സ്വീകരിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ച സി.പി.എം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മുസ്‌ലിംലീഗിന്റെയും നിലപാടിനെ സ്വാഗതം ചെയ്യാനും തയാറായി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേതൃത്വം നല്‍കി സംഘടിപ്പിച്ച മഹാസത്യഗ്രഹം കേരളീയ സമൂഹത്തിന് മാത്രമല്ല ഇന്ത്യന്‍ ജനതയ്ക്കും വലിയ പ്രതീക്ഷയാണ് നല്‍കിയത്. ഇതിന് സഹായകരമായ പ്രതിപക്ഷ നേതാവിന്റെ സമീപനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മുസ്‌ലിംലീഗ് നേതൃത്വത്തിന്റെയും നിലപാടും ശ്രദ്ധേയവും ഇന്നത്തെ സാഹചര്യത്തില്‍ പ്രതീക്ഷ നല്‍കുന്നതുമാണ്. മാറിയ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം ശരിയായ ദിശയിലുള്ളതാണ്. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് സങ്കുചിതമായ സി.പി.എം വിരുദ്ധ നിലപാട് മാത്രം പ്രതിഫലിക്കുന്ന അഭിപ്രായങ്ങളാണ് പറയുന്നത്.
ശബരിമല പ്രശ്‌നത്തില്‍ സുപ്രിംകോടതി വിധിയ്‌ക്കെതിരേ ആര്‍.എസ്.എസുമായി യോജിച്ച് കര്‍മസമിതിയില്‍ പ്രവര്‍ത്തിക്കാന്‍ മടിയില്ലാതിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ത്യയെ നിലനിര്‍ത്താനുള്ള വിശാല പോരാട്ടത്തിന് സി.പി.എമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് എത്രമാത്രം സങ്കുചിതമാണെന്നും സി.പി.എം കുറ്റപ്പെടുത്തി.
മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ചുള്ള സംഘ്പരിവാര്‍ നീക്കങ്ങള്‍ക്കെതിരേ എല്ലാ വിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് തയാറെടുക്കാനുള്ള സി.പി.എം കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യച്ചങ്ങലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്‍കിയിട്ടുണ്ട്.
പ്രചാരണാര്‍ഥം എല്‍.ഡി.എഫ് നേതൃത്വത്തില്‍ ജില്ലാ ജാഥകള്‍ നടത്താനും സി.പി.എം നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനവും കുടുംബയോഗങ്ങളും സംഘടിപ്പിക്കാനും തീരുമാനിച്ചു.
സി.പി.എമ്മിന്റെയും സി.പി.ഐയുടെയും യുവജനസംഘടനകളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രക്ഷോഭവും ശക്തമാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."