പ്രതികളുടെ വധശിക്ഷ നടപ്പാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ വധശിക്ഷ രണ്ടാഴ്ചക്കുള്ളില്‍ നടപ്പാക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി.
കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും വധശിക്ഷ ലഭിച്ച മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് എന്നീ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി തള്ളിയത്. 2013 സെപ്റ്റംബറിലാണ് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രിംകോടതി തള്ളിയ സാഹചര്യത്തിലാണ് ശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ഹരജി സമര്‍പ്പിച്ചത്.
ഇന്നലെ കേസ് പരിഗണിച്ച ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ഹരജി സമര്‍പ്പിച്ചതിനെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഇത്തരത്തിലുള്ള ഹരജിയിലൂടെ പരിഹസിക്കുകയാണോയെന്ന് കോടതി ചോദിച്ചു.
വധശിക്ഷ നടപ്പാക്കാന്‍ വരുത്തുന്ന കാലതാമസം തെറ്റായ കീഴ് വഴക്കമാണെന്നും ഇത് ഇത്തരം കുറ്റകൃത്യങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും പീഡനക്കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ചൂണ്ടിക്കാണിക്കുന്നുവെന്ന് ഹരജിയില്‍ സൂചിപ്പിച്ചിരുന്നു.
നിഷ്ഠൂരമായ കുറ്റകൃത്യത്തിന് ഒരു പ്രതിക്ക് ലഭിക്കുന്ന ശിക്ഷ നടപ്പാക്കാന്‍ അഞ്ചു വര്‍ഷത്തിലധികമുണ്ടാകുന്ന കാലതാമസം അത്തരം കുറ്റകൃത്യത്തിന് പ്രേരണയാകുമെന്നും ഹരജിയിലുണ്ട്. വധശിക്ഷ പോലുള്ളവ നടപ്പാക്കാനുള്ള സമയക്രമത്തെ കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ കോടതി നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായത്. ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് സിംഗപൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡിസംബര്‍ 29 ന് മരിച്ചു. ആറു പേരായിരുന്നു പ്രതികള്‍.
മുഖ്യപ്രതി രാംസിങ് കസ്റ്റഡിയിലിരിക്കെ മരിച്ചു. മറ്റൊരു പ്രതി മുഹമ്മദ് അഫ്രോസിനെ പ്രായപൂര്‍ത്തിയാകാത്തതു കാരണം ജുവനൈല്‍ നിയമപ്രകാരം മൂന്നു വര്‍ഷത്തെ തടവുശിക്ഷ നല്‍കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."