വാടക വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയില്‍
തൃപ്പൂണിത്തുറ: വാടകവീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പൊലിസ് അറസ്റ്റ് ചെയ്തു. കോട്ടയം കുടമാളൂര്‍ സ്വദേശി അജിത് കുമാര്‍ (25)നെയാണ് സബ് ഇന്‍സ്പെക്ടര്‍ പി ശിവകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് എം.കെ.കെ നായര്‍ നഗറില്‍ മഹാത്മ ജങ്ഷനു സമീപത്തുള്ള വാടകവീട്ടില്‍ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. വീടിന്റെ പുറത്ത് വടക്കുഭാഗത്ത് വീടിന്റെ ഒരു മൂലയില്‍ ഒരു മണ്ചെടിച്ചട്ടിയില് ആണ് ചെറുതും വലുതുമായ രണ്ട് കഞ്ചാവ് ചെടി നട്ടിരുന്നത്.
ഒരു കഞ്ചാവ് ചെടി 64 സെ.മീ ഉയരത്തില്‍ വളര്‍ന്നു നിന്നിരുന്നു. ചെറുതിനാകട്ടെ ഏകദേശം 20 സെ.മീറ്ററിനടുത്ത് പൊക്കമുണ്ട്. തൃപ്പൂണിത്തുറ ജെയ് മോട്ടോഴ്സിലെ മെക്കാനിക് ആണ് പിടിയിലായ അനില്‍ കുമാര്‍. ഇയാള്‍ കഞ്ചാവ് വലിക്കുന്ന ആളാണെന്ന് പൊലിസ് പറഞ്ഞു.
ഒരു വര്‍ഷമായി മോട്ടോഴ്സില്‍ ജോലി ചെയ്യുന്നു. കമ്പനി ജോലിക്കാര്‍ക്ക് താമസിക്കുന്നതിനുവേണ്ടി വാടകയ്ക്കു എടുത്തിരിക്കുന്ന ഈ വീട്ടില്‍ ആറു മാസമായി ഇയാള്‍ താമസിക്കുന്നു. കൂടെ മറ്റൊരു മെക്കാനിക്കും താമസിക്കുന്നുണ്ടെങ്കിലും അജിത് കുമാര്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തുന്നത് ഇയാള്‍ അറിഞ്ഞിരുന്നില്ല എന്ന് പൊലിസ് പറഞ്ഞു.
വലിക്കാന്‍ വേണ്ടി കൊണ്ടുവന്ന കഞ്ചാവിന്റെ വിത്തെടുത്ത് മുളപ്പിച്ചെടുത്തതാണ് ഈ കഞ്ചാവ് ചെടിയെന്നും മൂന്ന് മാസംകൊണ്ടാണ് ഇത്രയും ചെടി വളര്‍ന്നതെന്നും പ്രതി പറയുന്നുണ്ടെങ്കിലും പൊലിസ് ഇത് കണക്കിലെടുക്കുന്നില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ സ്ഥലത്തെത്തിയ പൊലിസും നാര്‍ക്കോട്ടിക് സെല്ലും വീടിനു ചുറ്റും നടന്ന് പരിശോധിച്ച ശേഷമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. തുടര്‍ന്ന് പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."