പ്രധാനമന്ത്രിയുടെ പ്രഭാഷണം ആസ്വദിക്കാം വിശ്വസിക്കാനാവില്ല
പ്രഭാഷണകലയില്‍ അതിവിദഗ്ധനായ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്തുത കലയിലെ തന്റെ സ്വതസിദ്ധമായ കഴിവ് കഴിഞ്ഞ ദിവസം രാംലീല മൈതാനിയിലും ഭംഗിയായി പ്രകടിപ്പിച്ചു. പതിവ് ഭാവഹാവാദികളും അംഗവിക്ഷേപങ്ങളും അപ്പോഴും അകമ്പടിയായി. പക്ഷെ യാഥാര്‍ഥ്യവുമായി അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇതിനകംതന്നെ ഇന്ത്യന്‍ ജനത മനസിലാക്കിക്കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രഭാഷണ ചാരുതയാണ് ഇത്രയുംകാലം ഭരണകൂടത്തിന് ജനങ്ങളെ മോഹനിദ്രയിലെന്നവണ്ണം അടക്കിനിര്‍ത്താനായത്.
ഒന്നാം മോദി മന്ത്രിസഭയുടെ കാലത്താണ് പശുവിന്റെ തൊലിയുരിച്ചു എന്നാരോപിച്ചു ദലിത് യുവാക്കളെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിക്കാന്‍ തുടങ്ങിയത്. അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. അതിനകം രാജ്യത്തുടനീളം പശുവിന്റെ പേരില്‍ മുസ്‌ലിംകളെയും ദലിതരെയും സംഘംചേര്‍ന്ന് ആക്രമിക്കാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തുടങ്ങിയിരുന്നു. ഉന്നാവില്‍ അത് രൂക്ഷമായതോടെയാണ് പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. പശുവിന്റെ പേരില്‍ ദലിതുകളെ ആക്രമിക്കുന്നവര്‍ ആദ്യം എന്റെ നെഞ്ചിലേക്ക് നിറയൊഴിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. അതിനാരും മുതിരുകയില്ലെന്നറിഞ്ഞുകൊണ്ടായിരുന്നു അത്തരമൊരു തന്ത്രം അദ്ദേഹം പ്രയോഗിച്ചത്. എന്നാല്‍ ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കുംനേരെ പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ തുടരുകയും ചെയ്തു.
അതിന് ശേഷമാണ് നോട്ട് നിരോധനം വന്നത്. ജനങ്ങള്‍ നോട്ട് നിരോധനത്തെതുടര്‍ന്ന് തീരാദുരിതത്തില്‍ ആഴ്ന്നുപോയപ്പോഴും അദ്ദേഹം പ്രതികരിച്ചില്ല. പ്രതിഷേധങ്ങള്‍ രൂക്ഷമായപ്പോള്‍ തന്റെ പതിവ് പ്രസംഗം അദ്ദേഹം അപ്പോള്‍ പുറത്തെടുത്തു. എനിക്കൊരു അവസരം തരൂവെന്നും അന്‍പത് ദിവസത്തിനകം നോട്ട് നിരോധനം കൊണ്ടുണ്ടായ പ്രയാസം തീര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്നെ തീവച്ചു കൊന്നോളൂ എന്നും വികാരഭരിതനായി അദ്ദേഹം പ്രസംഗിച്ചു. ജനമത് വിശ്വസിച്ചു. ഇപ്പോഴും നോട്ട് നിരോധനത്തിന്റെ ദുരിതത്തില്‍നിന്ന് ജനത്തിന് കരകയറാനായില്ല. ഇപ്പോഴിതാ കഴിഞ്ഞ ദിവസവും രാംലീല മൈതാനിയില്‍ നടന്ന ബി.ജെ.പി റാലിയിലും അദ്ദേഹത്തെ ഉരുട്ടിയിടാനും കോലം കത്തിക്കാനും ആവശ്യപ്പെട്ടിരിക്കുന്നു. ഒരു തുടര്‍നാടകം പോലെ. പക്ഷെ ജനം ഇപ്പോഴത് വിശ്വാസത്തിലെടുക്കുന്നില്ല എന്നതാണ് സത്യം. ഒരു കലാപരിപാടി ആസ്വദിക്കുന്നത് പോലെ നരേന്ദ്രമോദിയുടെ പ്രസംഗം ആസ്വദിക്കാം. വിശ്വസിക്കാന്‍ പ്രയാസമാണ്താനും.
രാംലീല മൈതാനിയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ പൊതുമുതല്‍ നശിപ്പിക്കരുതെന്നും മോദിയോടാണ് നിങ്ങള്‍ക്ക് വിരോധമെങ്കില്‍ എന്നെ കത്തിച്ചുകൊള്ളൂവെന്നുമാണ് പതിവുപോലെ പറഞ്ഞത്. സമരം ചെയ്യുന്നവരെ വസ്ത്രം നോക്കി മനസിലാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തൊപ്പിയും കുര്‍ത്തയും ധരിച്ചു പൊതുമുതല്‍ നശിപ്പിക്കാനും ട്രെയിന്‍ കത്തിക്കാനും തുടങ്ങിയത്. അപ്പോള്‍ അവരോടല്ലേ പ്രധാനമന്ത്രിയുടെ ആഹ്വാനം ഉണ്ടാവേണ്ടത്?
ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം തണുപ്പിക്കാനോ അവസാനിപ്പിക്കാനോ പ്രധാനമന്ത്രിയുടെ പ്രസംഗകലകൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. കശ്മിരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞപ്പോള്‍ നിശബ്ദത പാലിച്ച ജനത, മുത്വലാഖ് നിയമം നടപ്പിലാക്കിയപ്പോഴും അനങ്ങാതിരുന്ന ജനത, ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് അമ്പലം പണിയുവാന്‍ സുപ്രിംകോടതി അനുമതി നല്‍കിയപ്പോഴും ആത്മസംയമനം പാലിച്ച ജനത പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയാലും പ്രതികരിക്കാതിരിക്കുമെന്ന് ബി.ജെ.പി സര്‍ക്കാര്‍ കരുതി. ജനം മിണ്ടാതിരുന്നുകൊള്ളുമെന്ന നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും അമിത ആത്മവിശ്വാസമാണ് കടപുഴകിയത്. രാജ്യമൊട്ടാകെ പ്രതിഷേധാഗ്നിതീര്‍ത്ത് ജനം തെരുവിലാണ്. അതിനെ തണുപ്പിക്കാനാണ് തന്റെ സ്ഥിരം ശരീരഭാഷ പുറത്തെടുത്ത് രാംലീല മൈതാനിയില്‍ കഴിഞ്ഞ ദിവസം ഒരിക്കല്‍കൂടി തന്റെ മാന്ത്രിക പ്രഭാഷണം നരേന്ദ്രമോദി പുറത്തെടുത്തത്. പക്ഷെ ജനം ഈപ്രാവശ്യം അത് വിശ്വസിച്ചില്ല. അത്‌കൊണ്ടാണ് രാംലീല മൈതാനിയിലെ പ്രകടനം കഴിഞ്ഞിട്ടും രാജ്യത്തെ സമരം ശമനമില്ലാതെ തുടരുന്നത്.
രാജ്യമൊട്ടാകെ പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും പൗരത്വം നഷ്ടപ്പെടുന്നവര്‍ക്ക് തടങ്കല്‍ പാളയങ്ങളില്ലെന്നുമാണ് രാംലീല മൈതാനിയില്‍ നരേന്ദ്രമോദി പറഞ്ഞിരിക്കുന്നത്. അപ്പോള്‍ അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞതോ? 2024ഓടെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പൗരത്വം തെളിയിക്കാന്‍ കഴിയാത്തവരെ പുറത്താക്കുമെന്നും ചിതലുകളെ തട്ടിക്കളയുമെന്നും പറഞ്ഞത് മുസ്‌ലിംകളെ ഉദ്ദേശിച്ചായിരുന്നില്ലേ? എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ വിട്ടുപോരാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് നരേന്ദ്രമോദി രാംലീല മൈതാനിയില്‍ പ്രസംഗിക്കാന്‍ തീരുമാനിച്ചത്. പാര്‍ലമെന്റില്‍ നല്‍കിയ മറുപടികള്‍ക്ക് പുറമെ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കര്‍ണാടകയില്‍ തടങ്കല്‍പാളയം നിര്‍മിക്കുന്നത് സംബന്ധിച്ച വിവരങ്ങളാണ് നല്‍കിയത്.
കര്‍ണാടകയില്‍ ഇതിനകം 25 തടങ്കല്‍പാളയങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ഹൈക്കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അസമിലെ 6 തടങ്കല്‍പാളയങ്ങളിലായി ഇപ്പോള്‍ 988 വിദേശികളുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇതുപോലെ തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടതായും നിത്യാനന്ദറായ് ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞതാണ്. ഇതെല്ലാം വിഴുങ്ങി രാംലീല മൈതാനിയില്‍ തന്റെ പ്രസംഗവൈഭവംകൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണോ പ്രധാനമന്ത്രി കരുതിയത്.
ഇതിന്റെ മുന്നോടിയായി ആരംഭിച്ച ജനസംഖ്യാ റജിസ്റ്ററിലും അപകടം ഒളിഞ്ഞിരിപ്പുണ്ട്. വിവരം ശേഖരിക്കാന്‍ എത്തുന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നമ്മള്‍ പറയുന്ന വിവരങ്ങള്‍ക്ക് നേരെ ഡി എന്ന് രേഖപ്പെടുത്തിയാല്‍ രേഖയിലെ ആള്‍ (ഡൗട്ട്ഫുള്‍) അഥവാ സംശയത്തിന്റെ നിഴലിലാണ് എന്നാണര്‍ഥം. പിന്നീട് വരുന്ന പൗരത്വപ്പട്ടികയില്‍ അയാള്‍ പുറത്താകും. ഇതുകൊണ്ടാണ് സെന്‍സസിന്റെ പേരില്‍വരുന്ന ജനസംഖ്യ റജിസ്റ്ററിനെയും ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യം ഉയര്‍ന്നതും. ഇതൊക്കെയാണ് യാഥാര്‍ഥ്യമെന്നിരിക്കെ രാംലീല മൈതാനിയിലെ പ്രധാനമന്ത്രിയുടെ കണ്‍കെട്ട് പ്രസംഗംകൊണ്ട് രാജ്യത്ത് കത്തിപ്പടരുന്ന സമരജ്വാല അണയാന്‍ പോകുന്നില്ല. പൗരത്വ നിയമ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുന്നത് വരെ ഈ സമരം ആളിപ്പടരുകതന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."