HOME
DETAILS

അഹന്ത വെടിയുക, വിനയാന്വിതരാകുക

  
backup
December 13 2018 | 18:12 PM

velliprabhaatham-14-12-2018

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍
ജമലുല്ലൈലി#

 

അഹങ്കാരം അധമസ്വഭാവമാണെന്ന് സര്‍വരും സമ്മതിക്കുന്നതാണ്. എന്നാല്‍, അഹങ്കാരമെന്ന സ്വഭാവം തന്നില്‍ അന്തര്‍ലീനമാണോ എന്നു പരിശോധിക്കാന്‍ അധികമാരും മെനക്കെടാറില്ല. താന്‍ അഹങ്കാരിയാണെന്ന് മറ്റുള്ളവര്‍ തന്നെ ആക്ഷേപിക്കുന്നത് ആര്‍ക്കും ദഹിക്കില്ല. എന്നാല്‍, ആ ആക്ഷേപത്തിനു ഹേതുവാകുന്ന വിഷയങ്ങള്‍ ഒഴിവാക്കാനവര്‍ തയാറാവുകയുമില്ല. അഹന്ത മനുഷ്യനെ നാശത്തിലേക്കാണ് നയിക്കുക. പ്രപഞ്ചത്തിലെ പ്രഥമ പാപി പിശാചാണ്. അവന്‍ അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചു. ആദമിന് സാഷ്ടാംഗം പ്രണമിക്കാന്‍ കല്‍പിച്ചപ്പോള്‍ വിസമ്മതിച്ചു. അഹങ്കാരമായിരുന്നു കാരണം.
അല്ലാഹു ചോദിച്ചു: 'ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സാഷ്ടാംഗം ചെയ്യുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത് അവന്‍ പറഞ്ഞു: 'ഞാനാണ് അവനേക്കാള്‍ മെച്ചം. നീയെന്നെ സൃഷ്ടിച്ചത് തീയില്‍നിന്നാണ്. അവനെ മണ്ണില്‍നിന്നും' (അല്‍അഅ്‌റാഫ് 12).
ഈ അഹങ്കാരമാണ് പിശാചിന്റെ പതനത്തിന് പാതയൊരുക്കിയത്. അല്ലാഹു പറഞ്ഞു: 'നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകണം. ഇവിടെ നിനക്ക് അഹങ്കരിക്കാന്‍ അവകാശമില്ല. പോകണം പുറത്ത്, സ്വയം നിന്ദ്യത വരിച്ചവരില്‍പെട്ടവനാണ് നീ' (അല്‍അഅ്‌റാഫ് 13).
നംറൂദിന്റെയും ഫിര്‍ഔനിന്റെയും നാശത്തിലേക്ക് നയിച്ചതും മറ്റു പല ഗോത്രങ്ങളുടെ പതനത്തിന് കാരണവും അഹങ്കാരമാണ്. സ്രഷ്ടാവിനെയും പ്രവാചകന്മാരെയും ധിക്കരിക്കാന്‍ എക്കാലത്തേയും ജനങ്ങളെ പ്രേരിപ്പിച്ചത് അഹങ്കാരമായിരുന്നു. തങ്ങളില്‍നിന്നുള്ള ഒരാള്‍ ദൈവദൂതനായി നിയോഗിതനാവുന്നത് അംഗീകരിക്കാന്‍ അഹന്ത അവരെ അനുവദിച്ചില്ല. പ്രവാചകന്മാരോട് അവര്‍ പറഞ്ഞു: 'നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്' (ഇബ്‌റാഹീം 10).
എല്ലാ ജനസമൂഹങ്ങളും വഴിപിഴയ്ക്കാനുള്ള കാരണം അഹങ്കാരത്തില്‍ നിന്നുയിരെടുത്ത ഈ ചിന്തയായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. 'ജനങ്ങള്‍ക്കു നേര്‍വഴി വന്നെത്തിയപ്പോഴെല്ലാം അതില്‍ വിശ്വസിക്കാന്‍ അവര്‍ക്കു തടസ്സമായത് 'അല്ലാഹു ഒരു മനുഷ്യനെയാണോ തന്റെ ദൂതനായി നിയോഗിച്ചിരിക്കുന്നത്'എന്ന അവരുടെ വാദമല്ലാതൊന്നുമല്ല' (അല്‍ ഇസ്‌റാഅ് 94).
തങ്ങളെപ്പോലുള്ള ഒരു സാധാരണ മനുഷ്യന്‍ ദൈവദൂതനായി നിയോഗിക്കപ്പെടുന്നത് സഹിക്കാനും സമ്മതിക്കാനും കൂട്ടാക്കാത്ത അഹങ്കാരികളാണ് പ്രവാചകന്മാരുടെ പ്രധാന പ്രതിയോഗികളെല്ലാം. അങ്ങനെ അവര്‍ അവിശ്വാസികളായിത്തീര്‍ന്നു. സ്വന്തത്തെ സംബന്ധിച്ച അതിരുകളില്ലാത്ത അഭിമാനവും അന്യരോടുള്ള അമിതമായ അവമതിയുമാണ് അവിശ്വാസത്തിന്റെ അടിവേരെന്നര്‍ഥം. പ്രവാചകന്മാര്‍ക്കെതിരേ അണിനിരന്ന പ്രമാണി വര്‍ഗത്തിന്റെ പ്രതികരണം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 'ഞങ്ങളിലേറ്റം അധഃസ്ഥിതരായ ആളുകളെയല്ലാതെ നിന്നെ അനുഗമിക്കുന്നതായി ഞങ്ങള്‍ കാണുന്നില്ല. ഞങ്ങളേക്കാള്‍ നിങ്ങള്‍ക്കൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നില്ല' (ഹൂദ് 27). ഇതില്‍ നിറഞ്ഞുനില്‍ക്കുന്ന അഹങ്കാരം വിവരണമാവശ്യമില്ലാത്തവിധം വ്യക്തമാണല്ലോ.
അഹന്തയുടെ അടിവേരുകള്‍ അറുത്തുമാറ്റാന്‍ ഇസ്‌ലാം വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു. വിനയാന്വിതരായി പ്രപഞ്ചത്തിലൂടെ നടക്കുന്നവരാണ് യഥാര്‍ഥ വിശ്വാസികളെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം. 'പരമ കാരുണികനായ അല്ലാഹുവിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനയത്തോടെ നടക്കുന്നവരാണ്. 'വിഡ്ഢികള്‍' അവരോട് വാദകോലാഹലത്തിനു വന്നാല്‍, 'നിങ്ങള്‍ക്ക് സലാം' എന്നു മാത്രം പറഞ്ഞ് ഒഴിഞ്ഞുമാറുന്നവരാണവര്‍'. (ഫുര്‍ഖാന്‍ 63)
നബി(സ) പറഞ്ഞു: 'ഹൃദയത്തില്‍ ഒരു അണുമണി തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അപ്പോള്‍ ഒരാള്‍ ചോദിച്ചു: നബിയേ, വസ്ത്രവും ചെരിപ്പുമെല്ലാം നല്ല നിലവാരമുള്ളതാവാന്‍ ആഗ്രഹിക്കുന്നത് അഹങ്കാരമാണോ നബി(സ) പറഞ്ഞു: അല്ല. അല്ലാഹു ഭംഗിയുള്ളവനാണ്. ഭംഗിയെ അവന്‍ ഇഷ്ടപ്പെടുകയും ചെയ്യും. എന്നാല്‍, സത്യത്തെ അവമതിച്ച്, ജനങ്ങളുടെ മേല്‍ തട്ടിക്കയറുന്നതും അവരെ നിസ്സാരപ്പെടുത്തുന്നതുമാണ് അഹങ്കാരം. '(മുസ്‌ലിം)
സ്വന്തത്തെ മഹത്വവല്‍കരിക്കുകയും മറ്റുള്ളവരെ നിസ്സാരമായി കാണുകയും ചെയ്യുന്നതില്‍ നിന്നാണ് അഹങ്കാരം അങ്കുരിക്കുന്നത്. അതൊഴിവാക്കി വിനീതരായി മാറണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. 'ആരും ആരെയും ആക്രമിക്കാതിരിക്കുമാറ്, ആരോടും ഗര്‍വ് കാണിക്കാതിരിക്കുമാറ്, നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എന്നെ അറിയിച്ചിരിക്കുന്നു' (മുസ്‌ലിം).
'തന്റെ സഹോദരനോട് വിനയം കാണിക്കുന്നവനെ അല്ലാഹു ഉയര്‍ത്തുകയും അവനോട് അഹന്ത പ്രകടിപ്പിക്കുന്നവനെ നിന്ദ്യനാക്കുകയും ചെയ്യും' (ത്വബറാനി).
മദീനയിലെ മിമ്പറില്‍ വച്ച് ഉമര്‍(റ) ഒരിക്കല്‍ പ്രസംഗിച്ചു. ജനങ്ങളേ, നിങ്ങള്‍ വിനയാന്വിതരാകുക. കാരണം മുത്ത് റസൂല്‍(സ) പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്:'അല്ലാഹുവിനെ മാനിച്ച് ആരെങ്കിലും വിനയം കാണിച്ചാല്‍ അല്ലാഹു അവനെ മഹത്വമുള്ളവനാക്കും. അഥവാ അവന്റെ ഹൃദയത്തില്‍ അവന്‍ വിനീതനും ജനഹൃദയങ്ങളില്‍ മഹോന്നതനുമായിരിക്കും. എന്നാല്‍, ആരെങ്കിലും അഹങ്കരിച്ചാല്‍ അല്ലാഹു അവനെ തരം താഴ്ത്തിക്കളയും. അവന്റെ ഹൃദയത്തില്‍ അവന്‍ മഹാനാണെന്നായിരിക്കും വിചാരം. ജനമനസ്സുകളില്‍ അവന്‍ പന്നിയെക്കാളും പട്ടിയെക്കാളും നികൃഷ്ടനുമായിരിക്കും. (മിശ്കാത്ത്)
വിനയത്തിനുമുണ്ട് കുറേ നല്ല അടയാളങ്ങള്‍. തന്നെ കാണാന്‍ വരുന്നവര്‍ക്കു മുഖം കൊടുക്കാനും പുഞ്ചിരിച്ചു കൈപിടിക്കാനും വിനീതഹൃദയന്‍ തയ്യാറാകും. തന്നെക്കാള്‍ പ്രായം കുറഞ്ഞവരെയും തന്റെ കീഴില്‍ ജോലി ചെയ്യുന്നവരെയും ബഹുമാനപുരസരം സംബോധന ചെയ്യും. അങ്ങോട്ട് അഭിവാദ്യം ചെയ്തു തുടങ്ങുന്നതും യാത്രാ വേളകളിലും മറ്റും സേവനം ചെയ്യാന്‍ മുന്നിടുന്നതുമൊക്കെ വിനയത്തിന്റെ ലക്ഷണങ്ങളാണ്. ഒരിക്കല്‍ മൂന്നു പേരോടൊന്നിച്ചു യാത്ര ചെയ്യുകയായിരുന്നു നബി(സ). അവര്‍ വിശ്രമത്തിനും ഭക്ഷണത്തിനുമായി ഒരിടത്ത് ഇറങ്ങി. അപ്പോള്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ ആടിനെ അറുത്ത് തോല്‍ പൊളിക്കാം. മറ്റൊരാള്‍ പറഞ്ഞു: ഞാനിത് കഷണിച്ചുതരാം. മൂന്നാമന്‍ പറഞ്ഞു: ഞാനിതു പാകം ചെയ്യാം. 'വിറകു കൊണ്ടുവരുന്നത് എന്റെ ചുമതലയിലായിരിക്കും.' 'വേണ്ടാ അതും ഞങ്ങള്‍ ചെയ്തുകൊള്ളാം' അനുചരന്മാര്‍ അറിയിച്ചു. നബി അംഗീകരിച്ചില്ല. അവിടുന്ന് അരുള്‍ ചെയ്തു: 'നിങ്ങള്‍ക്കതു ചെയ്യാന്‍ കഴിയുമെന്നും നിങ്ങളത് ചെയ്യുമെന്നും എനിക്കറിയാം. എന്നാല്‍, ഞാന്‍ എന്നെ നിങ്ങളേക്കാള്‍ ഉയര്‍ന്നവനായി കാണുന്നില്ല. നിങ്ങളങ്ങനെ കാണുന്നത് എനിക്കിഷ്ടവുമില്ല. സ്വന്തത്തെ കൂട്ടുകാരേക്കാള്‍ ഉയര്‍ന്നവനായി കാണുന്നവനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.' തുടര്‍ന്നു വിറക് ശേഖരിക്കാനായി പ്രവാചകന്‍ (സ) പുറത്തേക്കിറങ്ങി.
വിനയമുള്ള മനസ്സുള്ളവര്‍ക്ക് മാത്രമേ ഇത്ര വലിയ നേതൃപദവിയിലിരിക്കുമ്പോഴും ഇങ്ങനെ പെരുമാറാന്‍ കഴിയൂ.
'അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അവരോട് അങ്ങ് വിനീതനായി പെരുമാറി. അവിടുന്നെങ്ങാനും പരുത്ത സ്വഭാവക്കാരനും കഠിന മനസ്‌കനുമായിരുന്നെങ്കില്‍, താങ്കളുടെ ചുറ്റുനിന്നും അവര്‍ വിരണ്ടോടുമായിരുന്നു' എന്ന ഖുര്‍ആന്‍ അധ്യാപനം നബി(സ)യുടെ പ്രബോധന ദൗത്യം വിജയിപ്പിച്ചതിനു പിന്നില്‍ അവിടുത്തെ വിനയമായിരുന്നു മുഖ്യകാരണമെന്ന് സാക്ഷ്യപ്പെടുത്തുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago