ശാപം മാറി: തായ് സുവിനെ വീഴ്ത്തി സിന്ധു
ഗ്വാങ്ഷു: 2016 റിയോ ഒളിംപിക്സിന് ശേഷം ഏഴു തവണ ലോക ഒന്നാം നമ്പര്‍ താരമായ തായ് സുവിനോട് പരാജയപ്പെട്ട പി.വി സിന്ധുവിന് ഒടുവില്‍ വിജയം. വേള്‍ഡ് ടൂര്‍ ഫൈനല്‍സിലാണ് തായ്സുവിനെ സിന്ധു വീഴ്ത്തിയത്. തീപാറിയ പോരാട്ടത്തില്‍ ആദ്യ സെറ്റ് സിന്ധുവിന് നഷ്ടമായി. എന്നാല്‍, രണ്ടും മൂന്നും സെറ്റുകള്‍ പൊരുതി നേടിയാണ് സിന്ധു തന്റെ സ്വപ്ന നേട്ടം കൈവരിച്ചത്. 61 മിനുട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ ജയം.
സ്കോര്‍: 14-21, 21-16, 21-18. വേള്‍ഡ് ടൂറിന്റെ ആദ്യ മത്സരത്തില്‍ സിന്ധു ജാപ്പനീസ് താരം യാമാഗുച്ചിയെ പരാജയപ്പെടുത്തിയിരുന്നു. അതേസമയം, പുരുഷന്മാരുടെ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സമീര്‍ വര്‍മ ഇന്തോനേഷ്യന്‍ താരം ടോമി സുഗിയാര്‍ത്തോയെ പരാജയപ്പെടുത്തി. ഇതോടെ വര്‍മയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി. ആദ്യ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ കെന്റോ മെമോട്ടയോട് സമീര്‍ വര്‍മ പരാജയപ്പെട്ടിരുന്നു. 40 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-16, 21-7 എന്ന സ്കോറിനായിരുന്നു വര്‍മയുടെ ജയം. ഇന്ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ സമീര്‍ വര്‍മ തായ്ലന്ഡ് താരം കാന്റഫോണ്‍ വാങ്ചരോണിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."