ധ്രുവീകരിച്ച് ഭരിക്കാമെന്ന മോഹം ഇനി നടപ്പില്ല; ജാര്‍ഖണ്ഡ് ഫലം ശുഭ സൂചന- കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധ്രുവീകരണമാണ് ഉപയോഗിച്ചത്. എന്നാല്‍ അത് അവിടെ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇത് ഇനി നടപ്പാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് വിജയം തങ്ങള്‍ പ്രതീക്ഷിച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വലിയൊരു ടീമിനെ തന്നെ അവിടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് നിയോഗിച്ചിരുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ ഫലസൂചനകള്‍ കാണിക്കുന്നത് കോണ്‍ഗ്രസ് സഖ്യത്തിന് അവിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുന്നാണ്. ഏതെങ്കിലും സാഹചര്യത്തില്‍ കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ ചെറുപാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്താന്‍ ഹൈക്കമാന്‍ഡ് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഹേമന്ദ് സോറന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.
'പൗരത്വഭേദഗതി ബില്‍ ഈ പാര്‍ലമെന്റ് സെഷനില്‍ കൊണ്ടുവന്നത് തന്നെ എന്തിന് വേണ്ടിയായിരുന്നു? എല്ലാ പാര്‍ട്ടികളും ഇത് സെലക്ഷന്‍ കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാവരുമായി ചര്‍ച്ച നടത്തുകയും ആശങ്കകള്‍ പരിഹരിക്കണമെന്നും പറഞ്ഞെങ്കിലും അത് പറ്റില്ല ഇപ്പോള്‍ തന്നെ പാസ്സാക്കണമെന്ന് അവര്‍ പറഞ്ഞു. അതിന് പിന്നിലെ ഉദ്ദേശം ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പായിരുന്നു. അത് നമുക്കെല്ലാം മനസിലായതാണ്. വസ്ത്രം നോക്കി സമരക്കാരെ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞത് ജാര്‍ഖണ്ഡില്‍ വെച്ചായിരുന്നു. അമിത് ഷായുടെ പ്രസംഗം നമ്മള്‍ കണ്ടതാണ്. ജനങ്ങളെ വിഭജിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നേതാക്കന്‍മാരും നടത്തിയത്'- അദ്ദേഹം ചൂണ്ടിക്കാട്ടി. ജാര്‍ഖണ്ഡില്‍ ഇത്രയേറെ സ്വാധീനമുണ്ടായിട്ടും ബി.ജെ.പി അവിടെ ധ്രുവീകരണത്തിന് സാധിച്ചില്ല എന്നുണ്ടെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അതൊരു നല്ല സൂചനയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."